സോളാറിന് ഇനി ബാറ്ററി ബാക്കപ്പിന്റെ ഉണർവ്; പുതിയ ഊർജ സംഭരണ സംവിധാനത്തെ സ്വാഗതം ചെയ്ത് പ്രൊസ്യുമേഴ്സും വ്യവസായ ലോകവും

ബാറ്ററി സ്റ്റോറേജ് സംവിധാനത്തിലൂടെ പകൽ സമയത്ത് അധികമായി വരുന്ന വൈദ്യുതി സ്റ്റോർ ചെയ്യാനും രാത്രിയിൽ അതേ പ്രദേശത്ത് തന്നെ വിതരണം ചെയ്യാനും കെഎസ്ഇബിക്ക് സാധിക്കും. ഇത് പുറത്തുനിന്ന് ഭീമമായ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാൻ സഹായിക്കും
roof top solar
Image courtesy: Canva
Published on

മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റിൽ കേരളത്തെ ഒരു ഗ്രീൻ ഹൈഡ്രജൻ ഹബ്ബായി മാറ്റാനുള്ള പ്രഖ്യാപനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 'പുതുയുഗ കേരളം' എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ, ആഗോള ഊർജ പ്രതിസന്ധിയും പാരിസ്ഥിതിക പ്രശ്നങ്ങളും പരിഹരിക്കാൻ പുനരുപയോഗ ഊർജ സ്രോതസുകളെ പരമാവധി പ്രയോജനപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഫോസിൽ ഇന്ധനങ്ങൾ ഉയർത്തുന്ന മലിനീകരണ ഭീഷണി മറികടക്കാൻ പുനരുപയോഗ ഊർജ സ്രോതസുകളുടെ വലിയ തോതിലുള്ള ഉപയോഗം ആവശ്യമാണെന്ന് ബജറ്റ് വ്യക്തമാക്കുന്നു. പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ, മറ്റ് ഇതര ഊർജ സ്രോതസ്സുകൾ എന്നിവയ്ക്കായി 100 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

സംവിധാനത്തിന്റെ ഘടന

ബാറ്ററി സ്റ്റോറേജ് സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നത് ബജറ്റിലെ ശ്രദ്ധേയമായ നിര്‍ദേശമാണ്. പകൽ സമയത്ത് സോളാർ പ്ലാന്റുകളിൽ നിന്ന് ലഭിക്കുന്ന അധിക വൈദ്യുതി രാത്രിയിൽ ഉപയോഗിക്കാനായി ശേഖരിക്കാൻ കഴിയാത്ത കെ.എസ്.ഇ.ബിയുടെ പ്രതിസന്ധിക്ക് പരിഹാരമായാണ് 'ബെസ്' (BESS) സംവിധാനം വ്യാപകമാക്കുന്നത്. രണ്ട് രീതിയിലാണ് ഈ സ്റ്റോറേജ് സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത്. ഒന്ന്, മൈലാട്ടിയിലെയോ ബ്രഹ്മപുരത്തെയോ പ്ലാന്റുകൾ മാതൃകയാക്കിയുള്ള വൻകിട ബാറ്ററി സ്റ്റോറേജ് യൂണിറ്റുകൾ (D-BESS).

രണ്ടാമത്തേത് വികേന്ദ്രീകൃതമായ (Distributed) ബാറ്ററി എനർജി സ്റ്റോറേജുകളാണ്. ഇത് എല്ലാ പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി അടിസ്ഥാനത്തിൽ സ്ഥാപിക്കും. ട്രാൻസ്ഫോർമർ സ്റ്റേഷൻ അടിസ്ഥാനമാക്കിയായിരിക്കും (C-BESS) ഇത്തരം സ്റ്റോറേജുകൾ പ്രവർത്തിക്കുക. ഇതിലൂടെ പകൽ സമയത്ത് അധികമായി വരുന്ന വൈദ്യുതി സ്റ്റോർ ചെയ്യാനും രാത്രിയിൽ അത് അതേ പ്രദേശത്ത് തന്നെ വിതരണം ചെയ്യാനും കെഎസ്ഇബിക്ക് സാധിക്കും. ഇത് പുറത്തുനിന്ന് ഭീമമായ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാൻ സഹായിക്കും.

പിപിപി മോഡലില്‍ പ്രൈവറ്റ് ഏജന്‍സിയോ രജിസ്റ്റേര്‍ഡ് സംഘടനകളോ വഴി സി ബെസ് സംവിധാനത്തിന്റെ ചെലവ് കണ്ടെത്താമെന്ന് കേരള ഡൊമസ്റ്റിക് സോളാര്‍ പ്രൊസ്യുമേഴ്സ് കമ്മ്യൂണിറ്റി (KDSPC) ചൂണ്ടിക്കാട്ടുന്നു. പുതുക്കിയ ബജറ്റില്‍ ബാറ്ററി സംവിധാനം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം സ്വാഗതാര്‍ഹമാണെന്ന് പ്രൊസ്യുമേഴ്സ് കമ്മ്യൂണിറ്റി കോര്‍ഡിനേറ്ററും റിട്ടയര്‍ഡ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുമായ ജെയിംസ്കുട്ടി തോമസ് പറഞ്ഞു. ഇത് എങ്ങനെ നടപ്പാക്കണം, ചെലവ് എങ്ങനെ കണ്ടെത്താം തുടങ്ങിയ കാര്യങ്ങള്‍ ഭാവിയില്‍ ആലോചിച്ച് തീരുമാനിക്കാവുന്നതാണ്. സോളാര്‍ പ്രൊസ്യുമേഴ്സിന് ഇതുമൂലം പ്രയോജനം ഉണ്ടാകും, കൂടുതല്‍ പ്ലാന്റുകള്‍ വരുന്നതിന് ഇത് സഹായകരമാണെന്നും ജെയിംസ്കുട്ടി തോമസ് പറഞ്ഞു.

വെല്ലുവിളികളും സാങ്കേതിക തടസങ്ങളും

ഈ പദ്ധതി നടപ്പിലാക്കുന്നതിൽ പ്രധാനമായും സാമ്പത്തിക, സാങ്കേതിക വെല്ലുവിളികളുണ്ട്. പുനരുപയോഗ ഊർജ മേഖലയ്ക്കായി 100 കോടി രൂപ ബജറ്റിൽ മാറ്റിവെച്ചിട്ടുണ്ടെങ്കിലും ഇത്തരം സൗകര്യങ്ങൾ പൂർണമായി ഒരുക്കാൻ ഈ തുക പര്യാപ്തമല്ലെന്ന് വിദഗ്ദ്ധർ നിരീക്ഷിക്കുന്നു. മറ്റൊരു സാങ്കേതിക വെല്ലുവിളി ട്രാൻസ്ഫോർമറുകളുടെ കപ്പാസിറ്റിയാണ്. സോളാർ പ്ലാന്റുകളുടെ എണ്ണം കൂടുമ്പോൾ നിലവിലുള്ള ട്രാൻസ്ഫോർമറുകളുടെ ശേഷി (90% കപ്പാസിറ്റി) തികയാതെ വന്നേക്കാം. ബാറ്ററി സ്റ്റോറേജ് വരുന്നതുകൊണ്ട് മാത്രം ഈ പ്രശ്നം പരിഹരിക്കപ്പെടില്ല. വൈദ്യുതി വിതരണം സുഗമമാക്കാൻ ട്രാൻസ്ഫോർമറുകൾ മാറ്റുകയോ എണ്ണം വർദ്ധിപ്പിക്കുകയോ ചെയ്യേണ്ടി വരും, ഇതിനായി വലിയ നിക്ഷേപം ആവശ്യമാണ്.

ഗ്രീന്‍ എനര്‍ജിക്ക് അനുകൂലമായ നിലപാട് വി.ഡി സതീശന്‍ അവതരിപ്പിച്ച ബജറ്റ് മുന്നോട്ടുവെക്കുന്നത് സോളാര്‍ വ്യവസായ മേഖലക്ക് പുതിയ ഉണര്‍വ് നല്‍കുമെന്ന് പവര്‍സൈന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മോഹനചന്ദ്രന്‍ കെ. പറഞ്ഞു. ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങള്‍ക്കുളള ഫണ്ട് എങ്ങനെ, എവിടെ നിന്ന് കണ്ടെത്തുമെന്നത് വെല്ലുവിളിയാണ്. നാലോ അഞ്ചോ കൊല്ലം കൊണ്ട് ഈ മേഖലയില്‍ മാറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുനരുപയോഗ ഊര്‍ജവുമായി ബന്ധപ്പെട്ട ഈ സര്‍ക്കാരിന്റെ സമീപനം വളരെ നല്ലതാണെന്നും മോഹനചന്ദ്രന്‍ പറഞ്ഞു.

മറ്റ് ഹരിത ഊർജ പദ്ധതികൾ: ബാറ്ററി സ്റ്റോറേജിനൊപ്പം ജലാശയങ്ങളിൽ ഫ്ലോട്ടിംഗ് സോളാർ പ്ലാന്റുകൾ സജ്ജമാക്കാനും ജലവൈദ്യുത പദ്ധതികളോട് അനുബന്ധിച്ച് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ നടപ്പിലാക്കാനും തീരുമാനമുണ്ട്. വൈദ്യുതി ഉൽപാദനത്തിന് ശേഷം ഒഴുക്കിവിടുന്ന വെള്ളം പമ്പ് ചെയ്ത് സൂക്ഷിച്ചുവെച്ച് വീണ്ടും വൈദ്യുതി നിർമ്മിക്കുന്ന ഈ രീതി കേരളത്തിന്റെ ഊർജ സ്വയംപര്യാപ്തതയ്ക്ക് നിർണായകമായ ഒരു ബദലായി മാറും.

Kerala’s budget proposal to expand battery energy storage systems is expected to strengthen solar power adoption, boost renewable energy infrastructure, and support long-term energy sustainability.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com