കേരളത്തിലെ ആരോഗ്യപരിപാലന രംഗത്ത് അടിസ്ഥാന സൗകര്യങ്ങളില്‍ തുടര്‍ച്ചയായ നിക്ഷേപം അനിവാര്യമെന്ന് കുനാൽ ഹാൻസ്

രാജ്യത്തെ ഹെല്‍ത്ത്‌കെയര്‍ രംഗം 16-17 ശതമാനം വാര്‍ഷിക വളര്‍ച്ച നേടുന്നു
kunal Hans, VP. Meithra Hospital
ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റ് 2025ല്‍ മെയ്ത്ര ഹോസ്പിറ്റല്‍ വൈസ് പ്രസിഡന്റ് (ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ്) കുനാല്‍ ഹാന്‍സ് സംസാരിക്കുന്നു
Published on

ആരോഗ്യ പരിപാലന രംഗത്തെ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഏറ്റവും അനുയോജമായ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് മെയ്ത്ര ഹോസ്പിറ്റല്‍ വൈസ് പ്രസിഡന്റ് (ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ്) കുനാല്‍ ഹാന്‍സ്. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റ് 2025ല്‍ പ്രത്യേക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മികച്ച പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യവും ഉയര്‍ന്ന സാക്ഷരതയുമാണ് ഇതിന് പ്രധാനം. എന്നാല്‍ ഭാവി കണക്കിലെടുക്കുമ്പോള്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ആരോഗ്യപരിപാലന അടിസ്ഥാനസൗകര്യങ്ങള്‍ക്ക് തുടര്‍ച്ചയായ നിക്ഷേപം നടത്തേണ്ടതുണ്ട്. ടെലിമെഡിസിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), വ്യക്തിഗത ചികിത്സ (Personalized Medicine) പോലെയുള്ള സാങ്കേതികവിദ്യകള്‍ സ്വീകരിച്ച് രോഗികളുടെ പരിചരണ നിലവാരം ഉയര്‍ത്തുകയും വേണമെന്നും അദ്ദേഹത്തെ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ആരോഗ്യപരിപാലന മേഖല വലിയ രൂപാന്തരത്തിനൊരുങ്ങുകയാണ്. 16 ശതമാനം മുതല്‍ 17 ശതമാനം വരെ വാര്‍ഷിക വളര്‍ച്ചാ നിരക്കോടെ, ഈ മേഖല 2026 ഓടെ 6000 കോടി ഡോളററിന് മുകളിലെത്തുമെന്നാണ് കണക്കാക്കുന്നത്. വയോജനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന, ആരോഗ്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം, സാങ്കേതിക പുരോഗതി എന്നിവയാണ് ഈ വളര്‍ച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ലോകോത്തര നിലവാരത്തില്‍ മെയ്ത്ര

ഒരു ആഗോള നിലവാരമുള്ള ആരോഗ്യ പരിപാലന കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തില്‍ ആഗോള വിദഗ്ധരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ തേടിയാണ് മൈത്ര ഹോസ്പിറ്റല്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. യു.എസിലെ ക്ലീവ്‌ലാന്‍ഡ് ക്ലിനിക്കിന്റെ സഹകരണത്തോടെയാണ് മെയ്ത്ര ഹോസ്പിറ്റല്‍ വികസിപ്പിച്ചത്. , ലോകോത്തര നിലവാരത്തോട് കിടപിടിക്കുന്ന ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാന്‍ ഇത് സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസ് വീക്ക്‌ നടത്തിയ ലോകത്തിലെ മികച്ച ആശുപത്രികളുടെ റാങ്കിംഗില്‍ മലബാറിലെ ഒന്നാമതും കേരളത്തിലെ മൂന്നാമതും ഇന്ത്യയിലെ 67-ാമതും ആശുപത്രിയായി മൈത്ര ഹോസ്പിറ്റല്‍ ഉയര്‍ന്നുവന്നത് ലോകോത്തര ചികിത്സാ സേവന നിലവാരത്തിനുള്ള അംഗീകാരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് ആശുപത്രികള്‍, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ടെക്നോളജി കമ്പനികള്‍ എന്നിവയുമായി സഹകരിച്ച് മികച്ച ചികിത്സാ സംവിധാനങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമം. ആധുനിക രോഗനിര്‍ണയ ഉപകരണങ്ങള്‍, ടെലി മെഡിസിന്‍ പ്ലാറ്റ്‌ഫോമുകള്‍ മുതലായവ ഉപയോഗിച്ച് ദൂര പരിമിതിയില്ലാതെ സമൂഹത്തിലെ എല്ലാവരിലേക്കും മികച്ച ആരോഗ്യ പരിപാലനം എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com