

കേരളത്തിന്റെ വ്യവസായ-സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതിക്ക് പുതിയ ഊര്‍ജം പകരുന്ന നയങ്ങളാണ് സര്‍ക്കാരിന്റേതെന്ന് വ്യവസായമന്ത്രി പി. രാജീവ്. ടൈകോണ്‍ കേരള 2025ന്റെ സംരംഭക പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച 'വര്‍ക്ക്ഫ്രം കേരള' ആശയം രാജ്യത്തെ പ്രൊഫഷണലുകളും സ്റ്റാര്‍ട്ടപ്പുകളും ഇന്ന് ഏറ്റെടുത്തു കഴിഞ്ഞു. സുഖകരമായ ജീവിതത്തിനൊപ്പം ആഗോള അവസരങ്ങള്‍ തേടുന്ന പുതുതലമുറയ്ക്ക് കേരളം ഇപ്പോള്‍ ഏറ്റവും അനുകൂലമായ ഹബ്ബായി കഴിഞ്ഞുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഭരണനിലവാരവും സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിച്ച റൈറ്റ് ടു സര്‍വീസ് ആക്ടും സംരംഭകര്‍ക്ക് നടപടിക്രമങ്ങള്‍ ലളിതമാക്കിയ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പരിഷ്‌കരണങ്ങളും സംസ്ഥാനത്തെ നിക്ഷേപസൗഹൃദമാക്കിയതായും മന്ത്രി പറഞ്ഞു.
കഴിവുള്ള പ്രൊഫഷണലുകള്‍ സംസ്ഥാനത്ത് മടങ്ങിയെത്തുന്ന പ്രവണത (റിവേഴ്സ് മൈഗ്രേഷന്‍ ) കേരളത്തിന്റെ വളരുന്ന വ്യവസായ-ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയിലുള്ള ആത്മവിശ്വാസത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കരിയറുകളും സംരംഭങ്ങളും പുതുമയുള്ള പദ്ധതികളും സ്വന്തമായി നിര്‍മ്മിക്കാന്‍ യുവതലമുറ ഇന്ന് കേരളത്തെയാണ് തിരഞ്ഞെടുക്കുന്നത്. സൗഹൃദപരമായ നിയമപരിഷ്‌കരണങ്ങളുടെയും നയങ്ങളുടെയും തുടര്‍ച്ച ഉറപ്പാക്കുന്നതും സര്‍ക്കാരിന്റെ ഏറ്റവും വലിയ ശക്തിയായി കാണേണ്ടതാണ്. ഇതുവഴി നിക്ഷേപകർക്കും മടങ്ങിയെത്തുന്ന പ്രവാസികൾക്കും വലിയ വ്യവസായ കൂട്ടായ്മകളും ദീര്‍ഘകാല പദ്ധതികളും ആത്മവിശ്വാസത്തോടെ തയാറാക്കാന്‍ സാധിക്കുന്നു, രാജീവ് പറഞ്ഞു.
കൂടുതല്‍ പരിഷ്‌കരണങ്ങള്‍ ആഴത്തില്‍ നടപ്പാക്കുക വഴി വിശ്വാസം ശക്തിപ്പെടുത്തുകയും ദീര്‍ഘകാല നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
കെഎസ്ഐഡിസി ചെയര്‍മാനും ടൈ കേരളയുടെ സ്ഥാപക പ്രസിഡന്റും ഫെഡറല്‍ ബാങ്കിന്റെ മുന്‍ ചെയര്‍മാനുമായ സി. ബാലഗോപാലിന് ടൈകോണ്‍ കേരള 2025ന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിച്ചു. സര്‍കാഷ് ഫില്‍ട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റ റാസിന്‍ റഹ്‌മാന്‍ സി പിയ്ക്കാണ് സ്‌കെയില്‍-അപ്പ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്. സ്റ്റാര്‍ട്ടപ്പ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ ആയി ഫ്യൂസലേജ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ദേവൻ ചന്ദ്രശേഖരനെ തിരഞ്ഞെടുത്തു.
മോളിക്യൂള്‍സ് ബയോലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡോ. ശ്രീരാജ് ഗോപി ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും കെഎസ്യുഎം സിഇഒ അനൂപ് അംബിക ഇക്കോസിസ്റ്റം എനേബ്ലര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും കരസ്ഥമാക്കി. എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് മഞ്ജില ഗ്രൂപ്പിന്റെ വിനോദ് മഞ്ഞിലയ്ക്കാണ്. നെക്സ്റ്റ് ജെന്‍ എന്റര്‍പ്രണര്‍ അവാര്‍ഡ് ഡോ. അഞ്ജു മിറിയം അലക്‌സിന് (ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍) സമ്മാനിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine