

മുൻപ് സമ്പന്നരുടെ ആഡംബരമായിരുന്ന പുരപ്പുറ സോളാർ ഇന്ന് കേരളത്തിലെ സാധാരണക്കാരുടെ അത്യാവശ്യമായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ 1.4 കോടി വൈദ്യുതി ഉപഭോക്താക്കളിൽ ഏകദേശം 3.5 മുതൽ 4 ലക്ഷം വരെ പേർ നിലവിൽ സോളാർ പദ്ധതികൾ ഉപയോഗിക്കുന്നു. പ്രതിമാസം ശരാശരി 10,000 പുതിയ ഇൻസ്റ്റലേഷനുകൾ എന്ന നിലയിൽ ഈ മേഖല അതിവേഗം വളരുകയാണ്. ഇതിൽ എറണാകുളം ജില്ലയാണ് മുന്നിട്ടുനിൽക്കുന്നത്.
വലിയ വളർച്ചാ സാധ്യതയുണ്ടെങ്കിലും നിരവധി പ്രതിസന്ധികൾ ഈ മേഖല നേരിടുന്നുണ്ട്. കെഎസ്ഇബിയുടെ (KSEB) പല ഉദ്യോഗസ്ഥരും സോളാർ പദ്ധതികളോട് മുഖം തിരിച്ചുനിൽക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ട്രാൻസ്‌ഫോർമറുകളുടെ ശേഷിക്കുറവാണ് മറ്റൊരു വലിയ തടസം, അധിക കപ്പാസിറ്റി അനുവദിക്കാനോ പുതിയ ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കാനോ കെഎസ്ഇബി പലപ്പോഴും തയാറാകുന്നില്ല എന്ന പരാതികളും ഉയരുന്നു.
കൂടാതെ, കേരള സ്റ്റേറ്റ് റെഗുലേറ്ററി കമ്മീഷൻ (KSERC) കൊണ്ടുവരുന്ന അശാസ്ത്രീയമായ നിയമങ്ങൾ സോളാർ മേഖലയെ തളർത്തുന്നവയാണെന്ന് ആക്ഷേപമുണ്ട്. 2025 ലെ പുതുക്കിയ പുനരുപയോഗ ഊർജ ചട്ടങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകൾ നിലനിൽക്കുന്നതും പദ്ധതികളുടെ വേഗതയെ ബാധിക്കുന്നു.
ജനങ്ങളെ പുരപ്പുറ സോളാറില്‍ നിന്ന് അകറ്റുന്ന നിയമങ്ങളാണ് റെഗുലേറ്ററി കമ്മീഷൻ കൊണ്ടുവരുന്നത്. നിലവില്‍ ഇത് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. വീണ്ടും കേസ് പരിഗണിക്കുന്നത് ഈ മാസം 22 നാണ്. ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ സംസ്ഥാനത്തിന്റെ ആവശ്യകത പൂര്‍ണമായി നിറവേറ്റപ്പെടുന്നില്ല. പുറത്ത് നിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യവും ഉണ്ടാകുന്നു. ഈ പ്രതിസന്ധിക്ക് വലിയൊരു ആശ്വാസമാണ് പുരപ്പുറ സോളാര്‍ പദ്ധതികള്‍.
നൗഫൽ റോസൈസ്, മിനിസ്ട്രി-അപ്രൂവ്ഡ് സോളാര്‍ ട്രേഡേഴ്സ് അസോസിയേഷന്‍ (MASTERS) സംസ്ഥാന പ്രസിഡന്റ്
വേനൽക്കാലത്തെ അമിതമായ വൈദ്യുതി ഉപയോഗം, എസികളുടെ വർദ്ധന, ഇവി (EV) വാഹനങ്ങളുടെ പ്രചാരം എന്നിവ സോളാറിലേക്കുള്ള മാറ്റത്തിന് വേഗത കൂട്ടി. സോളാർ സ്ഥാപിച്ച വീടുകളിൽ പാചകത്തിനായി ഇൻഡക്ഷൻ കുക്കറുകൾ ഉപയോഗിക്കുന്നത് വഴി ഗ്യാസ് ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കുന്നു. കേന്ദ്ര ഗവൺമെന്റ് നൽകുന്ന 78,000 രൂപ സബ്‌സിഡിയും, ബാങ്കുകൾ നൽകുന്ന 5.75 ശതമാനം കുറഞ്ഞ പലിശ നിരക്കിലുള്ള ലോണുകളുമാണ് ഇതിന്റെ പ്രധാന ആകർഷണം.
കൂടാതെ ഓഫ്-ഗ്രിഡ്, ഹൈബ്രിഡ് സോളാര്‍ സിസ്റ്റങ്ങള്‍ അപ്രഖ്യാപിത പവർ കട്ടുകളിൽ നിന്ന് മോചനം നേടാനും കുട്ടികളുടെ പഠനം, വർക്ക് ഫ്രം ഹോം എന്നിവ തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കുന്നതായി പവര്‍സൈന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മോഹനചന്ദ്രന്‍ കെ. ചൂണ്ടിക്കാട്ടുന്നു. ഓണ്‍-ഗ്രിഡ് സിസ്റ്റങ്ങള്‍ക്ക് നല്‍കുന്ന സബ്സിഡി പോലുളള പ്രോത്സാഹജനകമായ നടപടികള്‍ ഓഫ്-ഗ്രിഡ് സിസ്റ്റങ്ങള്‍ക്കും നല്‍കുകയാണെങ്കില്‍ അത് ആകര്‍ഷകമായി മാറും. വൈകുന്നേരം 6 മുതൽ ഉള്ള പീക് അവർ ലോഡ് അതിജീവിക്കാൻ ഓഫ്-ഗ്രിഡ് സോളാർ പവർ സിസ്റ്റങ്ങള്‍ കൊണ്ട് സാധിക്കും.
പുതിയ സർക്കാരിൽ നിന്ന് സോളാർ മേഖലയെ പരിപോഷിപ്പിക്കുന്ന നടപടികളാണ് ഉപയോക്താക്കളും വ്യവസായ മേഖലയിലുളളവരും പ്രതീക്ഷിക്കുന്നത്:
നയപരമായ മാറ്റങ്ങൾ: അശാസ്ത്രീയമായ നിയമങ്ങൾ പിൻവലിച്ച് ജനങ്ങൾക്ക് അനുകൂലമായ റിന്യൂബിൾ എനർജി പോളിസി കൊണ്ടുവരിക.
സ്റ്റോറേജ് സംവിധാനങ്ങൾ: പവർ കട്ട് ഉള്ള സമയത്തും ഉപയോഗിക്കാവുന്ന ഓഫ്-ഗ്രിഡ് സംവിധാനങ്ങൾക്കും ലിഥിയം ബാറ്ററികൾക്കും 10% മുതൽ 20% വരെ സബ്‌സിഡി അനുവദിക്കുക.
മൈക്രോ ഇൻഡസ്ട്രികൾ: ഐടി ഉദ്യോഗാർത്ഥികൾക്കും മൈക്രോ ഇൻഡസ്ട്രികൾക്കും തടസമില്ലാതെ വൈദ്യുതി ഉറപ്പാക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുക.
പരിശീലനം: യുവാക്കൾക്ക് സോളാർ മേഖലയിൽ തൊഴിൽ ലഭിക്കുന്നതിനായി പ്രത്യേക സ്കിൽ ട്രെയിനിംഗ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുക.
ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും അമിതഭാരം ചുമത്താതെയും അവർക്ക് സ്വയം വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള സൗകര്യം ഒരുക്കുകയാണെങ്കിൽ അത് സംസ്ഥാനത്തിന്റെ ഊർജ പ്രതിസന്ധിക്ക് വലിയൊരു ആശ്വാസമാകും.