ബജറ്റിൽ സ്വകാര്യ ബസുകൾക്ക് വൻ നികുതി ഇളവ്; സാധാരണ ടൂറിസ്റ്റ് ബസുകളെ പാടെ അവഗണിച്ചതായും ശക്തമായ വിമര്‍ശനം

സംസ്ഥാനത്തെ ഭൂരിഭാഗം ടൂറിസ്റ്റ് ബസുകളും സ്റ്റേറ്റ് പെർമിറ്റിലാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ ഏകദേശം 17,000-ത്തോളം ടൂറിസ്റ്റ് ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഇവക്ക് ബജറ്റിൽ ആനുകൂല്യങ്ങളില്ല
private bus, tourist bus- kerala
Image courtesy: Canva
Published on

ഗതാഗത മേഖലയെ സഹായിക്കുന്നതിനായി മോട്ടോർ വാഹന നികുതിയിൽ കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റ്. പൊതുഗതാഗതത്തെ സംരക്ഷിക്കുന്നതിനും കൂടുതൽ വാഹനങ്ങൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

സ്റ്റേജ് കാരിയേജ് ബസുകൾ

സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായ സ്റ്റേജ് കാരിയേജ് ബസുകൾക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനമാണ് ബജറ്റിലുള്ളത്. ഇത്തരം ബസുകളുടെ നിലവിലുള്ള ത്രൈമാസ നികുതിയിൽ (Quarterly Tax) 50 ശതമാനം ഇളവ് അനുവദിച്ചു. ഇത് സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് വലിയൊരളവ് പരിഹാരമാകുമെന്ന് കരുതപ്പെടുന്നു.

എഐടിപി (AITP) ബസുകൾ

കേരളത്തിലേക്ക് കൂടുതൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (AITP) ബസുകളെ ആകർഷിക്കുന്നതിനും അന്തർസംസ്ഥാന യാത്ര സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമായി അവയുടെ നികുതിയും (Mother Tax) കുറച്ചിട്ടുണ്ട്. ഇതിലൂടെ ടൂറിസം മേഖലയ്ക്കും വലിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ.

സീറ്റ് ഒന്നിന്: നിലവിലുണ്ടായിരുന്ന 2,000 രൂപ എന്ന ത്രൈമാസ നികുതി 900 രൂപ ആയി കുറച്ചു.

സ്ലീപ്പർ സീറ്റുകൾക്ക്: 3,000 രൂപ എന്നത് 1,500 രൂപ ആയും കുറച്ചിട്ടുണ്ട്.

ട്രെയിലർ വാഹനങ്ങളുടെ നികുതി ഏകീകരണം: കൂടുതൽ ട്രെയിലർ വാഹനങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നതിനായി അവയുടെ നികുതി സ്ലാബുകൾ ഏകീകരിച്ചു. 20 ടണ്ണിന് മുകളിൽ ഭാരമുള്ള ട്രെയിലർ വാഹനങ്ങൾക്ക് ചുമത്തിയിരുന്ന പ്രത്യേക ഉയർന്ന നികുതി സ്ലാബ് ഒഴിവാക്കി. പകരം, 15 ടണ്ണിന് മുകളിൽ ഭാരമുള്ള വാഹനങ്ങളുടെ നികുതി നിരക്കിലേക്ക് ഇതിനെ കുറച്ചു കൊണ്ടുവന്നു.

സാധാരണ ടൂറിസ്റ്റ് ബസുകളെ അവഗണിച്ചു

അതേസമയം സംസ്ഥാന ബജറ്റിൽ ടൂറിസ്റ്റ് ബസുകൾക്ക് നികുതി ഇളവ് നൽകിയെന്ന പ്രഖ്യാപനം വെറും പ്രഹസനമാണെന്നും സാധാരണക്കാരായ ബസ് ഉടമകളെ ഇത് ബാധിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നു. ബജറ്റിൽ എഐടിപി (AITP) ബസുകൾക്ക് നികുതി കുറച്ചത് സാധാരണ ടൂറിസ്റ്റ് ബസ് ഉടമകൾക്ക് ഗുണകരമല്ലെന്ന് കോൺട്രാക്ട് കാരിയേജ് ഓണേഴ്സ് കമ്മ്യൂണിറ്റി സംസ്ഥാന വൈസ് പ്രസിഡന്‍റ് സക്കീർ ചാച്ചു പറഞ്ഞു. സാധാരണ സ്റ്റേറ്റ് പെർമിറ്റ് ടൂറിസ്റ്റ് ബസുകളെ പൂർണമായും അവഗണിച്ചുവെന്നും പരാതി.

സംസ്ഥാനത്തെ ഭൂരിഭാഗം ടൂറിസ്റ്റ് ബസുകളും സ്റ്റേറ്റ് പെർമിറ്റിലാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ ഏകദേശം 17,000-ത്തോളം ടൂറിസ്റ്റ് ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഇവയ്ക്കൊന്നും ബജറ്റിൽ ആനുകൂല്യങ്ങൾ നൽകിയിട്ടില്ല. നികുതിയിളവ് നൽകാത്തത് വലിയ വിവേചനമാണെന്നും അവഗണനയാണെന്നും ഉടമകൾ പറയുന്നു.

ഉയർന്ന നിരക്കില്‍ മാറ്റമില്ല

സംസ്ഥാനത്ത് ആകെ 170 എഐടിപി ബസുകൾ മാത്രമാണുള്ളതെന്നും ഇവ വലിയ കുത്തക മുതലാളിമാരുടെ ഉടമസ്ഥതയിലുള്ളതാണെന്നും ഉടമകൾ വ്യക്തമാക്കുന്നു. ഈ ചെറിയ വിഭാഗത്തിന് നികുതി കുറച്ചുകൊടുത്തിട്ട് ടൂറിസ്റ്റ് ബസുകളെ മൊത്തത്തിൽ സഹായിച്ചു എന്ന രീതിയിലുള്ള പ്രചരണമാണ് നടക്കുന്നതെന്ന് അവർ വിമർശിക്കുന്നു. യഥാർത്ഥത്തിൽ സാധാരണക്കാർ നടത്തുന്ന കോമൺ ടൂറിസ്റ്റ് ബസുകൾക്ക് യാതൊരു നികുതി ഇളവും അനുവദിച്ചിട്ടില്ല.

സാധാരണ ടൂറിസ്റ്റ് ബസുകളുടെ നികുതി നേരത്തെ 36,000 രൂപയിൽ നിന്ന് 44,780 രൂപയായി സർക്കാർ വർദ്ധിപ്പിച്ചിരുന്നു. ഈ ഉയർന്ന നിരക്ക് ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. സ്റ്റേജ് കാര്യേജ് ബസുകൾക്ക് (സ്വകാര്യ ബസുകൾ) 50 ശതമാനം നികുതി ഇളവ് നൽകിയപ്പോൾ തങ്ങളെ പരിഗണിച്ചില്ലെന്ന പരാതി ടൂറിസ്റ്റ് ബസ് ഉടമകൾക്കുണ്ട്. വൻകിടക്കാരെ സഹായിക്കുന്ന തീരുമാനങ്ങൾ എടുത്ത സർക്കാർ, ഈ മേഖലയിലെ സാധാരണക്കാരെ പൂർണമായും അവഗണിച്ചുവെന്ന വികാരമാണ് ടൂറിസ്റ്റ് ബസ് ഉടമകള്‍ പൊതുവെ പങ്കുവെക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com