കടപ്പത്രത്തിലൂടെ 750 കോടി രൂപ സമാഹരിച്ച് കെ.എഫ്.സി

സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനമായ കേരള ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍(കെ.എഫ്.സി) കടപ്പത്ര വിപണിയിലൂടെ 750 കോടി രൂപ സമാഹരിച്ചു. 10 വര്‍ഷം കാലാവധിയോടെയാണ് കടപ്പത്രം പുറത്തിറക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ സംരംഭകത്വ വികസന പദ്ധതികള്‍ക്ക് (CMEDP) വായ്പ നല്‍കുന്നതിനായാണ് ഈ തുക വിനിയോഗിക്കുക.

പ്രതീക്ഷിച്ചതില്‍ കൂടുതല്‍

രണ്ട് ഘട്ടങ്ങളിലായി കുറഞ്ഞത് യഥാക്രമം 250 കോടി രൂപം 273 കോടി രൂപ എന്നിങ്ങനെ സമാഹരിക്കാനാണുദ്ദേശിച്ചിരുന്നത്. ബാക്കി തുക ഗ്രീന്‍ ഷൂ ഓപ്ഷന്‍ ആയിരുന്നു. 8.90 ശതമാനം കൂപ്പണ്‍ നിരക്കില്‍ ബി.എസ്.ഇയുടെ ഇലക്ട്രോണിക് ബുക്ക് പ്ലാറ്റ്‌ഫോമായ ബി.എസ്.ഇ ബോണ്ടിലൂടെ ആദ്യ ഗഡുവായ 476.50 കോടി രൂപ സമാഹരിച്ചപ്പോള്‍ രണ്ടാം ഗഡുവായ 273.50 കോടി രൂപ 8.93 ശതമാനം കൂപ്പണ്‍ നിരക്കില്‍ സമാഹരിച്ചു.

സംസ്ഥാനത്തുള്ള മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളേക്കാളും ബാങ്കുകളേക്കാളും മികച്ച നിരക്കില്‍ ഫണ്ട് സ്വരൂപിക്കാന്‍ കെ.എഫ്.സി.ക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.

ആര്‍.ബി.ഐ/സെബി അംഗീകൃത റേറ്റിംഗ് ഏജന്‍സികള്‍ നല്‍കുന്ന AA ക്രെഡിറ്റ് റേറ്റിംഗ് ഉള്ള സംസ്ഥാനത്തെ ചുരുക്കം ചില പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് കെ.എഫ്.സി. കടപ്പത്രങ്ങള്‍ വഴി ഇത്രയും തുക സമാഹരിക്കാന്‍ കഴിഞ്ഞത് കെ.എഫ്.സി.യുടെ സാമ്പത്തിക ഭദ്രതയെയാണ് സൂചിപ്പിക്കുന്നതെന്ന് സി.എം.ഡി സഞ്ജയ് കൗള്‍ അഭിപ്രായപ്പെട്ടു.
ഇതു വരെ സമാഹരിച്ചത്
കേരള സര്‍ക്കാര്‍ സമീപ കാലത്ത് 200 കോടി രൂപ മൂലധനം നല്‍കി കോര്‍പ്പറേഷന്റെ ആസ്തി ഏകദേശം 900 കോടി രൂപയായി ഉയര്‍ത്തിയിരുന്നു. 2011 മുതല്‍ ബോണ്ട് വിപണിയില്‍ നിന്ന് കെ.എ.ഫ്‌സി ഇതുവരെ 2,626.50 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. 772.30 കോടി രൂപ ഇതുവരെ തിരികെ നല്‍കുകയും ചെയ്തു. 2016 മുതല്‍ കെ.എഫ്.സി. ബാലന്‍സ് ഷീറ്റിനെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ ഗ്യാരണ്ടി ഇല്ലാതെ ഫണ്ട് ശേഖരിക്കുന്നു.

Related Articles

Next Story

Videos

Share it