സര്‍ക്കാരിന് 21 കോടി രൂപ ലാഭവിഹിതവുമായി കെ.എഫ്.സി

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്‌.സി.) സര്‍ക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു(2022-23). കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് ചേര്‍ന്ന 70-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് (എ.ജി.എം) പ്രഖ്യാപനം. ഒരു ഓഹരിക്ക് 5 രൂപ വീതം ലാഭവിഹിതം നല്‍കാനാണ് കെ.എഫ്.സി തീരുമാനിച്ചത്. 99% ഓഹരികളും സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെ.എഫ്.സി.യിലെ മറ്റു ഓഹരി ഉടമകള്‍ സിഡ്ബി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എല്‍.ഐ.സി മുതലായ സ്ഥാപനങ്ങളാണ്.

വായ്പാ തുക 10,000 കോടിയാക്കും

കെ.എഫ്.സി.യുടെ വായ്പാ തുക പതിനായിരം കോടി രൂപയായി ഉയര്‍ത്താനും കെ.എഫ്.സിയെ രാജ്യത്തെ ഏറ്റവും മികച്ച ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നാക്കി മാറ്റാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
2022-23 സാമ്പത്തിക വര്‍ഷത്തില്‍, കെ.എഫ്.സി. പുതിയ വായ്പ പദ്ധതികള്‍ നടപ്പാക്കുകയും നിലവിലുള്ള പദ്ധതികള്‍ കൂടുതല്‍ മികച്ചതാക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിയുടെ (സിഎംഇഡിപി) ഉയര്‍ന്ന വായ്പാ പരിധി രണ്ട് കോടി രൂപയായി വര്‍ധിപ്പിച്ചെന്നും
എം.എസ്. എം.ഇകള്‍ക്ക് 5% വാര്‍ഷിക പലിശയ്ക്ക് വായ്പ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
ക്രെഡിറ്റ് ശാഖകള്‍
നിലവിലുള്ള ശാഖകളെ എം.എസ്.എം.ഇ ക്രെഡിറ്റ് ശാഖകളാക്കി മാറ്റിക്കൊണ്ട് വലിയ വായ്പകള്‍ നല്‍കുന്നതിനായി ഈ സാമ്പത്തിക വര്‍ഷം പ്രത്യേക ക്രെഡിറ്റ് ശാഖകള്‍ ആരംഭിക്കാന്‍ കെ.എഫ്.സി പദ്ധതിയിടുന്നതായി സി.എം.ഡി സഞ്ജയ് കൗള്‍ പറഞ്ഞു. കൂടാതെ വായ്പകള്‍ തിരിച്ചുപിടിക്കുന്നതിനായി പ്രത്യേക അസറ്റ് റിക്കവറി ശാഖകള്‍ ആരംഭിക്കും. ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ക്കും വിമുക്തഭടന്മാര്‍ക്കുമുള്ള വായ്പ പദ്ധതികളും കെ.എഫ്.സി. ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മികച്ച പ്രകടനം

കെ.എഫ്.സിയുടെ 70 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയത്. അറ്റാദായം മുന്‍ വര്‍ഷത്തേക്കാള്‍ നാലിരട്ടി വര്‍ധിച്ച് 50.19 കോടി രൂപയായി. വായ്പാ ആസ്തി 37.44 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 6529.40 കോടി രൂപയിലെത്തി. കെ.എഫ്.സി.യുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 5,000 കോടി രൂപയുടെ വായ്പാ ആസ്തി മറികടക്കുന്നത്. മൊത്ത നിഷ്‌ക്രിയ ആസ്തി 3.11 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 0.74 ശതമാനമായും കുറഞ്ഞതായും കെ.എഫ്.സി പത്രക്കുറിപ്പില്‍ പറഞ്ഞു.

Related Articles
Next Story
Videos
Share it
null