കെഫോണ്‍ ഇനി നാഷണല്‍! ചരിത്രത്തിലെ പുതിയ നാഴികക്കല്ല് പിന്നിട്ടു, രാജ്യത്തെവിടെയും കടന്നെത്താന്‍ ലൈസന്‍സ്‌

ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളാണ് കെഫോണിനുള്ളത്
KFONE
Image/ Canva
Published on

ദേശീയ തലത്തില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കാനുള്ള ഐ.എസ്.പി എ (ഇന്‍ര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ - കാറ്റഗറി എ) ലൈസന്‍സ് കരസ്ഥമാക്കി കെഫോണ്‍. ഇതോടെ രാജ്യത്തെവിടെയും കേരളത്തിന്റെ സ്വന്തം കെഫോണിലൂടെ ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും.

കേരളത്തിലുടനീളം സജ്ജീകരിച്ചിരിക്കുന്ന നെറ്റ്‌വര്‍ക്ക് സംവിധാനത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളില്‍ നെറ്റ്‌വര്‍ക്ക് സംവിധാനമൊരുക്കിയും പ്രധാനപ്പെട്ട ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുമായി സഹകരിച്ചും കെഫോണ്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് സേവനം നല്‍കും. ഐ.എസ്.പി - എ ലൈസന്‍സ് നേട്ടം കെഫോണിന്റെ ജൈത്രയാത്രയിലെ ഒരു നാഴികക്കല്ലാണെന്നും കൂടുതല്‍ മികച്ച രീതിയില്‍ സേവനം നല്‍കാന്‍ ഈ നേട്ടം ഊര്‍ജ്ജം പകരുമെന്നും കെഫോണ്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു.

ഒരു ലക്ഷം കടന്ന് ഉപയോക്താക്കള്‍

ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളാണ് കെഫോണിനുള്ളത്. വാഹന ഗതാഗതം പോലും പ്രയാസമുള്ള ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലുമുള്‍പ്പെടെ കണക്ഷനുകള്‍ നല്‍കിയാണ് ഇത്രയും ഉപയോക്താക്കളിലേക്ക് എത്തിയത്. ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് കെഫോണിന്റെ പ്രയാണം.

മേയില്‍ കെഫോണ്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 62,781 എഫ്.ടി.ടി.എച്ച് കണക്ഷനുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 23,163 കണക്ഷനുകള്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി 23,163 കണക്ഷനുകള്‍, ഒന്നാം ഘട്ടത്തില്‍ 5,251 ഉം രണ്ടാം ഘട്ടത്തില്‍ 6,150 ഉം ഉള്‍പ്പെടെ 11,402 ബി.പി.എല്‍ കണക്ഷനുകള്‍, ഒന്‍പത് ഡാര്‍ക്ക് ഫൈബര്‍ ഉപയോക്താക്കള്‍, പ്രത്യേക പരിപാടികള്‍ക്കായി 14 കണക്ഷനുകള്‍ എന്നിങ്ങനെ ആകെ 1,00,098 ഉപഭോക്താക്കളാണ് നിലവില്‍ കെഫോണ്‍ കണക്ഷനുകള്‍ ഉപയോഗിക്കുന്നത്. കണക്ഷനുകള്‍ നല്‍കാനായി ആകെ 3,800 ലോക്കല്‍ നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാര്‍ കെഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com