₹3,300 കോടിയുടെ ഏറ്റെടുക്കലിന് പിന്നാലെ ഓഹരി വിപണിയിലേക്കും കിംസ് ഹെല്‍ത്ത്

തിരുവനന്തപുരം ആസ്ഥാനമായ പ്രമുഖ ആശുപത്രി ശൃംഖലയായ കിംസ് ഹെല്‍ത്തിന്റെ (KIMS HEALTH) ഭൂരിപക്ഷം ഓഹരികള്‍ അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ ബ്ലാക്ക്‌സ്‌റ്റോണ്‍ ഏറ്റെടുക്കുന്നത് നിക്ഷേപകര്‍ക്ക് 32 മടങ്ങ് വരെ നേട്ടം സമ്മാനിച്ച്.

പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ട്രൂനോര്‍ത്ത് 2017ല്‍ കിംസ് ഹെല്‍ത്തില്‍ ഓഹരി പങ്കാളിത്തം നേടിയിരുന്നു. ട്രൂനോര്‍ത്തിന്റെ കൈവശമുള്ള ഓഹരികളും ചെറുകിട നിക്ഷേപകരുടെ കൈവശമുള്ള ഓഹരികളുമാണ് ബ്ലാക്ക്‌സ്‌റ്റോണ്‍ ഏറ്റെടുക്കുന്നത്.
കിംസ് ഹെല്‍ത്തിന്റെ ഏകദേശം 70 ശതമാനം ഓഹരികളാണ് ബ്ലാക്ക്‌സ്‌റ്റോണ്‍ ഏറ്റെടുക്കുക. ഇത് സംബന്ധിച്ച കരാര്‍ ഒപ്പുവച്ചിരുന്നു. ഡിസംബര്‍ 31ഓടെ ഓഹരി കൈമാറ്റ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. ഏകദേശം 3,300 കോടി രൂപ കിംസ് ഹെല്‍ത്തിന് മൂല്യം (Valuation) വിലയിരുത്തിയാണ് ഓഹരികള്‍ ബ്ലാക്ക്‌സ്‌റ്റോണ്‍ ഏറ്റെടുക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) കിംസ് ഹെല്‍ത്ത് 960 കോടി രൂപയുടെ പ്രവര്‍ത്തന വരുമാനമാണ് നേടിയത് (പ്രൊവിഷണല്‍). 142 കോടി രൂപയായിരുന്നു ലാഭമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐ.സി.ആര്‍.എയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രൊമോട്ടര്‍ ഓഹരി വില്‍ക്കില്ല
കിംസ് ഹെല്‍ത്തിന്റെ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ. സഹദുള്ള അടക്കമുള്ള പ്രൊമോട്ടര്‍മാരുടെ കൈവശമുള്ള 20 ശതമാനം ഓഹരികള്‍ വിറ്റൊഴിയുന്നില്ല. 10 ശതമാനം ചെറുകിട (റീട്ടെയില്‍) ഓഹരി നിക്ഷേപകരും ഓഹരികള്‍ വില്‍ക്കില്ലെന്നാണ് സൂചനകള്‍. ഈ പശ്ചാത്തലത്തിലാണ് കിംസ്‌ഹെല്‍ത്തിന്റെ 70 ശതമാനത്തോളം ഓഹരികള്‍ മാത്രം ബ്ലാക്ക്‌സ്‌റ്റോണിന് ലഭിക്കുന്നത്.
ഡയറക്ടര്‍ ബോര്‍ഡില്‍ മാറ്റം
ബ്ലാക്ക്‌സ്‌റ്റോണിന്റെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ കിംസ് ഹെല്‍ത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കും. ബ്ലാക്ക്‌സ്റ്റോണിന്റെ പ്രതിനിധികളായി 2-3 പേര്‍ ബോര്‍ഡിലേക്കെത്തും. അതേസമയം, ആശുപത്രിയുടെ നടത്തിപ്പിന് നേതൃത്വം വഹിക്കുക തുടര്‍ന്നും ഡോ.എം.ഐ. സഹദുള്ളയുടെ മേല്‍നോട്ടത്തിലായിരിക്കും.
ഓഹരി വിപണിയിലേക്ക്
ബ്ലാക്ക്‌സ്‌റ്റോണിന്റെ നിക്ഷേപമെത്തുന്നത് കിംസ് ഹെല്‍ത്തിന് കൂടുതല്‍ വികസന നടപടികളിലേക്കും വളര്‍ച്ചയിലേക്കും നയിക്കുമെന്നാണ് വിലയിരുത്തലുകള്‍. നേരത്തേ മണിപ്പാല്‍ ഹോസ്പിറ്റല്‍സും കിംസ് ഹെല്‍ത്തിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍, കൂടുതല്‍ മെച്ചപ്പെട്ട ഓഫറുമായി എത്തിയതാണ് ബ്ലാക്ക്‌സ്റ്റോണിന് നറുക്കുവീഴാന്‍ വഴിയൊരുക്കിയത്.
പ്രാരംഭ ഓഹരി വില്‍പന (IPO) നടത്തി ഓഹരി വിപണിയിലേക്ക് പ്രവേശിക്കാനും കിംസ് ഹെല്‍ത്തിന് ആലോചനകളുണ്ടെന്നു അടുത്ത വൃത്തങ്ങൾ ധനംഓൺലൈനോട് പറഞ്ഞു. അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇതിന്റെ നടപടികളിലേക്ക് കിംസ് ഹെല്‍ത്ത് കടന്നേക്കും.
കിംസ് ഹെല്‍ത്ത്
തിരുവനന്തപുരത്താണ് പ്രധാന ആശുപത്രി കാമ്പസ്. കൊല്ലം, കോട്ടയം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും ആശുപത്രികളുണ്ട്. ആകെ കിടക്കകള്‍ 2,000. കിംസിന്റെ ഗള്‍ഫ് മേഖലയിലെ ആശുപത്രി ശൃംഖലകള്‍ ബ്ലാക്ക്‌സ്റ്റോണുമായുള്ള ഇടപാടിന്റെ ഭാഗമല്ല.
ഡോ.എം.ഐ. സഹദുള്ള, എയര്‍ ട്രാവല്‍ എന്റര്‍പ്രൈസസ് സ്ഥാപകന്‍ ഇ.എം. നജീബ്, ഡോ.ജി. വിജയരാഘവന്‍, ഇ. ഇക്ബാല്‍ എന്നിവര്‍ ചേര്‍ന്ന് 2002ലാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്ന കിംസിന് തുടക്കമിട്ടത്.
തമിഴ്‌നാട്ടിലെ നാഗര്‍കോവിലിലും അത്യാധുനിക സൗകര്യങ്ങളോടെ 300 കിടക്കകളുള്ള ആശുപത്രി സജ്ജമാവുകയാണ്. ഇവിടെ 2024 മാര്‍ച്ചില്‍ ഒ.പി സേവനങ്ങള്‍ക്കും ജൂണോടെ ഐ.പി (കിടത്തി ചികിത്സ) സേവനങ്ങള്‍ക്കും തുടക്കമിടുകയാണ് ലക്ഷ്യം.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it