

കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറയൊരുക്കുകയാണ് കിന്‍ഫ്രയെന്ന് (KINFRA) മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി. തിരുവനന്തപുരത്ത് നടന്ന 'ധനം ഗ്രോത്ത് സമ്മിറ്റ് 2026'-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1993-ല്‍ പ്രവര്‍ത്തനം ആരംഭിച്ച കിന്‍ഫ്ര, വ്യവസായ മേഖലയ്ക്ക് ആവശ്യമായ ഭൂമി, റോഡ്, വൈദ്യുതി, പ്ലഗ് ആന്‍ഡ് പ്ലേ സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കി വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
ദേശീയതലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച 11 വ്യാവസായിക ഇടനാഴികളില്‍ ഒന്നായ കൊച്ചി-ബാംഗ്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോറിനായി (Kochi-Bengaluru Industrial Corridor) പാലക്കാട് 1,500 ഏക്കര്‍ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ ഈ പദ്ധതിക്ക് ഭൂമിയേറ്റെടുക്കലിനും ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനുമായി 1,789 കോടി രൂപയാണ് ചെലവഴിക്കുന്നത്.
2026 ഡിസംബറോടെയോ 2027 ജനുവരിയോടെയോ ഭൂമി ലീസിന് നല്‍കിത്തുടങ്ങും. ലോകോത്തര സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന ഈ വ്യവസായ പാര്‍ക്ക് വഴി ഒരു ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങളും 9,000 കോടി രൂപയുടെ നിക്ഷേപവും സംസ്ഥാനത്തേക്ക് എത്തും. 2029 പകുതിയോടെ പദ്ധതി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും.
കേരളത്തിലുടനീളം 33 പാര്‍ക്കുകളിലായി 1,600-ഓളം വ്യവസായ യൂണിറ്റുകളാണ് നിലവില്‍ കിന്‍ഫ്രയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ 70,000-ത്തിലധികം തൊഴിലവസരങ്ങളും 9,500 കോടി രൂപയുടെ നിക്ഷേപവും സാധ്യമായി.
നിലവിലുള്ള സൗകര്യങ്ങള്‍ക്ക് പുറമെ പെരുമ്പാവൂര്‍, അമ്പലമുകള്‍, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പുതിയ ഭൂമി കണ്ടെത്തി പാര്‍ക്കുകള്‍ വികസിപ്പിച്ചു വരികയാണ്. കളമശ്ശേരിയില്‍ 20 മാസത്തിനുള്ളില്‍ 90 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര നിലവാരമുള്ള കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്റര്‍ പൂര്‍ത്തിയാക്കാന്‍ കിന്‍ഫ്രയ്ക്ക് സാധിച്ചു. തിരുവനന്തപുരം പള്ളിപ്പുറത്ത് കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് പി.എം ഏകതാ മോള്‍ (Unity Mall) നിര്‍മ്മാണം പുരോഗമിക്കുകയാണ്.
സംസ്ഥാനത്ത് പുതിയ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് ലീസ് തുക ഒറ്റയടിക്ക് അടയ്‌ക്കേണ്ടതില്ലാത്ത വിധം ലളിതമായ ഏകീകൃത ലീസ് നയം കിന്‍ഫ്ര നടപ്പിലാക്കിയിട്ടുണ്ട്. 50 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ആകെയുള്ള ലീസ് തുകയുടെ 20% മാത്രം ആദ്യ ഘട്ടത്തില്‍ അടച്ചാല്‍ മതി. ബാക്കി തുക 5 വര്‍ഷം കൊണ്ട് ഗഡുക്കളായി അടയ്ക്കാം. 50 കോടി മുതല്‍ 100 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 20% തുക മുന്‍കൂറായി അടച്ച ശേഷം 2 വര്‍ഷത്തെ മൊറട്ടോറിയം ലഭിക്കും. ശേഷിക്കുന്ന തുക 5 വര്‍ഷത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ മതി.
100 കോടി രൂപയ്ക്ക് മുകളിലുള്ള വലിയ നിക്ഷേപങ്ങള്‍ക്ക initial payment ആയി 10% തുക നല്‍കിയാല്‍ മതിയാകും. 2 വര്‍ഷത്തെ മൊറട്ടോറിയത്തിന് ശേഷം 9 വര്‍ഷം കൊണ്ട് ബാക്കി തുക തിരിച്ചടയ്ക്കാന്‍ സൗകര്യമുണ്ട്.
ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് വഴി എല്ലാവിധ ലൈസന്‍സുകളും വേഗത്തില്‍ ലഭ്യമാക്കാനും സംരംഭകര്‍ക്ക് ആവശ്യമായ പൂര്‍ണ്ണ പിന്തുണ നല്‍കാനും കിന്‍ഫ്ര സജ്ജമാണെന്ന് സന്തോഷ് കോശി വ്യക്തമാക്കി.
KINFRA Managing Director Santhosh Koshy Highlights Strategic Industrial Parks, Kochi-Bengaluru Corridor, and Unified Lease Policies to Boost Investments in Kerala.
Read DhanamOnline in English
Subscribe to Dhanam Magazine