തൂത്തുക്കുടിയില്‍ ₹311 കോടിയുടെ സംയോജിത അക്വാകള്‍ച്ചര്‍ പാര്‍ക്കുമായി കേരള കമ്പനി, 126 ഏക്കറില്‍ ആധുനിക സാങ്കേതികവിദ്യ

2025 നവംബറില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരുമായി 2,500 കോടി രൂപയുടെ പദ്ധതിക്കായി ഒപ്പുവച്ച കരാറിന് പിന്നാലെയാണ് തമിഴ്‌നാട്ടിലേക്കുള്ള പുതിയ വിപുലീകരണം
Aquaculture fish farming facility, seafood processing plant and fresh fish and prawns,
image created with chat gpt
Published on: 

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്വാകള്‍ച്ചര്‍, സീഫുഡ് കമ്പനിയായ കിംഗ്‌സ് ഇന്‍ഫ്ര വെഞ്ചേഴ്‌സ് ലിമിറ്റഡ് (Kings Infra Ventures Limited) തമിഴ്‌നാട് സര്‍ക്കാരുമായി 311 കോടി രൂപയുടെ നിക്ഷേപ ധാരണാപത്രത്തില്‍ (MoU) ഒപ്പുവച്ചു. തൂത്തുക്കുടി ജില്ലയില്‍ സംയോജിത അക്വാകള്‍ച്ചര്‍, ഭക്ഷ്യസംസ്‌കരണ അടിസ്ഥാന സൗകര്യ പദ്ധതി വികസിപ്പിക്കുന്നതിനാണ് ധാരണാപത്രം. നവംബര്‍ 25-ന് മഹാബലിപുരത്ത് നടന്ന 'വെട്രി - തമിഴ്‌നാട് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് കണ്‍വെര്‍ഷന്‍ കോണ്‍ക്ലേവിന്റെ' രണ്ടാം പതിപ്പിലായിരുന്നു കരാര്‍ ഒപ്പുവച്ചത്.

126 ഏക്കറില്‍ ആധുനിക സാങ്കേതികവിദ്യ

തൂത്തുക്കുടിയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഏകദേശം 126 ഏക്കര്‍ സ്ഥലത്താണ് അക്വാകള്‍ച്ചര്‍ ടെക്‌നോളജി പാര്‍ക്ക് ഒരുങ്ങുന്നത്. പരമ്പരാഗത കുളങ്ങളെ ആശ്രയിച്ചുള്ള കൃഷിരീതിയില്‍ നിന്ന് മാറി, ടാങ്കുകള്‍ കേന്ദ്രീകരിച്ചുള്ള റീസര്‍ക്കുലേറ്റിംഗ് അക്വാകള്‍ച്ചര്‍ സിസ്റ്റം (RAS) സാങ്കേതികവിദ്യയിലേക്കുള്ള മാറ്റമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുറഞ്ഞ സ്ഥലവും വെള്ളവും ഉപയോഗിച്ച് കൂടുതല്‍ ഉത്പാദനം സാധ്യമാക്കുന്നതാണ് ആര്‍.എ.എസ് മാതൃക. പരമ്പരാഗത രീതിയില്‍ വര്‍ഷത്തില്‍ ഏകദേശം രണ്ട് ഉത്പാദന സൈക്കിളുകള്‍ ലഭിക്കുമ്പോള്‍, ആര്‍.എ.എസ് വഴി നാലു മുതല്‍ ആറ് സൈക്കിളുകള്‍ വരെ നേടാനും ഉത്പാദനക്ഷമതയില്‍ നാലു മുതല്‍ അഞ്ച് മടങ്ങ് വരെ വര്‍ധന കൈവരിക്കാനും കഴിയുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഹാച്ചറി, ഫീഡ് മില്‍, ബയോറിഫൈനറി

നഴ്‌സറി സൗകര്യങ്ങള്‍, ഹാച്ചറികള്‍, ഫീഡ് മില്ലുകള്‍, മറൈന്‍ ബയോറിഫൈനറി, സീഫുഡ് പ്രോസസിംഗ് സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്ര പാര്‍ക്കായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും പങ്കാളികളാകാന്‍ കഴിയുന്ന രീതിയില്‍, പാര്‍ക്കിനുള്ളിലെ ഓരോ ടാങ്കും സ്വതന്ത്ര പ്രവര്‍ത്തന യൂണിറ്റുകളായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന മാതൃകയും ഇതിലുണ്ട്. വിദേശ സാങ്കേതികവിദ്യാ പങ്കാളികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നു; കൂടാതെ പ്രോജക്ട് ഡെവലപ്‌മെന്റ്, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കായി വിദേശ കമ്പനികളില്‍ നിന്ന് അന്വേഷണങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കിംഗ്‌സ് ഇന്‍ഫ്ര അറിയിച്ചു.

ഘട്ടംഘട്ടമായുള്ള നടപ്പാക്കല്‍

സര്‍ക്കാര്‍ അനുമതികള്‍ ലഭിച്ച ശേഷം, ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ആര്‍.എ.എസ് സാങ്കേതികവിദ്യയുടെ പ്രായോഗികത തെളിയിക്കുന്നതിനായി വാണിജ്യാടിസ്ഥാനത്തിലുള്ള ഡെമോണ്‍സ്‌ട്രേഷന്‍ ഘട്ടത്തോടെയാണ് തുടക്കം കുറിക്കുക. തുടര്‍ന്ന് തന്ത്രപരമായ പങ്കാളിത്തങ്ങളിലൂടെ ബാക്കി ഭാഗം ഘട്ടംഘട്ടമായി വികസിപ്പിക്കും.

ആന്ധ്രാപ്രദേശിലും നിക്ഷേപം

2025 നവംബറില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരുമായും കിംഗ്‌സ് ഇന്‍ഫ്ര ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു. 2,500 കോടി രൂപ നിക്ഷേപത്തില്‍ 500 ഏക്കറില്‍ 'കിംഗ്‌സ് മാരിടൈം അക്വാകള്‍ച്ചര്‍ ടെക്‌നോളജി പാര്‍ക്ക്' സ്ഥാപിക്കാനായിരുന്നു കരാര്‍. വിശാഖപട്ടണത്തിന് സമീപമുള്ള ശ്രീകാകുളത്താണ്‌ രാജ്യത്തെ ആദ്യത്തെ പൂര്‍ണ്ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) നിയന്ത്രിത അക്വാകള്‍ച്ചര്‍ കേന്ദ്രം ഒരുക്കുന്നത്.

Kochi-based Kings Infra Ventures has signed a ₹311 crore MoU with Tamil Nadu for a 126-acre integrated aquaculture park in Thoothukudi, expanding beyond its earlier 2025 Andhra Pradesh project

Read DhanamOnline in English

Subscribe to Dhanam Magazine

```html ```