

രാജ്യത്തുടനീളം ചില്ലറ വില്‍പ്പന നടത്തിക്കൊണ്ടിരിക്കുന്ന പലചരക്ക് കടകള്‍ക്ക് സഹായ ഹസ്തമാകാന്‍ ലക്ഷ്യമിടുന്ന കിരാന പ്രോ എന്ന ക്വിക്ക് കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പ് തൃശൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെ വിപണിയുടെ സാധ്യതകള്‍ കൂടി കണക്കിലെടുത്ത് ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒ.എന്‍.ഡി.സി.) എന്ന ശൃംഖലയുടെ അടിസ്ഥാന സൗകര്യം ഉപയോഗപ്പെടുത്തിയാണ് തൃശൂരില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള പുതിയ തീരുമാനം. എല്ലാ അവശ്യ ഉത്പന്നങ്ങളും 10 മിനിറ്റിനുള്ളില്‍ വീട്ടിലെത്തിക്കുമെന്ന വാഗ്ദാനവുമായാണ് കിരാന പ്രോയുടെ വരവ്.
തൃശൂരിലെ സിറ്റി ഓഫീസ് കമ്പനിയുടെ ആസ്ഥാനമായി പ്രവര്‍ത്തിക്കുക വഴി സംസ്ഥാനത്ത് സാന്നിധ്യം ശക്തിപ്പെടുത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 മുതല്‍ 100 ജീവനക്കാര്‍ വരെ ജോലിചെയ്യുന്ന ഓഫീസായി ഇത് വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചീറ്റ് കോഡുകള്‍ വഴി എല്ലാ സാധനങ്ങള്‍ക്കും ഡിസ്‌കൗണ്ട് ലഭിക്കാനുള്ള അവസരവും കിരാന പ്രോ ഒരുക്കിയിട്ടുണ്ട്. ആപ്പ് വഴി RS1 എന്ന ചീറ്റ് കോഡ് പ്രയോജനപ്പെടുത്തുന്ന ആദ്യത്തെ 100 പേര്‍ക്കും THRISSURPOORAM എന്ന ചീറ്റ് കോഡ് ഉപയോഗിക്കുന്ന ആദ്യത്തെ 100 തൃശൂര്‍കാര്‍ക്കും 300 രൂപയില്‍ താഴെ വരുന്ന എല്ലാ ഓര്‍ഡറുകളും വെറും 1 രൂപയ്ക്ക് ലഭിക്കും.
ഒ.എന്‍.ഡി.സിയുടെ സഹായത്തോടു കൂടി കമ്പനിയുടെ സേവനങ്ങള്‍ വിപുലീകരിക്കാനും കൂടുതല്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും മറ്റ് സേവന ദാതാക്കളുമായുള്ള കരാറുകള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ വളരാനുമാണ് പദ്ധതി.
തൃശൂര്‍ക്കാരനായ ദീപക് രവീന്ദ്രനും ദീപാങ്കര്‍ സര്‍ക്കാറുമാണ് കിരാന പ്രോയുടെ സ്ഥാപകര്‍. പ്രോഡക്ട് വികസനം, നിയമനങ്ങള്‍ എന്നിവയ്ക്കായി പ്രീ-സീഡ് ഫണ്ടിങ് റൗണ്ട് വഴി കിരാന പ്രോ മൂലധന സമാഹരണം നടത്തിയിരുന്നു. എത്ര തുകയാണ് സമാഹരിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ടര്‍ബോ സ്റ്റാര്‍ട്ട്, അണ്‍പോപ്പുലര്‍ വെഞ്ച്വേഴ്‌സ്, ബ്ലൂം ഫൗണ്ടേഴ്‌സ് ഫണ്ട്, സ്‌നോ ലെപ്പേര്‍ഡ് എന്നീ നിക്ഷേപക സ്ഥാപനങ്ങളും യതീഷ് തല്‍വാഡിയ (മില്‍ക്ക്ബാസ്‌ക്കറ്റ്), വികാസ് തനേജ (ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ്) തുടങ്ങിയ പ്രമുഖ ഏഞ്ചല്‍ നിക്ഷേപകരുമാണ് പണമിറക്കിയിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine