കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്‌ ബോണസ് ഓഹരി പ്രഖ്യാപിച്ചു, നിക്ഷേപകര്‍ക്ക് സന്തോഷിക്കാം, ഒന്നിന് രണ്ട് ഓഹരി സൗജന്യം

കുട്ടികളുടെ വസ്ത്ര നിര്‍മാണ രംഗത്ത് ലോകത്ത് തന്നെ ഏറ്റവും മുന്‍ നിരയിലുള്ള കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ബോണസ് ഓഹരി പ്രഖ്യാപിച്ചു. 2:1 എന്ന അനുപാതത്തിലാണ് ബോണസ് ഇഷ്യു. അതായത് റെക്കോഡ് ഡേറ്റില്‍ കിറ്റെക്‌സിന്റെ ഒരു ഓഹരി കൈയിലുള്ളവര്‍ക്ക് രണ്ട് ഓഹരി അധികമായി ലഭിക്കും. ഓഹരിയുടെകളുടെ അനുമതിക്ക് ശേഷമായിരിക്കും റെക്കോഡ് തീയതി പ്രഖ്യാപിക്കുക. ജനുവരി 20നോ അതിനു മുമ്പായോ ഓഹരികള്‍ നിക്ഷേപരുടെ അക്കൗണ്ടില്‍ ക്രെഡിറ്റാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്‌.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് കമ്പനി ഓഹരിയുടമകള്‍ക്ക് ബോണസ് ഓഹരി നല്‍കുന്നത്. 2017ല്‍ 2:5 എന്ന അനുപാതത്തില്‍ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ബോണസ് ഇഷ്യു അനുവദിച്ചിരുന്നു. അതായത് അഞ്ച് ഓഹരികളുള്ളവര്‍ക്ക് രണ്ട് ഓഹരിയാണ് അന്ന് ലഭിച്ചത്.

നിലവിലെ ഓഹരി ഉടമകള്‍ക്ക് സ്ഥാപനം നല്‍കുന്ന സൗജന്യ ഓഹരികളാണ് ബോണസ് ഓഹരികള്‍. കമ്പനിയുടെ ലാഭമോ റിസര്‍വോ ഓഹരിയുടമകളുമായി പങ്കുവയ്ക്കുന്നതാണിത്. ചെറുകിട നിക്ഷേപകര്‍ക്ക് കമ്പനിയുടെ ഓഹരികള്‍ കൂടുതലായി ലഭ്യമാക്കുകയാണ് ഇതു വഴി ചെയ്യുന്നത്, പ്രത്യേകിച്ചും ഓഹരി വില ഉയര്‍ന്നിരിക്കുന്ന സമയത്ത്.

ഓഹരിയുടെ 5 വര്‍ഷത്തെ നേട്ടം 576%

കിറ്റെക്‌സ് ഓഹരികള്‍ ഇന്ന് 4 ശതമാനത്തോളം ഇടിവിലാണ്. ഇടയ്ക്ക് ഓഹരി 5 ശതമാനം ലോവര്‍ സര്‍ക്യൂട്ടിലുമെത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇതു വരെ 185 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട് കിറ്റെക്‌സ് ഓഹരി. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ ഓഹരിയുടെ നേട്ടം 576 ശതമാനമാണ്. ഇന്നത്തെ ഓഹരി വിലയനുസരിച്ച് കമ്പനിയുടെ വിപണി മൂല്യം 4,260 കോടി രൂപയാണ്.

സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ ലാഭം 13 കോടി രൂപയില്‍ നിന്ന് 36.73 കോടി രൂപയായി വര്‍ധിച്ചിരുന്നു. സംയോജിത മൊത്ത വരുമാനം 140 കോടി രൂപയില്‍ നിന്ന് 216.98 കോടി രൂപയിലുമെത്തി. നടപ്പു സാമ്പത്തിക വര്‍ഷത്തെ മൊത്ത വരുമാനം 1,000 കോടിയെന്ന റെക്കോഡ് കടക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

വസ്ത്ര കയറ്റുമതിയില്‍ ലോകത്ത് മുന്‍പന്തിയിലുള്ള ബംഗ്ലാദേശ് നേരിടുന്ന രാഷ്ട്രീയ അസ്ഥിരതകള്‍ കിറ്റെക്‌സ് അടക്കമുള്ള വസ്ത്ര നിര്‍മാണ കമ്പനികള്‍ക്ക് നേട്ടമായിരുന്നു. തെലങ്കാനയില്‍ 3,000 കോടിയിലേറെ രൂപയുടെ നിക്ഷേപത്തില്‍ കിറ്റെക്‌സ് നിര്‍മിച്ച ഫാക്ടറി പൂര്‍ണ തോതില്‍ ഉത്പാദന സജ്ജമായി വരികയാണ്. കമ്പനിയുടെ പൂര്‍ണ ശേഷി പ്രയോജനപ്പെടുത്താനുള്ള ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്ന് കമ്പനി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

എ.എസ്.എം ഓഹരി

കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികള്‍ അഡീഷണല്‍ സര്‍വെയലന്‍സ് മെഷര്‍ (ASM) ഫ്രെയിംവര്‍ക്കിന്റെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ടതാണ്. ഓഹരിയുടെ അപകടകരമായ ചലനത്തില്‍ നിന്ന് നിക്ഷേപകരെ സംരക്ഷിക്കാനുള്ളതാണ് ഈ ചട്ടക്കൂട്. ഇത്തരം ഓഹരികള്‍ വാങ്ങണമെങ്കില്‍ മുഴുവന്‍ കാശും നല്‍കണം. കടം വാങ്ങാനോ ഭാഗികമായോ പേയ്‌മെന്റോ അനുവദിക്കില്ല. സാധാരണ ഓഹരികള്‍ ഭാഗികമായി പണം നല്‍കി ബാക്കി ബ്രോക്കറില്‍ നിന്ന് കടം വാങ്ങി വാങ്ങാനും.

മാത്രമല്ല, ഈ ഓഹരിയുടെ പ്രൈസ് ബാന്‍ഡ് 5 ശതമാനമായിരിക്കും. അതായത് പരമാവധി ഒരു ദിവസം അഞ്ച് ശതമാനം മുകളിലേക്കോ താഴേക്കോ പോകാനേ ഈ ഓഹരിക്ക് സാധിക്കൂ. മാത്രമല്ല ഈ ഓഹരി പണയം വയ്ക്കാനോ ട്രേഡിംഗിനോ ഉപയോഗിക്കാനുമാകില്ല.

Related Articles
Next Story
Videos
Share it