

അമേരിക്കയുടെ 50 ശതമാനം തീരുവ ഭീഷണി കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക ടെക്‌സ്റ്റൈല്‍ മേഖലയിലാണ്. ചുവടു മാറ്റിപ്പിടിച്ചും പുതിയ തന്ത്രങ്ങള്‍ മെനഞ്ഞും ഇതിനെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കുഞ്ഞുടുപ്പ് വസ്ത്ര നിര്‍മ്മാണ കമ്പനിയായ കിഴക്കമ്പലം ആസ്ഥാനമായ കിറ്റെക്സ് ഗാര്‍മെന്‍സ് ലിമിറ്റഡ് ഇന്ത്യയിലേക്കും യു.കെ ഉള്‍പ്പെടെയുള്ള മറ്റ് വിപണികളിലേക്കും ശ്രദ്ധകേന്ദ്രീകരിക്കുകയാണ്.
ഇതിന്റെ ഭാഗമായി യു.എസ് ബ്രാന്‍ഡായ ലിറ്റില്‍ സ്റ്റാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ 1,000 കോടി രൂപയുടെ അധിക വരുമാനമാണ് കമ്പനി ഇതുവഴി പ്രതീക്ഷിക്കുന്നതെന്ന് കിറ്റെക്സ് ഗാര്‍മെന്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സാബു എം.ജേക്കബ് പറഞ്ഞു.
ഇന്ത്യന്‍ വിപണിയില്‍ കൂടി സാന്നിധ്യം ശക്തമാക്കുന്നതിലൂടെ യു.എസിലേയ്ക്കുള്ള കയറ്റുമതിക്ക് ഉയര്‍ന്ന തിരുവമൂലം സംഭവിക്കാവുന്ന ഏത് വെല്ലുവിളികളെയും നേരിടാന്‍ സാധിക്കുമെന്നും സാബു ജേക്കബ് അഭിപ്രായപ്പെട്ടു. ഇതിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും താല്‍പര്യങ്ങളും സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഡിസംബര്‍ വരെയുള്ള ഓര്‍ഡറുകള്‍ കമ്പനിക്കുണ്ട്. എന്നാല്‍ തത്കാലം കയറ്റി വിടണ്ട എന്നതാണ് യു.എസ് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ അമേരിക്കന്‍ ബയര്‍മാര്‍ ഇവിടെ എത്തി കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ഇരുകൂട്ടര്‍ക്കും പ്രശ്‌നമില്ലാത്ത വിധത്തില്‍ സമവായത്തില്‍ എത്തിയാല്‍ മാത്രമാണ് ഈ ഓര്‍ഡറുകള്‍ കയറ്റി അയക്കുക.
നിലവില്‍ കിറ്റെക്‌സിന്റെ കയറ്റുമതിയുടെ 91 ശതമാനവും അമേരിക്കയിലേക്കാണ്. പ്രതിസന്ധി നിലനിന്നാല്‍ ഭാഗികമായി തൊഴിലാളികളുടെ എണ്ണം കുറയ്‌ക്കേണ്ടി വരും. ആന്ധ്രയില്‍ ഫാക്ടറി തുടങ്ങാനുള്ള നീക്കം നിലവിലെ പശ്ചാത്തലത്തില്‍ നീക്കിവച്ചതായും സാബു ജേക്കബ് വ്യക്തമാക്കി.
അമേരിക്കന്‍ വിപണിയിലുണ്ടായതു പോലുള്ള പ്രതിസന്ധി മറ്റു രാജ്യങ്ങളിലും സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ വിപണികളില്‍ ശ്രദ്ധകൊടുക്കാനാണ് കിറ്റെക്‌സ് ഉദ്ദേശിക്കുന്നത്. 25 ശതമാനത്തില്‍ കൂടുതല്‍ വരാത്ത രീതിയില്‍ ഓരോ രാജ്യങ്ങളിലും വിപണി നിലനിര്‍ത്തുക. ഭാവിയില്‍ ഇത്തരം പ്രതിസന്ധികളുണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.
ഇന്ത്യയിലെ നവജാത ശിശുക്കളുടെ വസ്ത്ര വിപണി 2030 ആകുമ്പോഴേക്കും ഏകദേശം 1.46 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. യു.എസിലെ ജനന നിരക്കിന്റെ ആറ് ഇരട്ടിയാണ് ഇന്ത്യയിലെ ജനന നിരക്ക്. ഏകദേശം 24 ദശലക്ഷമാണ് ഇന്ത്യയിലെ ജനന നിരക്ക്. അതനുസരിച്ച് ഇന്ത്യയില്‍ നവജാത ശിശുക്കകളുടെയും, കുട്ടികളുടെയും വസ്ത്രങ്ങളുടെ ആവശ്യകതയും വര്‍ദ്ധിക്കുന്നു.
മാറിയ സാഹചര്യത്തില്‍ ഇന്ത്യയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ചില്ലറ വില്‍പന മേഖലയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അതിവേഗം നിറവേറ്റാനും ഡിജിറ്റല്‍ ചാനലുകളുടെ പങ്ക് നിര്‍ണായകമാണ്. ഇത് പ്രയോജനപ്പെടുത്താന്‍ ലിറ്റില്‍ സ്റ്റാറിനെ ഒന്നിലധികം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ അവതരിപ്പിക്കുമെന്ന് സാബു ജേക്കബ് പറഞ്ഞു.
ഇ-കൊമേഴ്സ് വഴി ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും തുടര്‍ന്ന് റീട്ടെയില്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി രാജ്യമെമ്പാടും ശൃംഖല വിപുലപ്പെടുത്താനാണ് പദ്ധതി. വരുന്ന ആഴ്ചകളില്‍ തന്നെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ലിറ്റില്‍ സ്റ്റാര്‍ ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കും. നിലവില്‍ യു.എസ്, യൂറോപ്യന്‍ വിപണികളില്‍ മാത്രമാണ് ലിറ്റില്‍ സ്റ്റാറിന്റെ വില്‍പ്പന. വിദേശ വിപണികളേക്കാള്‍ 50 മുതല്‍ 70 ശതമാനം വരെ വിലക്കുറവില്‍ ഇന്ത്യന്‍ വിപണിയില്‍ ലിറ്റില്‍ സ്റ്റാര്‍ വില്‍പ്പന നടത്താനാണ് കിറ്റെക്‌സ് ഒരുങ്ങുന്നത്.
Kitex shifts focus to India and Europe with ‘Little Star’ to counter US tariff risk, aiming for ₹1,000 crore extra revenue.
Read DhanamOnline in English
Subscribe to Dhanam Magazine