

രാജ്യത്തെ പ്രമുഖ പ്രൊഫഷണല്‍ മാനേജ്മെന്റ് കൂട്ടായ്മകളിലൊന്നായ കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെ.എം.എ.) 43-ാമത് വാര്‍ഷിക മാനേജ്മെന്റ് കണ്‍വെന്‍ഷനായ 'ക്ലേസിസ് കെമാക് 2026' കൊച്ചിയില്‍ നടക്കും. ജനുവരി 15, 16 തീയതികളില്‍ ഗ്രാന്‍ഡ് ഹയാത്തില്‍ വെച്ച് നടക്കുന്ന ഈ കണ്‍വെന്‍ഷന്‍ ഇന്ത്യയിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ മാനേജര്‍മാരുടെ സംഗമമായി മാറുമെന്നാണ് പ്രതീക്ഷ.
ദേശീയ തലത്തിലും ആഗോള തലത്തിലുമുള്ള പ്രമുഖ വ്യക്തിത്വങ്ങളാണ് 2026-ലെ കണ്‍വെന്‍ഷനെ ശ്രദ്ധേയമാക്കുന്നത്. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരന്‍ മുഖ്യപ്രഭാഷണം നടത്തും. ഷനെൽ ഗ്ലോബല്‍ സി.ഇ.ഒ. ലീന നായര്‍ മുഖ്യാതിഥിയാകും.
സുസ്ഥിരമായ ഒരു ഭാവിക്കായി സാമ്പത്തിക, ശാരീരിക, മാനസിക ആരോഗ്യം സമന്വയിപ്പിക്കുക' എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രധാന വിഷയം. സാമ്പത്തിക സ്ഥിരത, ശാരീരിക ഊര്‍ജ്ജസ്വലത, മാനസികാരോഗ്യം എന്നിവ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് സുസ്ഥിരമായ വിജയത്തിനായി എങ്ങനെ ഒരുങ്ങാം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും.
ലക്ഷ്യം (Purpose), മനുഷ്യര്‍ (People), ഗ്രഹം (Planet), ലാഭം (Profit) എന്നിവ സന്തുലിതമാക്കിക്കൊണ്ടുള്ള കെ.എം.എയുടെ 360° മാനേജ്മെന്റ് ചിന്താഗതിയ്ക്കധിഷ്ഠിതമായാണ് കണ്‍വെന്‍ഷന്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് പ്രസിഡന്റ് കെ ഹരികുമാര്‍ പറഞ്ഞു.
1,000ല്‍ അധികം പ്രതിനിധികളും 200ല്‍ അധികം പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നവരും പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ ബിസിനസ്, ടെക്‌നോളജി, ലക്ഷ്യാധിഷ്ഠിത വളര്‍ച്ച എന്നിവ ഉള്‍ക്കൊള്ളുന്ന 10 വ്യത്യസ്ത സെഷനുകള്‍ ഉണ്ടാകും.
സ്വാധീനമുള്ള പ്രഭാഷകരുമായി സംവദിക്കാനും, വളര്‍ന്നു വരുന്ന പ്രവണതകള്‍ കണ്ടെത്താനും, വിവിധ വ്യവസായങ്ങളിലെ പ്രമുഖരുമായി ആശയങ്ങള്‍ കൈമാറാനുമുള്ള അവസരമാണ് ക്ലേസിസ് കെമാകെന്ന് കെ.എം.എ സീനിയര്‍ വൈസ് പ്രസിഡന്റും കെമാക് ചെയറുമായ അള്‍ജിയേഴ്‌സ് ഖാലിദ് പറഞ്ഞു.
കണ്‍വെന്‍ഷന്റെ ഭാഗമായുള്ള റൗണ്ട് ടേബിളില്‍ കേരളത്തിന്റെ ബിസിനസ് ലോകത്ത് പരിവര്‍ത്തനങ്ങള്‍ വരുത്തിയ മുന്‍നിര വ്യവസായ പ്രമുഖര്‍ പങ്കെടുക്കും. മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സി.ജെ. ജോര്‍ജ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സി.എം.ഡി മധു എസ് നായര്‍, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ചെയര്‍മാന്‍ എം.പി അഹമ്മദ് എന്നിവര്‍ പങ്കെടുക്കും. ഭാരതീയ വിദ്യാഭവന്‍ ചെയര്‍മാന്‍ സി.എ വേണുഗോപാല്‍ സി. ഗോവിന്ദ് മോഡറേറ്ററാകും.
ഇവോള്‍വിംഗ് വിത്ത് ഇംപാട്ക്- ദി ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫ് കെ.എം.എ എന്ന പ്ലീനറി സെഷനില്‍ നയാര എനര്‍ജി ചെയര്‍മാനും കെ.എം.എ മുന്‍ പ്രസിഡന്റുമായ പ്രസാദ് കെ പണിക്കര്‍, ടാറ്റകണ്‍സള്‍ട്ടന്‍സി സര്‍വീസസ് കേരള ഹെഡും കെ.എം.എ മുന്‍ പ്രസിഡന്റുമായ ദിനേഷ് കെ തമ്പി, കോട്ടക്കല്‍ ആര്യവൈദ്യശാല സി.ഇ.ഒയും കെ.എ.എ പ്രസിഡന്റുമായ കെ. ഹരികുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഫ്യൂച്ചറിസ്റ്റിക് കണ്‍സള്‍ട്ടിംഗ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും കെ.എം.എ മുന്‍ പ്രസിഡന്റുമായ സുനില്‍ കെ സ്‌കറിയ മോഡറേറ്ററാകും.
ഭൗമരാഷ്ട്രീയത്തില്‍ നിന്നുള്ള പാഠങ്ങള്‍ എന്ന വിഷയത്തില്‍ മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു സംസാരിക്കും. ടാറ്റാ മോട്ടോഴ്സ് ഇലക്ട്രിക് വെഹിക്കിള്‍സ് മേധാവി ആനന്ദ് കുല്‍ക്കര്‍ണി ഇ.വി. റവലൂഷന്‍-ട്രാന്‍സ്‌ഫോമിംഗ് ഫോര്‍ ഇംപാക്ട് എന്ന വിഷയത്തില്‍ സംസാരിക്കും. ഹ്യൂമണ്‍ സ്‌കെയില്‍ ട്രാന്‍സ്‌ഫൊര്‍മേഷനെ കുറിച്ചാണ് നെറ്റ്‌വര്‍ക്‌സ് ഓഫ് ഹ്യുമാനിറ്റി സഹസ്ഥാപകും ചീഫ് ആര്‍ക്കിറ്റെക്ടുമായ ഡോ.പ്രമോദ് വര്‍മ സംസാരിക്കുക. മീരാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ സുസ്ഥിര ഭാവിക്കായി യുവാക്കളുടെ പരിവര്‍ത്തനം എന്ന വിഷയത്തില്‍ സംസാരിക്കും. ക്ലേസിസ് ഗ്രൂപ്പ്-ഇന്ത്യ ആന്‍ഡ് യു.എസ്.എ മാനേജിംഗ് ഡയറക്ടര്‍ വിനോദ് തരകന്‍, കോര്‍സ്റ്റാക്ക് ചീഫ് പീപ്പിള്‍ ആന്‍ഡ് കള്‍ച്ചര്‍ ഓഫീസറായ രാജ് രാഘവന്‍, വി.എസ്.ടി ഇന്‍ഡസ്ട്രീസ് ചെയര്‍മാനും ബെയിന്‍ ആന്‍ഡ് കമ്പനി അഡ്വൈസറുമായ നരേഷ് കുമാര്‍ സേത്തി, ഡേടണ്‍ ഫിസീഷ്യന്‍സ് നെറ്റ്‌വര്‍ക്ക് സര്‍ജന്‍ ഡോ.കൃഷ്ണനാഥ് ഗെയ്‌റ്റോണ്ടെ, ആസ്‌ട്രേലിയയയിലെ മാകെ ഗൈനക്കോളജിസിറ്റ് ആന്‍ഡ് ഫെര്‍ട്ടിലിറ്റി സ്‌പെഷലിസ്റ്റ് നഗ്വേഷ് ഗൗനേക്കര്‍, ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ടോം ജോസഫ് തുടങ്ങിയവര്‍ പ്ലീനറി സെഷനുകളില്‍ സംവദിക്കും.
ഇതുകൂടാതെ യംഗ് മൈന്‍ഡ്‌സ് പ്രോഗ്രാമും നടക്കുന്നുണ്ട്. രാവിലെ 9.30 മുതല്‍ 1.30 വരെ നടക്കുന്ന ഈ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ പ്രത്യേകം രജിസ്‌ട്രേഷനുണ്ട്. മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ്, യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ ഇന്ത്യാന ഇക്കണോമിക്‌സ് വിഭാഗം പ്രൊഫസര്‍ ഹാര്‍ലി ഹാരിസണ്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന പാനല്‍ ചര്‍ച്ചകളില്‍ ജ്യോ മെട്രിക് സാരഥി ജോ എ സ്‌കറിയ, നെസ്റ്റ് എസ്.എഫ്.ഒ ടെക്‌നോളജീസ് വൈസ് ചെയര്‍മാനും എ.ഡിയുമായ അല്‍ത്താഫ് ജഹാംഗീര്‍, ഗുണം ബ്യൂട്ടി സ്ഥാപക എലിസബത്ത് ഐസക്, സാപ്പിഹയര്‍ സഹസ്ഥാപകന്‍ ദീപു സേവ്യര്‍, വല്ലത്ത് എഡ്യുക്കേഷന്‍ സ്ഥാപക ഡോ.കല്യാണി വല്ലത്ത്, കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക, ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുരുന്തില്‍ തുടങ്ങിയവരും പങ്കെടുക്കും. കണ്‍വെന്‍ഷനെ കുറിച്ച് കൂടുതലറിയാനും രജിസ്‌ട്രേഷന്‍ ഫീസും മറ്റു വിവരങ്ങള്‍ക്കും ഫോണ്‍: 90727 75588, 0484-2317966. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍: www.kma.or.in/convention എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
KMA’s 43rd annual convention to be held in Kochi in January 2026, featuring top business leaders including iD Fresh, GVK, and global thought leaders.
Read DhanamOnline in English
Subscribe to Dhanam Magazine