മഴക്കാലത്ത് പാലാരിവട്ടം-കാക്കനാട് മെട്രോ നിര്‍മ്മാണ പാതയിൽ കുരുക്ക് മുറുകും, സുരക്ഷാ നടപടികളുമായി കെഎംആർഎൽ

വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും നിര്‍മ്മാണ പാതയില്‍ കൂടുതൽ സ്ഥലങ്ങളിൽ റോഡ് ക്രോസിങ് സൗകര്യം ഏർപ്പെടുത്തും
kochi metro
Representational image, courtesy: Canva
Published on

കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മാണം പുരോഗമിക്കുമ്പോൾ പാലാരിവട്ടം-കാക്കനാട് ഇടനാഴിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുകയാണ്. പ്രത്യേകിച്ചും കാക്കനാട് ഭാഗത്തേക്കും എൻജിഒ ക്വാർട്ടേഴ്‌സിലേക്കും തിരിയുന്ന കവലകളിൽ തിരക്കേറിയ സമയങ്ങളിൽ (Rush hours) വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. മുൻപ് 15 മുതൽ 20 മിനിറ്റ് കൊണ്ട് എത്തേണ്ട ദൂരത്തിന് ഇപ്പോൾ 40 മിനിറ്റിലധികം സമയം വേണ്ടിവരുന്നത് യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നുണ്ട്. ഇരുചക്ര വാഹനയാത്രക്കാർക്ക് ചെറിയ ഇളവ് ലഭിക്കുന്നുണ്ടെങ്കിലും ബസുകളിലും കാറുകളിലും യാത്ര ചെയ്യുന്നവർ വലിയ കുരുക്കിലാണ് അകപ്പെടുന്നത്.

ട്രാഫിക് ബ്ലോക്കില്‍ വലഞ്ഞ് യാത്രക്കാര്‍

ഈ ഗതാഗത തടസം മറികടക്കാൻ പല യാത്രക്കാരും പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ പാലാരിവട്ടത്തുനിന്ന് തൃക്കാക്കര അമ്പലത്തിനടുത്തെത്തുന്ന 'പൈപ്പ് ലൈൻ റോഡ്' ഷോർട്ട് കട്ടായി ഉപയോഗിക്കുന്നതായി എറണാകുളം പനമ്പിളളി നഗറില്‍ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജെയ്സ് ജോസഫ് പറയുന്നു. പ്രവൃത്തി ദിനങ്ങളില്‍ നിർമ്മാണ ഇടനാഴിയിലെ ചില പ്രദേശങ്ങളില്‍ രാവിലെയും വൈകിട്ടും പീക്ക് അവറില്‍ ചില ദിവസങ്ങളില്‍ ഗതാഗതക്കുരുക്ക് ഒരു മണിക്കൂര്‍ വരെ നീളുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകുന്നു. ഇത് ദിവസവും യാത്ര ചെയ്യുന്നവര്‍ക്ക് വലിയ അസ്വസ്ഥതയാണ് സൃഷ്ടിക്കുന്നതെന്നും തൃക്കാക്കര താമസിക്കുന്ന ജെയ്സ് പറഞ്ഞു.

കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന വടക്കന്‍ പറവൂര്‍ സ്വദേശിയായ ലിജോ തോമസിന് ഇരട്ടി യാത്രാ ക്ലേശത്തിന്റെ അനുഭവങ്ങളാണ് പറയാനുളളത്. ദേശീയപാത 66 (പഴയ എന്‍എച്ച് 17) ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ ഉൾപ്പെടുന്ന റീച്ചുകളിലെ നിർമാണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഭൂരിഭാഗം സ്ഥലങ്ങളിലും റോഡ് ടാറിംഗും അനുബന്ധ ജോലികളും പൂർത്തിയായിവരുന്ന ഘട്ടമാണിപ്പോള്‍. കോട്ടപ്പുറം, കൊടുങ്ങല്ലൂർ ടൗൺ, ബൈപാസ്, ചന്തപ്പുര, അഞ്ചപ്പാലം, മേൽപാലങ്ങൾ നിർമിക്കുന്ന മറ്റ് ജംഗ്ഷനുകൾ എന്നിവിടങ്ങളിൽ വൺവേ നിയന്ത്രണങ്ങളും സർവീസ് റോഡ് നിർമാണവും കാരണം ഇപ്പോഴും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.

ഈ പാതയിലെ ബ്ലോക്ക് കഴിഞ്ഞ് പാലാരിവട്ടം ഭാഗത്ത് എത്തുമ്പോള്‍ വീണ്ടും ഗതാഗതക്കുരുക്കില്‍ കിടക്കേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണെന്ന് ലിജോ പറയുന്നു. ഈ രണ്ട് പ്രദേശങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് മൂലം കാര്‍ ഓടിച്ചു വരുന്നത് വലിയ ശാരീരിക ക്ഷീണം ഉണ്ടാക്കുന്നതിനാല്‍ പൊതു ഗതാഗത സംവിധാനങ്ങളെയാണ് ഇപ്പോള്‍ കൂടുതലായി ആശ്രയിക്കുന്നതെന്നും ലിജോ പറഞ്ഞു.

ഈ മഴക്കാലത്ത് കൊച്ചി മെട്രോ രണ്ടാം ഘട്ടമായ പാലാരിവട്ടം മുതൽ ഇൻഫോപാർക്ക് വരെയുള്ള (പിങ്ക് ലൈൻ) നിർമ്മാണ മേഖലകളിലെ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ നടപടികളാണ് കെഎംആര്‍എല്‍ സ്വീകരിക്കുന്നത്. ഇത്തവണ കേരളത്തില്‍ പതിവിലും നേരത്തെ മണ്‍സൂണ്‍ എത്തുമെന്നാണ് പ്രവചനമുളളത്. ഈ മാസം അവസാനത്തോടെ മഴ ലഭിച്ചു തുടങ്ങുമെന്നാണ് കരുതുന്നത്. രണ്ടാം ഘട്ട ഇടനാഴിയുടെ മധ്യഭാഗം ബാരിക്കേഡുകൾ വെച്ച് കെട്ടിയതിനാലും നിർമ്മാണ സാമഗ്രികൾ റോഡിൽ സൂക്ഷിച്ചിരിക്കുന്നതിനാലും വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സ്ഥലം വളരെ കുറവാണ്. മഴക്കാലത്ത് ഈ റൂട്ടിലെ ഗതാഗതക്ലേശം ഇരട്ടിയാക്കുമെന്നാണ് യാത്രക്കാര്‍ കരുതുന്നത്. ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും കെഎംആര്‍എല്‍ കൈകൊളളുന്ന നടപടികൾ ഇവയാണ്.

പുതിയ ക്രമീകരണങ്ങള്‍

കൂടുതൽ ട്രാഫിക് വാർഡൻമാർ: ഗതാഗതം സുഗമമാക്കുന്നതിനായി നിർമ്മാണ മേഖലകളിൽ കൂടുതൽ ട്രാഫിക് വാർഡൻമാരെ വിന്യസിക്കും.

ബാരിക്കേഡുകളുടെ പുനഃക്രമീകരണം: നിർമ്മാണം പൂർത്തിയായ സ്ഥലങ്ങളിലെ ബാരിക്കേഡുകൾ നീക്കം ചെയ്യാനും ചില ഭാഗങ്ങളിൽ ബാരിക്കേഡുകളുടെ ഉയരം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് ഡ്രൈവർമാർക്ക് കാഴ്ച കൂടുതൽ എളുപ്പമാക്കും.

റോഡ് ക്രോസിംഗുകൾ: വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും കൂടുതൽ സ്ഥലങ്ങളിൽ റോഡ് ക്രോസിങ് സൗകര്യം ഏർപ്പെടുത്തും.

മഴക്കാല സുരക്ഷ: രാത്രികാലങ്ങളിലെ കാഴ്ച ഉറപ്പാക്കാൻ ബാരിക്കേഡുകളുടെ അറ്റത്ത് അധിക റിഫ്ലക്ടറുകളും റിഫ്ലക്ടീവ് ടേപ്പുകളും സൂചനാ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. നിർമ്മാണ മേഖലകളിൽ വെള്ളക്കെട്ട് തടയാൻ ഓടകളും ചാലുകളും വൃത്തിയാക്കി വരുന്നു. താഴ്ന്ന ഇടങ്ങളിൽ ഡീവാട്ടറിംഗ് സംവിധാനങ്ങൾ സജ്ജമാക്കുകയും നിർമ്മാണ സാമഗ്രികൾ സുരക്ഷിതമായി സൂക്ഷിക്കാൻ കരാറുകാർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. അപകട സാഹചര്യങ്ങളിൽ അടിയന്തരമായി ഇടപെടാൻ എമർജൻസി റെസ്പോൺസ് ടീമുകളെ (ERT) എല്ലാ നിർമ്മാണ കേന്ദ്രങ്ങളിലും വിന്യസിച്ചിട്ടുണ്ട്. റോഡുകളിൽ നിർമ്മാണ സാമഗ്രികൾ കൂട്ടിയിടുന്നത് മഴക്കാലത്ത് കർശനമായി നിരോധിച്ചിരിക്കുകയാണെന്നും കെഎംആർഎൽ വക്താവ് പറഞ്ഞു.

യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പാലാരിവട്ടം, ആലിൻചുവട്, വാഴക്കാല, കാക്കനാട്, ഇൻഫോപാർക്ക് എന്നീ ഭാഗങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ കൂടുതൽ സമയം കണക്കാക്കി യാത്ര തിരിക്കുക.

  • രാത്രികാലങ്ങളിൽ നിർമ്മാണ മേഖലകളിലൂടെ വാഹനമോടിക്കുമ്പോൾ റിഫ്ലക്ടറുകളും സൈൻ ബോർഡുകളും കൃത്യമായി ശ്രദ്ധിക്കുക. ഈ റൂട്ടിലെ പ്രധാന നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ യാത്രക്കാർ ട്രാഫിക് പോലീസിന്റെയും വാർഡൻമാരുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കാന്‍ ശ്രദ്ധിക്കുക.

  • സാധ്യമെങ്കിൽ തിരക്കേറിയ സമയങ്ങളിൽ ഈ റൂട്ടിന് പകരമുള്ള ഉപറോഡുകൾ ഉപയോഗിക്കുക.

ഡിസംബറോടെ രണ്ടാം ഘട്ടത്തിന്റെ സിവിൽ, ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. മറ്റ് തടസങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ 2027 വേനൽക്കാലത്തോടെ പാത പ്രവർത്തനക്ഷമമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com