

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ) പേര് കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യാൻ സംസ്ഥാന സർക്കാരിന് ശുപാർശ. സർക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം തേടി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ശുപാർശ സമർപ്പിച്ചു. കമ്പനിയുടെ നിലവിലെ പ്രവർത്തനങ്ങൾ കൊച്ചി നഗരത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന വിലയിരുത്തലിലാണ് 'കേരളം മെട്രോ റെയിൽ ലിമിറ്റഡ്' എന്ന പുതിയ പേര് നിർദ്ദേശിച്ചിരിക്കുന്നത്.
ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കി പ്രവർത്തന ലാഭത്തിലാണ് കമ്പനി. കലൂർ ജെ.എൽ.എൻ സ്റ്റേഡിയം മുതൽ സ്മാർട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ടം ഒരു വർഷത്തിനകം പൂർത്തിയാകും. ഇതിന് പുറമെ കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികൾ തുടങ്ങിയവയും കെ.എം.ആർ.എൽ ഏറ്റെടുത്ത് നടത്തുന്നുണ്ട്.
തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ ചുമതലയും കെ.എം.ആർ.എല്ലിനാണ്. ഈ സാഹചര്യത്തിലാണ് നഗരകേന്ദ്രീകൃതമായ പേര് കമ്പനിയുടെ നിലവിലെയും ഭാവിയിലെയും വിപുലമായ പ്രവർത്തന മേഖലയ്ക്ക് അനുയോജ്യമല്ലാത്തതിനാൽ കേരളം മെട്രോ റെയിൽ എന്ന പുതിയ പേര് നിർദ്ദേശിച്ചിരിക്കുന്നതെന്ന് ലോക്നാഥ് ബഹ്റ പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങൾ നടപ്പാക്കിയ വിജയകരമായ മാതൃക പിന്തുടർന്നാണ് കെ.എം.ആർ.എല്ലിന്റെ ഈ നീക്കം. നാഗ്പൂർ മെട്രോ 'മഹാരാഷ്ട്ര മെട്രോ' ആയും, ലഖ്‌നൗ മെട്രോ 'ഉത്തർപ്രദേശ് മെട്രോ' ആയും, അഹമ്മദാബാദ് മെട്രോ 'ഗുജറാത്ത് മെട്രോ' ആയും പുനഃസംഘടിപ്പിച്ചിരുന്നു.
സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ. കമ്പനിയുടെ ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവരുടെ അന്തിമ അംഗീകാരം ഇതിന് ആവശ്യമാണ്.
പേരുമാറ്റം കമ്പനിയുടെ നിലവിലെ സ്വത്തുക്കൾ, ബാധ്യതകൾ, കരാറുകൾ, ജീവനക്കാരുടെ തസ്തികകൾ, നിയമപരമായ നിലനിൽപ്പ് എന്നിവയെ ബാധിക്കില്ലെന്ന് എം.ഡി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. പുനർനാമകരണവും റീബ്രാൻഡിംഗും കമ്പനിയുടെ സ്വന്തം ബജറ്റിൽ നിന്നുള്ള തുക വിനിയോഗിച്ചായിരിക്കും നടപ്പിലാക്കുക.
KMRL MD Loknath Behera submits proposal to the State Government to rename Kochi Metro Rail Limited as Kerala Metro Rail Limited.
Read DhanamOnline in English
Subscribe to Dhanam Magazine