കൊച്ചി കനാൽ നവീകരണ പദ്ധതി: നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസന വിപ്ലവം

ഫണ്ട് കൃത്യമായി ലഭ്യമായാൽ അഞ്ച് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ സാധിക്കും, കനാലുകൾക്ക് അരികിലുള്ള മതിലുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടി വരുമെന്നത് വലിയ വെല്ലുവിളി
Kochi canal rejuvenation project
Representational image, courtesy: Canva
Published on

കൊച്ചി നഗരം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനും സുസ്ഥിര നഗര ഗതാഗതത്തിനും നഗരത്തിലെ ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുമായി ആവിഷ്കരിച്ച വിപുലമായ പദ്ധതിയാണ് കൊച്ചി കനാൽ നവീകരണ പദ്ധതി. കൊച്ചി കോർപ്പറേഷന്റെയും കെ.എം.ആര്‍.എല്ലിന്‍റെയും വിവിധ സർക്കാർ ഏജൻസികളുടെയും ഏകോപനത്തിലൂടെ നടപ്പിലാക്കുന്ന ഈ പദ്ധതി, നഗരത്തിന്റെ പരിസ്ഥിതിക്കും ഗതാഗതത്തിനും ടൂറിസത്തിനും പുതിയ ദിശാബോധം നൽകാൻ ലക്ഷ്യമിടുന്നു. നഗരത്തിലെ ആകെ 34 കിലോമീറ്റർ നീളം വരുന്ന 6 പ്രധാന കനാലുകളാണ് ഈ പദ്ധതിയിലൂടെ പുനരുജ്ജീവിപ്പിക്കുന്നത്. പേരണ്ടൂർ കനാൽ, ഇടപ്പള്ളി കനാൽ, തേവര കനാൽ, ചിലവന്നൂർ കനാൽ, കോന്തുരുത്തി കനാൽ, മാർക്കറ്റ് കനാൽ എന്നിവയാണ് നവീകരിക്കുന്ന പ്രധാന കനാലുകൾ.

നിലവിലെ കനാലുകളുടെ വെളളം ഉള്‍ക്കൊളളാവുന്ന ശേഷി കൂടിയാല്‍ മാത്രമാണ് കൊച്ചി നഗരത്തിലെ വെളളക്കെട്ട് ഒഴിവാക്കാന്‍ നമുക്ക് സാധിക്കുകയുളളൂ. കനാൽ നവീകരണ പദ്ധതിയിലൂടെ ഇവയുടെ സ്വാഭാവിക വീതിയും ആഴവും പുനരുജ്ജീവിപ്പിക്കുകയാണ്. ടൂറിസം പോലുളള സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഇതൊരു വരുമാന മാര്‍ഗം കൂടിയാക്കി മാറ്റാന്‍ സാധിക്കും. മലിന ജലം കായലിലേക്ക് ഒഴുക്കിവിടുന്ന പ്രവണത തടയുന്നതിനായി സ്യൂവേജ് ട്രീറ്റ്‌മെന്റ് സംവിധാനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കൊച്ചി നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.

കൊച്ചി കോർപ്പറേഷന്‍ മേയര്‍ അഡ്വ. വി.കെ. മിനിമോൾ

പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ

കനാലുകളുടെ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി വർദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. വർഷങ്ങളായി നടന്നുവരുന്ന കയ്യേറ്റങ്ങൾ മൂലം പല കനാലുകളുടെയും വീതി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, 32 മുതൽ 38 മീറ്റർ വരെ വീതിയുണ്ടായിരുന്ന കോന്തുരുത്തി പുഴ പലയിടത്തും ഒന്നര മീറ്റർ വരെയായി ചുരുങ്ങിയിരുന്നു. ഇത്തരം കനാലുകളെ അവയുടെ പഴയ വീതിയിലേക്കും നീളത്തിലേക്കും തിരിച്ചുപിടിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കോന്തുരുത്തി പുഴയെ വീണ്ടും 32 മീറ്റർ വീതിയിലാക്കുന്നതോടെ നെട്ടൂർ പുഴയുമായി നേരിട്ട് ബന്ധിപ്പിക്കാനും വെള്ളക്കെട്ട് സമയത്ത് നഗരത്തിലെ വെള്ളം വേഗത്തിൽ ഒഴുക്കിക്കളയാനും സാധിക്കും.

സാമ്പത്തിക വിഹിതവും സ്യൂവേജ് പദ്ധതിയും

കിഫ്ബി (KIIFB) വഴിയാണ് ഈ പദ്ധതിക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നത്. കനാൽ നവീകരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ഏകദേശം 3,700 കോടി രൂപയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം സ്യൂവേജ് (Sewage) സംവിധാനത്തിനായുള്ളതാണ്. കനാലുകൾ മലിനമാകാനുള്ള പ്രധാന കാരണം വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നേരിട്ട് സ്യൂവേജ് ലൈനുകൾ തോടുകളിലേക്ക് നൽകിയിരിക്കുന്നതാണ്. ഏകദേശം 1,700 കോടി രൂപ ചെലവിൽ കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ പുതിയ സ്യൂവേജ് ട്രീറ്റ്‌മെന്റ് സംവിധാനം കൊണ്ടുവരുന്നതോടെ കനാലുകളിലെ മലിനീകരണം പൂർണമായും ഒഴിവാക്കാൻ സാധിക്കും. ഷീഗല്ല പോലുള്ള പകർച്ചവ്യാധികൾ തടയാൻ ഇത്തരം ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ അത്യന്താപേക്ഷിതമാണ്.

വെല്ലുവിളികളും നിലവിലെ അവസ്ഥയും

നിലവിൽ പദ്ധതിയുടെ ടെൻഡറിംഗ് നടപടികൾ പുരോഗമിക്കുകയാണ്. ആദ്യമായി മാർക്കറ്റ് കനാലിന്റെ ടെൻഡറിംഗ് പൂർത്തിയായെങ്കിലും, പദ്ധതി വിഭാവനം ചെയ്തതിനേക്കാൾ വർഷങ്ങൾ വൈകിയത് മൂലം നിർമ്മാണ ചെലവിൽ വർദ്ധനവ് (Price escalation) ഉണ്ടായിട്ടുണ്ട്. ഇതിൽ സർക്കാർ തലത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. ഫണ്ട് കൃത്യമായി ലഭ്യമായാൽ അഞ്ച് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ സാധിക്കും. എന്നാൽ, കനാലുകളുടെ പഴയ വീതി വീണ്ടെടുക്കുന്നതിനായി കനാലുകൾക്ക് അരികിലുള്ള മതിലുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടി വരുമെന്നത് വലിയൊരു വെല്ലുവിളിയാണ്. ഇതിനെതിരെ ജനങ്ങളിൽ നിന്നുണ്ടാകാൻ സാധ്യതയുള്ള പ്രതിഷേധങ്ങൾ പരിഹരിച്ച് മുന്നോട്ട് പോയാൽ മാത്രമേ ഈ പദ്ധതി വിജയകരമാവുകയുള്ളൂവെന്നും അഡ്വ. വി.കെ. മിനിമോൾ ധനം ഓണ്‍ലൈനോട് പറഞ്ഞു.

ടൂറിസവും ഗതാഗതവും

വെള്ളക്കെട്ട് ഒഴിവാക്കുന്നതിനൊപ്പം നഗരത്തിന് ഒരു വരുമാന മാർഗം കൂടി ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. കായൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ചെറിയ ബോട്ടുകൾ ഓടിക്കാനും, കയാക്കിങ് പോലുള്ള വിനോദസഞ്ചാര-സ്പോർട്സ് സാധ്യതകൾ വികസിപ്പിക്കാനും പദ്ധതിയിൽ ഇടമുണ്ട്. കൂടാതെ, സ്ഥലം ഏറ്റെടുക്കൽ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചാൽ കൊച്ചി മെട്രോയുടെ വാട്ടർ മെട്രോ കണക്റ്റിവിറ്റിയും ഈ കനാലുകളിലൂടെ ലഭ്യമാക്കാൻ സാധിക്കുമെന്ന് കെ.എം.ആർ.എൽ (KMRL) പ്രതീക്ഷിക്കുന്നു. ഇത് കൊച്ചിയുടെ പൊതുഗതാഗത രംഗത്ത് വലിയൊരു മാറ്റത്തിന് വഴിയൊരുക്കും.

നഗരത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിനും ഗതാഗത സൗകര്യ വികസനത്തിനും പദ്ധതി നിർണായകമാകും. കൊച്ചിയെ ഒരു സുസ്ഥിര നഗരമാക്കി മാറ്റുന്നതിനും നഗരവാസികളുടെ ആരോഗ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും കൊച്ചി കനാൽ നവീകരണ പദ്ധതി വലിയ സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com