

സ്വന്തം വികസന പ്രവർത്തനങ്ങൾക്കായി സർക്കാരിൽ നിന്നുള്ള ഫണ്ടിനെ മാത്രം ആശ്രയിക്കാൻ കഴിയാത്ത ഘട്ടത്തിൽ, നഗരങ്ങൾക്ക് സ്വന്തം നിലയിൽ പദ്ധതിവിഹിതം കണ്ടെത്തേണ്ടി വരും. കൊച്ചി നഗരം ഇപ്പോൾ അഭിമുഖീകരിക്കുന്ന മുഖ്യ പ്രതിസന്ധികളിലൊന്ന് ഇതുതന്നെയാണ്. ഇതുവരെ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൂർണമായും അവഗണിച്ചിരുന്ന മുനിസിപ്പൽ ബോണ്ട് വിപണിയാണ് (Bond Market) ഇനി കൊച്ചിയുടെ വിഭവസമാഹരണത്തിനായുള്ള മികച്ച പ്രായോഗികമായ വഴികളിലൊന്ന്.
കേരളത്തിന്റെ മൊത്തം കടം 5 ലക്ഷം കോടി രൂപ പിന്നിട്ടിരിക്കുകയാണ്. സംസ്ഥാന വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തിരിച്ചടവ് എന്നിങ്ങനെയുള്ള നിർബന്ധതി ചെലവുകൾക്കായി മാറ്റിവെക്കേണ്ടി വരുന്നു. ഇതിന്റെ ആഘാതം കൊച്ചി പോലുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ നഗരത്തിലും ദൃശ്യമാണ്. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിൽ നിന്നുള്ള ഫണ്ടുകളുടെ വരവ് പ്രതിസന്ധിയിലായതോടെ കോർപ്പറേഷനിലെ വികസന പ്രവർത്തനങ്ങളേയും പ്രതികൂലമായി ബാധിക്കുന്നു. ഒട്ടനവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് ഫണ്ടില്ലാതെ വൈകുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ്, കൊച്ചി കോർപ്പറേഷൻ മുൻസിപ്പൽ ബോണ്ട് വിപണിയിലേക്ക് നീങ്ങുന്നത്.
കേന്ദ്ര സർക്കാർ നയങ്ങൾ കൊച്ചിയുടെ ബോണ്ട് പുറത്തിറക്കാനുള്ള തീരുമാനത്തിന് അനുകൂലമായ സമയത്ത് തന്നെയാണ് വന്നിരിക്കുന്നത്. വലിയ നഗരങ്ങൾ പുറത്തിറക്കുന്ന 1,000 കോടി രൂപയ്ക്ക് മുകളിലുള്ള മുനിസിപ്പൽ ബോണ്ടുകൾക്ക് 100 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക ആനുകൂല്യം ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളെ നേരിട്ട് കടപ്പത്ര വിപണിയിലേക്ക് ആകർഷിക്കാനുള്ള കേന്ദ്രത്തിന്റെ ഏറ്റവും ശക്തമായ നീക്കമാണിത്. ഇതിനുപുറമെ, അമൃത് പദ്ധതിയുടെ രണ്ടാം ഘട്ടം (AMRUT 2.0) വഴി ആദ്യമായി ബോണ്ട് ഇറക്കുന്നവർക്ക് സമാഹരിക്കുന്ന ഓരോ 100 കോടിക്കും 13 കോടി രൂപ വരെ (പരമാവധി 26 കോടി വരെ) സബ്‌സിഡിയും ലഭിക്കും. ഇത് നഗരങ്ങളുടെ പലിശ ബാധ്യത ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
ഇന്ത്യയിലെ മുനിസിപ്പൽ ബോണ്ട് വിപണി 2025-26 സാമ്പത്തിക വർഷത്തിൽ 9 ബോണ്ട് ഇഷ്യൂകളുമായി റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്. 2024 സാമ്പത്തിക വർഷത്തിൽ ഇത് കേവലം ഒന്ന് മാത്രമായിരുന്നു. ആഗ്ര, വാരണാസി, പ്രയാഗ്‌രാജ് തുടങ്ങിയ നഗരങ്ങൾ ആദ്യമായി ഈ കടപ്പത്ര വിപണിയിലേക്ക് എത്തിയപ്പോൾ ചെന്നൈ, നാസിക് തുടങ്ങിയ വമ്പൻ നഗരങ്ങൾ വീണ്ടും ബോണ്ടുകൾ പുറത്തിറക്കി. ഇൻഡോറിന്റെ ബോണ്ടിന് 5.9 മടങ്ങും സൂരത്തിന്റേതിന് 8 മടങ്ങും നിക്ഷേപകരെയാണ് വിപണിയിൽ ഇഷ്യൂ ചെയ്ത വേളയിൽ ലഭിച്ചത്. കടപ്പത്ര വിപണിയിൽ മുനിസിപ്പൽ ബോണ്ടുകളോട് വേണ്ടത്ര താത്പര്യമുണ്ടെങ്കിലും കേരളത്തിലെ നഗരങ്ങൾ ഇതുവരെ ഈ വഴിയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല — ഇപ്പോൾ കൊച്ചി അതിന് തുടക്കമിടുന്നു.
കൊച്ചി മേയർ വി.കെ മിനിമോൾ, ഈ വികസന ലക്ഷ്യത്തിന് വ്യക്തമായ ഒരു സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. അവശ്യമായ എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ട് നടപ്പ് സാമ്പത്തിക വർഷത്തിനുള്ളിൽ (FY 2026-27) ഏകദേശം 200 കോടി രൂപയുടെ മുനിസിപ്പൽ ബോണ്ടുകൾ പുറത്തിറക്കാൻ കോർപ്പറേഷൻ പദ്ധതിയിടുന്നതെന്ന് മേയർ മിനിമോൾ പറഞ്ഞു. വൈറ്റില സോണൽ ഓഫീസ് കോംപ്ലക്സ്, കലൂർ ഷോപ്പിംഗ് കോംപ്ലക്സ്-കം-ബസ് സ്റ്റാൻഡ് എന്നിങ്ങനെ കൊച്ചി നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉതകുന്ന വിവിധ പദ്ധതികൾക്കായി ബോണ്ടിൽ നിന്നും സമാഹരിക്കുന്ന പണം വിനിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.
സർക്കാർ ഗ്രാന്റുകളെ ആശ്രയിക്കാതെ, സ്വന്തമായി വരുമാനം കണ്ടെത്താൻ കഴിയുന്ന സ്വയംഭരണ മാതൃകയിലാണ് (Self-sustaining revenue models) ഈ രണ്ട് പദ്ധതികളും വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളും കൊച്ചി കോർപ്പറേഷൻ ഇതിനകം സജീവമാക്കിയിട്ടുണ്ട്. രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിയുടെ (SEBI) മാർഗ്ഗനിർദ്ദേശങ്ങൾ ഇതിനായി കൈപ്പറ്റിയിട്ടുണ്ട്. ഈ മുനിസിപ്പൽ ബോണ്ടുകൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി കോർപ്പറേഷൻ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടാനുള്ള ശ്രമങ്ങളിലാണ്. കൂടാതെ, ബോണ്ട് പുറത്തിറക്കുന്നതിന് ആവശ്യമായ ക്രെഡിറ്റ് അക്രഡിറ്റേഷൻ യോഗ്യതകൾ നേടുന്നതിനായി തങ്ങളുടെ സാമ്പത്തിക വിവരങ്ങൾ ഓഡിറ്റ് ചെയ്യുകയും ഡാറ്റ ശേഖരിക്കുകയും ചെയ്യുന്ന തിരിക്കിലുമാണ് കോർപ്പറേഷൻ ഇപ്പോഴുള്ളത്.
മുനിസിപ്പൽ ബോണ്ട് വിപണിയിൽ അവതരിപ്പിക്കുന്നതിനായി കൊച്ചി നേരിടുന്ന പ്രധാന ഘടനാപരമായ വെല്ലുവിളി, കോർപറേഷന്റെ ക്രെഡിറ്റ് റേറ്റിംഗ് ആണ്. കേന്ദ്ര സർക്കാരിന്റെ നഗര വികസന പദ്ധതിയായ അമൃതിന്റെ (AMRUT) ഒന്നാം ഘട്ടത്തിലെ റേറ്റിംഗിൽ കൊച്ചിക്ക് ലഭിച്ചത് 'BBB' എന്ന റേറ്റിംഗ് മാത്രമാണ് (തിരുവനന്തപുരത്തിനും 'BBB' റേറ്റിംഗ് ആയിരുന്നു. എന്നാൽ കൊല്ലം, കോഴിക്കോട് നഗരങ്ങൾക്ക് ലഭിച്ചത് സബ്-ഇൻവെസ്റ്റ്‌മെന്റ് ഗ്രേഡായ 'BB+' ആണ്). 'BBB' റേറ്റിംഗ് ഉള്ള നഗരങ്ങൾക്ക് ബോണ്ടുകൾ പുറത്തിറക്കാൻ സാങ്കേതികമായി യോഗ്യതയുണ്ടെങ്കിലും വലിയ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരെ ആകർഷിക്കാനോ കുറഞ്ഞ പലിശ നിരക്കിൽ പണം സമാഹരിക്കാനോ ഈ കുറഞ്ഞ റേറ്റിംഗ് പര്യാപ്തമല്ല.
സെബിയുടെ കർശനമായ ചട്ടങ്ങളും മറ്റൊരു വെല്ലുവിളിയാണ്. രാജ്യത്തെ ബോണ്ട് വിപണിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തുടർച്ചയായി 3 വർഷത്തെ കൃത്യമായി ഓഡിറ്റ് ചെയ്ത ലാഭവിഹിതം (Audited surplus) നഗരസഭകൾ തെളിയിക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാരിൽ നിന്നുള്ള ഫണ്ടുകൾ വൈകുന്ന സാഹചര്യത്തിൽ കൊച്ചി കോർപ്പറേഷന് ഇത്തരത്തിലുള്ള സാമ്പത്തിക അച്ചടക്കം പാലിക്കുക എന്നതും വെല്ലുവിളിയാണ്.
മുനിസിപ്പൽ ബോണ്ടുകൾ വിജയകരമായാൽ വികസന പദ്ധതികൾക്കായി സർക്കാർ ഗ്രാന്റുകളെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കാം. ഇത് രാഷ്ട്രീയ—സാമ്പത്തീകാന്തരീക്ഷത്തിലെ മാറ്റങ്ങൾ കാരണം വികസന പദ്ധതികൾ വൈകുന്ന പ്രവണതയ്ക്ക് തടയിടും. കൂടാതെ, ബോണ്ടുകൾ ലിസ്റ്റ് ചെയ്യുന്നതോടെ പൊതുസമക്ഷത്തിലെ വെളിപ്പെടുത്തലുകൾ, ക്രെഡിറ്റ് റേറ്റിംഗ് നിരീക്ഷണം, കൃത്യമായ സാമ്പത്തിക റിപ്പോർട്ടിംഗ് തുടങ്ങിയ നടപടികളൊക്കെ നിയമപരമായ നിർബന്ധമായി മാറുന്നതിനാൽ കാലക്രമേണ ഭരണപരമായ സുതാര്യതയും കാര്യക്ഷമതയും വർധിക്കാനുള്ള പശ്ചാത്തലമൊരുങ്ങും.
ഏറ്റവും നിർണ്ണായകം, മുനിസിപ്പൽ ബോണ്ടിനെ വരുമാനദായക പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിലൂടെ, ബോണ്ടിന്റെ തിരിച്ചടവ് കോർപ്പറേഷന്റെ പൊതു വരുമാനത്തിൽ നിന്നല്ലാതെ ഇതു അടിസ്ഥാനമാക്കുന്ന പദ്ധതികളിൽ നിന്നുള്ള പണമൊഴുക്കിൽ (Project cash flows) നിന്നു തന്നെ കണ്ടെത്താൻ നഗരങ്ങൾക്ക് സാധിക്കും. ഇൻഡോറിലും സൂറത്തിലും വിജയകരമായി നടപ്പിലാക്കിയ ഈ പുതിയ വികസന മാതൃക കൊച്ചിയുടെ നിലവിലെ സാമ്പത്തിക അവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണെന്നാണ് വിലയിരുത്തൽ.
സെബിയിൽ നിന്നും ലഭിക്കുന്ന കണക്കനുസരിച്ച് 2026 മാർച്ച് വരെയുള്ള കാലയളവിൽ ഇന്ത്യയിലാകെ 31 പദ്ധതികളുടെ മുൻസിപ്പൽ ബോണ്ടുകൾ മുഖേന ആകെ സമാഹരിച്ചിട്ടുള്ളത് 4,540.34 കോടി രൂപയാണ്. അടിസ്ഥാന സൗകര്യ ആവശ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണെങ്കിലും ഈ വിപണിയുടെ വളർച്ചാ നിരക്ക് വളരെ വേഗത്തിലാണ്. കൊച്ചിയെ സംബന്ധിച്ച് ബോണ്ട് മാർക്കറ്റ് എന്നത് ഇനി ഒരു വിദൂര സ്വപ്നമല്ല, കോർപറേഷൻ നേതൃത്വം അതു സമയബന്ധിതമായി സാക്ഷാത്കരിക്കുമെന്ന് തന്നെ കരുതാം.