1,855 യാത്രക്കാര്‍, ₹1.18 ലക്ഷം വരുമാനം, കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വീസിന് മികച്ച പ്രതികരണം

എയര്‍പോര്‍ട്ട് റൂട്ടില്‍ നാലു ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളുമാണ് വ്യാഴാഴ്ച സര്‍വീസ് നടത്തിയത്
1,855 യാത്രക്കാര്‍, ₹1.18 ലക്ഷം വരുമാനം, കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വീസിന് മികച്ച പ്രതികരണം
Published on

കൊച്ചി മെട്രോ ട്രയിനിലേതിന് സമാനമായ സൗകര്യങ്ങളുമായി ആരംഭിച്ച ഇലക്ടിക് ബസ് സര്‍വ്വീസിന് ആദ്യ ദിവസം യാത്രക്കാരില്‍ നിന്ന് മികച്ച  പ്രതികരണം. ആലുവ- എയര്‍പോര്‍ട്ട്, കളമശേരി- മെഡിക്കല്‍ കോളജ്‌, കളമശേരി- കുസാറ്റ് റൂട്ടുകളിലാണ് വ്യാഴാഴ്ച സര്‍വ്വീസ് ആരംഭിച്ചത്. ഈ റൂട്ടുകളിലായി 1,855 പേരാണ് ആദ്യ ദിനം യാത്ര ചെയ്തത്. എയര്‍ പോര്‍ട്ട് റൂട്ടില്‍ 1 ,345 പേരും കളമശേരി റൂട്ടില്‍ 510 പേരും ഇലക്ടിക് ബസ് ഉപയോഗിച്ചു. മൂന്നു റൂട്ടുകളിലുമായി ആദ്യ ദിവസത്തെ പ്രതിദിന കളക്ഷന്‍ 1,18,180 രൂപയാണ്. എയര്‍പോര്‍ട്ട് റൂട്ടില്‍ നാലു ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളുമാണ് വ്യാഴാഴ്ച സര്‍വ്വീസ് നടത്തിയത്.

ഹൈക്കോടതി-എം.ജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര- കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ-ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രപാര്‍ക്ക്, കളക്ട്രേറ്റ് എന്നീ റൂട്ടുകളില്‍ ഘട്ടം ഘട്ടമായി ഉടനെ സര്‍വ്വീസുകള്‍ ആരംഭിക്കും.

ആലുവ- എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസിലെ യാത്ര നിരക്ക്. കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫസ്റ്റ് മൈല്‍-ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകള്‍ ഏകദേശം 15 കോടിയോളം രൂപ മുടക്കി വാങ്ങി കൊച്ചി മെട്രോ സര്‍വ്വീസ് നടത്തുന്നത്.

എയര്‍പോര്‍ട്ട് റൂട്ടില്‍ നാലു ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളും ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ ഒരു ബസും കളക്ട്രേറ്റ് റൂട്ടില്‍ രണ്ട് ബസുകളും ഹൈക്കോര്‍ട്ട് റൂട്ടില്‍ മൂന്നു ബസുകളും കടവന്ത്ര റൂട്ടില്‍ ഒരു ബസുമാണ് സര്‍വ്വീസ് നടത്തുന്നത്.

എയര്‍പോര്‍ട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റും ഇടവിട്ട് സര്‍വ്വീസുകള്‍ ഉണ്ടാകും. രാവിലെ 6.45 മുതല്‍ സര്‍വ്വീസ് ആരംഭിക്കും. രാത്രി 11 മണിക്കാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ആലുവയിലേക്കുള്ള അവസാന സര്‍വ്വീസ്.

കളമശേരി-മെഡിക്കല്‍ കോളെജ് റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും. രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് സര്‍വ്വീസ്.

മെട്രോ പോലെ ബസും

ഏറ്റവും സുഖകരമായ യാത്രയ്ക്ക് പരിസ്ഥിതിക്ക് ഇണങ്ങുന്ന കൊച്ചി മെട്രോയിലേതിന് സമാനമായ യാത്രാ സൗകര്യങ്ങളോടെയാണ് ഇ ബസുകള്‍ സജ്ജമാക്കിയിരിക്കുന്നത്. 33 സീറ്റുകളാണ് ബസിലുള്ളത്. മൊബെല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ യു.എസ്.ബി പോര്‍ട്ട് ലഭ്യമാണ്.

മുട്ടം, കലൂര്‍, വൈറ്റില, ആലുവ എന്നിവിടങ്ങളിലാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍. ഡിജിറ്റല്‍ പേയ്മെന്റ് വഴിയാണ് ടിക്കറ്റിംഗ്. കാഷ് ട്രാന്‍സാക്ഷനും ഉണ്ട്. യുപിഐ വഴിയും രൂപേ ഡെബിറ്റ് കാര്‍ഡ്, കൊച്ചി 1 കാര്‍ഡ് എന്നിവ വഴിയും പേയ്മെന്റ് നടത്താം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com