കൊച്ചി മെട്രോ ചരിത്രത്തിലാദ്യമായി പ്രവര്‍ത്തന ലാഭത്തില്‍, വരുമാനം 145% വര്‍ധിച്ചു

പ്രവര്‍ത്തന വരുമാനത്തില്‍ വലിയ കുതിച്ചുചാട്ടവുമായി കൊച്ചി മെട്രോ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 145 ശതമാനത്തിലധികം വളര്‍ച്ചയാണ് നേടിയത്.

സംസ്ഥാനത്തിന്റെ പൊതുഗതാഗത രംഗത്ത് വിപ്‌ളവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) ആദ്യമായാണ് പ്രവര്‍ത്തന ലാഭത്തിലേക്ക് കടക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ 54.32 കോടി രൂപയില്‍ നിന്ന് 134.04 കോടിയിലേക്കാണ് പ്രവര്‍ത്തന വരുമാനം കുതിച്ചുയര്‍ന്നത്. 2022-23 വര്‍ഷത്തെ പ്രവര്‍ത്തന ലാഭം 5.35 കോടി രൂപയാണ്.

യാത്രക്കാര്‍ ഒരു ലക്ഷത്തോളം

യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ് മെട്രോയെ ലാഭ പാതയിലേക്ക് എത്താന്‍ സഹായിച്ചത്‌. കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ച 2017 ജൂണില്‍ 59,894 ആളുകളാണ് മെട്രോയില്‍ യാത്ര ചെയ്തത്. 2022 സെപ്തംബറിനും നവംബറിനുമിടക്ക് യാത്രക്കാരുടെ ശരാശരി എണ്ണം 75,000 കടന്നു. ഈ വര്‍ഷം ജനുവരിയില്‍ ഇത് 80,000 കടന്നു. നിലവില്‍ ഒരു ലക്ഷത്തിലധികം യാത്രക്കാരാണ് മെട്രോ സേവനം പ്രയോജനപ്പെടുത്തുന്നതെന്നാണ് കണക്കു കൂട്ടുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും സ്ഥിരം യാത്രികര്‍ക്കുമായുള്ള വിവിധ സ്‌കീമുകള്‍ ഏര്‍പ്പെടുത്തിയും സെല്‍ഫ് ടിക്കറ്റിംഗ് മഷീനുകള്‍ സ്ഥാപിച്ചും യാത്രക്കാര്‍ക്ക് മികച്ച സേവനം ഉറപ്പാക്കിയുമാണ് കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാന്‍ സാധിച്ചത്.

ഡിസംബര്‍-ജനുവരി മാസത്തില്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുകയും കൊച്ചി മെട്രോ രണ്ടാം ഘട്ടം കൂടി പ്രാവര്‍ത്തികമാകുകയും ചെയ്യുമ്പോള്‍ വരുമാനത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് രാജ്യത്തെ തന്നെ ഏറ്റവും മികച്ച മെട്രോ സംവിധാനമാക്കി കൊച്ചി മെട്രോയെ മാറ്റാന്‍ സഹായിക്കുമെന്നും വ്യവസായ മന്ത്രി പി.രാജീവ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു. 1,957 കോടി രൂപയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പുതുക്കിയ ഭരണാനുമതി സര്‍ക്കാര്‍ ലഭ്യമാക്കിയതോടെ കാക്കനാട് ഭാഗത്തേക്കുള്ള മെട്രോയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

നടപ്പ് സാമ്പത്തിക വര്‍ഷം ലക്ഷ്യം 150-160 കോടി രൂപ വരുമാനം

വലിയ പ്രതികൂല സാഹചര്യങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ 2025 ഓഗസ്റ്റില്‍ മെട്രോ കാക്കനാട് എത്തുമെന്ന് കൊച്ചി മെട്രോ റെയ്ല്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ലോക്നാഥ് ബെഹ്റ ധനത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 150-160 കോടി രൂപ വരുമാനമാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്. വായ്പ തിരിച്ചടവും മറ്റും മാറ്റിനിര്‍ത്തിയാല്‍ ഈ വര്‍ഷം 15-20 കോടി രൂപ പ്രവര്‍ത്തന ലാഭം നേടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it