കൊച്ചി മെട്രോ പുതിയ കുതിപ്പില്‍! പിങ്ക് ലൈന്‍ പൈലടിച്ചു തീരാറായി, അങ്കമാലി ലൈന്‍ ഡി.പി.ആര്‍ അവസാന ഘട്ടത്തില്‍

ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ഫീഡർ ശൃംഖലയിലേക്ക് പുതിയ ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള ആലോചനകളിലാണ് കെഎംആര്‍എല്‍
kochi metro
Image courtesy: Canva
Published on

നഗര ഗതാഗതത്തില്‍ നാഴികക്കല്ലായ വികസന മാതൃകയായി കൊച്ചി മെട്രോ ദ്രുതഗതിയില്‍ മുന്നേറി കൊണ്ടിരിക്കുകയാണ്. മെട്രോ ശൃംഖലയുടെ വിപുലീകരണം, യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധന, ഇ ഫീഡർ ബസ് സര്‍വീസുകളുടെ വ്യാപനം തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ഊര്‍ജിത വികസന പാതയിലാണ്. ഡിസംബറോടെ രണ്ടാം ഘട്ടത്തിന്റെ സിവിൽ, ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. കൊച്ചി മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതിനാല്‍ ഫസ്റ്റ്, ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ ഫീഡര്‍ ബസുകള്‍ അവതരിപ്പിക്കാനും ഉദ്ദേശിക്കുന്നു.

രണ്ടാം ഘട്ടത്തിന്റെ പുരോഗതി

ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ടത്തിന്റെ (പിങ്ക് ലൈൻ) നിർമ്മാണ പ്രവർത്തനങ്ങൾ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. രണ്ടാം ഘട്ട പാതയില്‍ ആകെ സ്ഥാപിക്കേണ്ട 2028 പൈലുകളിൽ 1733 എണ്ണവും ഇതിനകം പൂർത്തിയായിക്കഴിഞ്ഞതായി കൊച്ചി മെട്രോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു. ട്രാക്കിനായി 1659 പൈലുകൾ വേണ്ടതിൽ 1364 എണ്ണവും, സ്റ്റേഷനുകൾക്കായി ആവശ്യമായ 369 പൈലുകളും പൂര്‍ത്തിയായിട്ടുണ്ട്. ആകെ വേണ്ട 470 പൈൽ ക്യാപ്പുകളിൽ 355 എണ്ണം പൂർത്തിയായി. 470 തൂണുകളിൽ (Pillars) 280 എണ്ണവും, 144 പിയർ ക്യാപ്പുകളും സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ 172 ഗിർഡറുകൾ സ്ഥാപിച്ചതോടെ ഏകദേശം 2-3 കിലോമീറ്ററോളം ദൂരം പാലം സജ്ജമായിട്ടുണ്ട്.

ഈ വര്‍ഷം അവസാനത്തോടെ സിവിൽ, ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കി 2027 വേനൽക്കാലത്തോടെ പാത പ്രവർത്തനക്ഷമമാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം, കൊച്ചി എയർപോർട്ട് വഴി അങ്കമാലിയിലേക്ക് മെട്രോ നീട്ടുന്ന മൂന്നാം ഘട്ടത്തിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയാറാക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്.

യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

2025-26 സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തേക്കാൾ 13.75 ലക്ഷം അധികം യാത്രക്കാർ മെട്രോ ഉപയോഗിച്ചു, ആകെ യാത്രക്കാരുടെ എണ്ണം 3.68 കോടിയായി ഉയർന്നു. യാത്രക്കാരുടെ എണ്ണം വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്:

വിശ്വാസ്യതയും കൃത്യനിഷ്ഠയും: റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി വേഗത്തിലും സുരക്ഷിതമായും യാത്ര ചെയ്യാമെന്നത് ആളുകളെ മെട്രോയിലേക്ക് ആകർഷിക്കുന്നു.

സമയക്രമത്തിലെ മാറ്റം: ഫെബ്രുവരി 15 മുതൽ സർവീസുകൾ രാത്രി 11 മണി വരെ നീട്ടിയത് യാത്രക്കാരുടെ എണ്ണം വർദ്ധിക്കാൻ സഹായിച്ചു.

ഫീഡർ സർവീസുകൾ: റെയിൽ-വാട്ടർ മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഇ-ഫീഡർ ബസുകളുടെ പ്രവർത്തനം കഴിഞ്ഞ വർഷം പൂർണതോതിൽ നടന്നത് മെട്രോ ശൃംഖലയെ കൂടുതൽ ജനകീയമാക്കി.

ആനുകൂല്യങ്ങൾ: ക്യുആർ ടിക്കറ്റുകൾക്കും മറ്റും നൽകിയ 10 മുതൽ 15 ശതമാനം വരെയുള്ള ഇളവുകൾ യാത്രക്കാരെ ആകർഷിച്ചു.

'സെമി നെയിമിംഗ്' ഉൾപ്പെടെയുള്ള പരസ്യങ്ങള്‍ മെട്രോ സ്റ്റേഷനുകളിൽ നടത്തുന്നതിലൂടെ നല്ല രീതിയിലുള്ള വരുമാനം കെഎംആര്‍എല്ലിന് ലഭിക്കുന്നുണ്ട്.

ഫീഡർ ബസ് വിപുലീകരണം

നിലവിൽ 15 ഇ-ബസുകളിലായി ആറ് റൂട്ടുകളിൽ ഓടുന്ന ഫീഡർ ശൃംഖലയിലേക്ക് 15 മുതൽ 17 വരെ പുതിയ ഇലക്ട്രിക്കൽ ബസുകൾ കൂടി വാങ്ങാനുള്ള ആലോചനകളിലാണ് കെഎംആർഎൽ. ഇതിനായുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. ആലുവ-സിയാല്‍ (CIAL) കോറിഡോർ, മെഡിക്കൽ കോളേജ് റൂട്ട് എന്നിവിടങ്ങളിലാണ് നിലവിൽ കൂടുതൽ യാത്രക്കാരുള്ളത്.

Kochi Metro is witnessing rapid expansion with Phase 2 construction progress, rising passenger numbers, feeder bus network growth, and plans for airport connectivity under Phase 3.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com