ഐടി ഹബ്ബിലേക്ക് മെട്രോ കുതിക്കും; 2027 ഓഗസ്റ്റില്‍ സര്‍വീസ് ആരംഭിക്കാന്‍ കെ.എം.ആര്‍.എല്‍, സ്റ്റേഷന്‍ പൈലിംഗ് പൂര്‍ത്തിയായി

പാത നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍. പ്രതിദിന നിര്‍മാണ വേഗം 55 മീറ്ററായി ഉയര്‍ത്തും
Kochi Metro Phase 2 station models
കൊച്ചി മെട്രോ ഫേസ് 2 സ്റ്റേഷന്‍ മോഡല്‍
Published on

നഗരത്തിന്റെ യാത്രാ മുഖച്ഛായ മാറ്റുന്ന കൊച്ചി മെട്രോ രണ്ടാം ഘട്ട (Phase 2) പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ നിന്ന് കാക്കനാട് വഴി ഇന്‍ഫോപാര്‍ക്കിലേക്ക് നീളുന്ന 10.58 കിലോമീറ്റര്‍ എലിവേറ്റഡ് പാതയുടെ നിര്‍മാണം 2027 ജൂണോടെ പൂര്‍ത്തിയാകും. തുടര്‍ന്ന് കമ്മീഷനിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി 2027 ഓഗസ്റ്റില്‍ വാണിജ്യ സര്‍വീസ് ആരംഭിക്കാനാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) ലക്ഷ്യമിടുന്നത്. വിദേശ വായ്പ അനുവദിക്കുന്നതിലുണ്ടായ കാലതാമസവും സങ്കീര്‍ണമായ നഗര സാഹചര്യങ്ങളും ഉയര്‍ത്തിയ വെല്ലുവിളികള്‍ അതിജീവിച്ചാണ് പദ്ധതി ഈ നേട്ടത്തിലേക്ക് കുതിക്കുന്നത്.

അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് പ്രധാന സിവില്‍ കരാര്‍ നല്‍കിക്കൊണ്ട് 2024 ജൂണ്‍ 12-നാണ് രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ആദ്യ മാസങ്ങളില്‍ വിശദമായ സര്‍വേകള്‍, ജിയോ-ടെക്‌നിക്കല്‍ പരിശോധനകള്‍, എച്ച്.എം.ടി.യില്‍ കാസ്റ്റിംഗ് യാര്‍ഡ് സ്ഥാപിക്കല്‍ തുടങ്ങിയ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

വാഴക്കാലയിലെ മെട്രോ പാലത്തിന്റെ ദൃശ്യം
Metro rail in vazhakkala area

നിര്‍മാണത്തില്‍ പുരോഗതി; സ്റ്റേഷന്‍ പൈലിംഗ് പൂര്‍ത്തിയായി

കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് പദ്ധതിയുടെ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പുരോഗതിയാണ് കൈവരിക്കാനായത്. സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പൈലിംഗ്, പൈല്‍ ക്യാപ് നിര്‍മാണം ഉള്‍പ്പെടെയുള്ള എല്ലാ ഫൗണ്ടേഷന്‍ ജോലികളും പൂര്‍ത്തിയായിക്കഴിഞ്ഞു. മെട്രോ പാതയ്ക്കായുള്ള പൈലിംഗ് ജോലികളുടെ ഏകദേശം 85 ശതമാനവും പൂര്‍ത്തിയായി. യു-ഗര്‍ഡറുകളും ഐ-ഗര്‍ഡറുകളും ഉള്‍പ്പെടുന്ന ഏകദേശം 3.5 കിലോമീറ്റര്‍ സൂപ്പര്‍സ്ട്രക്ചര്‍ സ്ഥാപിച്ച് ട്രാക്ക് തയ്യാറാക്കുന്നതിന് സജ്ജമാക്കിയിട്ടുണ്ട്.

നിലവില്‍ പ്രതിദിനം 25 മുതല്‍ 30 മീറ്റര്‍ വരെ പാത നിര്‍മാണം പൂര്‍ത്തിയാക്കുന്നുണ്ട്. മഴക്കാലം കഴിഞ്ഞ് കാലാവസ്ഥ അനുകൂലമാകുന്നതോടെ നിര്‍മാണ വേഗം പ്രതിദിനം 55 മീറ്ററായി ഉയര്‍ത്താനാണ് കെ.എം.ആര്‍.എല്‍ പദ്ധതിയിടുന്നത്. ട്രാക്ക് വര്‍ക്ക്, വൈദ്യുതി വിതരണം, സിഗ്‌നലിംഗ്, ടെലികമ്മ്യൂണിക്കേഷന്‍ എന്നിവയുടെ കരാറുകള്‍ ഇതിനകം അന്തിമമാക്കിയതിനാല്‍ എല്ലാ ജോലികളും ഒരേസമയം പുരോഗമിക്കുകയാണ്.

പ്രതിസന്ധികളെ മറികടന്ന എന്‍ജിനീയറിംഗ് മികവ്

പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ വിദേശ വായ്പയ്ക്ക് അനുമതി ലഭിക്കാന്‍ ഏകദേശം ഒന്നര വര്‍ഷത്തോളം വൈകിയത് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. എന്നാല്‍ ഈ കാലയളവിലും ഡിസൈന്‍ പ്രവര്‍ത്തനങ്ങളും ഏകോപന നടപടികളും കെ.എം.ആര്‍.എല്‍ തുടര്‍ന്നതിനാല്‍ വായ്പ ലഭിച്ചയുടന്‍ നിര്‍മാണം വേഗത്തിലാക്കാന്‍ സാധിച്ചു.

ഗ്യാസ് പൈപ്പ് ലൈനുകളും വാട്ടര്‍ അതോറിറ്റിയുടെ പ്രധാന ലൈനുകളുമായിരുന്നു നിര്‍മാണത്തിന് മുന്നിലുണ്ടായ മറ്റൊരു പ്രധാന തടസം. പൈപ്പ് ലൈന്‍ ജംഗ്ഷന്‍ മുതല്‍ പടമുഗള്‍ വരെയുള്ള സിവില്‍ ലൈന്‍ ഭാഗത്ത് ഇന്ത്യന്‍ ഓയില്‍ - അദാനി ഗ്യാസ് പൈപ്പ് ലൈന്റെ സാന്നിധ്യം വലിയ വെല്ലുവിളിയായിരുന്നു. ബന്ധപ്പെട്ട ഏജന്‍സി 2026 ജനുവരി 1-ന് പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിച്ചതിന് ശേഷമാണ് ഈ ഭാഗത്തെ പൈലിംഗ്, തൂണ്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞത്. കേരള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ ഫൗണ്ടേഷന്‍ ഭാഗങ്ങളുമായി ബന്ധപ്പെടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസൈനുകളില്‍ മാറ്റം വരുത്തേണ്ടി വന്നു. ഈ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്ന ജോലികള്‍ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്.

ഭൂമി ലഭ്യമാക്കാന്‍ നീണ്ട കാത്തിരിപ്പ്

ജെ.എല്‍.എന്‍. സ്റ്റേഡിയം മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗത്ത് നിര്‍മാണത്തിന് ആവശ്യമായ ഭൂമി ലഭിക്കാന്‍ വലിയ താമസം നേരിട്ടു. ഈ ഭാഗത്തെ ഭൂരിഭാഗം ഭൂമിയും 2024 ഡിസംബറിലാണ് കെ.എം.ആര്‍.എല്ലിന് കൈമാറിയത്. അവസാന ഭാഗം ലഭിച്ചതാകട്ടെ ഈ വര്‍ഷം (2026) മാര്‍ച്ചിലും. ചില സ്ഥലങ്ങളില്‍ കോടതിക്കേസുകള്‍ തുടരുന്നതും വെല്ലുവിളിയാകുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ 220 കെ.വി., 11 കെ.വി. വൈദ്യുതി ലൈനുകള്‍ മാറ്റുന്ന പ്രവൃത്തികളും ഈ ഭാഗത്ത് പുരോഗമിക്കുകയാണ്.

നിര്‍മാണ വാഹനങ്ങളുടെ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന റോഡുകളുടെ പരിപാലനത്തിനായി കെ.എം.ആര്‍.എല്‍ 7 കോടി രൂപയുടെ പ്രത്യേക പദ്ധതി സമര്‍പ്പിച്ചിരുന്നെങ്കിലും പ്രത്യേക ധനസഹായം ലഭ്യമായിരുന്നില്ല. എങ്കിലും മറ്റ് ഏജന്‍സികളുമായി സഹകരിച്ച് അറ്റകുറ്റപ്പണികള്‍ നടത്തിവരുന്നുണ്ട്. കൃത്യമായ ആസൂത്രണത്തോടെ ആഴ്ചതോറുമുള്ള അവലോകന യോഗങ്ങള്‍ ചേര്‍ന്നാണ് പദ്ധതി നിശ്ചിത ലക്ഷ്യത്തിലേക്ക് മുന്നേറുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Braving utility shifts and land acquisition delays, Kochi Metro Phase 2 construction accelerates towards a 2027 commissioning.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com