

വ്യവസായ നഗരത്തിന്റെ വന്‍ വികസനത്തിന് ഊര്‍ജം പകരുന്ന കൊച്ചി മെട്രോ രണ്ടാംഘട്ടമായ 'പിങ്ക് ലൈനിന്റെ' നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട് സിറ്റിയിലേക്കുള്ള 11.20 കിലോമീറ്റര്‍ എലിവേറ്റഡ് പാതയുടെയും 11 സ്റ്റേഷനുകളുടെയും നിര്‍മാണമാണ് മുന്നേറുന്നത്.
തുടക്കത്തില്‍ വിദേശ വായ്പാ അനുമതി വൈകിയതും, കെ.എസ്.ഇ.ബി - വാട്ടര്‍ അതോറിറ്റി ലൈനുകള്‍, ഗ്യാസ് പൈപ്പ് ലൈനുകള്‍ എന്നിവ മാറ്റിസ്ഥാപിക്കല്‍ അടക്കമുള്ള പ്രതിസന്ധികളും അതിജീവിച്ചാണ് പദ്ധതി നിര്‍ണായക ഘട്ടത്തിലെത്തിയത്. നിലവില്‍ 24 മണിക്കൂറും സജീവമായി നടക്കുന്ന നിര്‍മാണത്തിലൂടെ പ്രതിദിനം 30 മുതല്‍ 40 മീറ്റര്‍ വരെ പാത പൂര്‍ത്തിയാകുന്നുണ്ട്.
സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പൈലിങ്, പൈല്‍ ക്യാപ് നിര്‍മാണം തുടങ്ങിയ എല്ലാ ഫൗണ്ടേഷന്‍ ജോലികളും പൂര്‍ത്തിയായി. പാതയ്ക്കായുള്ള പൈലിങ് ജോലികളുടെ 92 ശതമാനവും പൂര്‍ത്തിയായി. 2028 പൈലുകളില്‍ 1877 എണ്ണവും, 470 തൂണുകളില്‍ 397 എണ്ണവും പൂര്‍ത്തിയാക്കി. 266 പിയര്‍ ക്യാപ്പുകളും സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ 346 യു(U) ഗര്‍ഡറുകളും 136 ഐ(I) ഗര്‍ഡറുകളും സ്ഥാപിച്ചതോടെ ഏകദേശം 5 കിലോമീറ്ററോളം ദൂരം പാലം(വയഡക്റ്റ്) സജ്ജമായിട്ടുണ്ട്.
ട്രാക്ക് നിര്‍മാണത്തിനാവശ്യമായ റെയിലുകള്‍ കൊച്ചിയില്‍ എത്തിക്കഴിഞ്ഞു. സ്റ്റേഷനുകളുടെ നിര്‍മ്മാണവും സജീവമാണ്. പാതയുടെയുടെ സ്റ്റേഷനുകളുടെയും നിര്‍മാണത്തിനാവശ്യമായ പ്രീകാസ്റ്റ് എലമെന്റുകളുടെ നിര്‍മ്മാണം എച്ച്.എം.ടി കാസ്റ്റിംഗ് യാര്‍ഡില്‍ പുരോഗമിക്കുകയാണ്.
പ്രധാന സിവില്‍ കരാര്‍ അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കമ്പനിക്കാണ്. ആഴ്ചതോറുമുള്ള കൃത്യമായ അവലോകനങ്ങളിലൂടെയുമാണ് നിര്‍മാണം വേഗത്തിലാക്കുന്നത്. നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം (2027) ഓഗസ്റ്റില്‍ സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെ.എം.ആര്‍.എല്‍ അധികൃതര്‍ അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine