കൊച്ചി മെട്രോ ടിക്കറ്റ് ഇനി ജനപ്രിയ ആപ്പുകളിലും; ലക്ഷ്യമിടുന്നത് വിപ്ലവ മാറ്റം

യാത്രക്കാര്‍ക്ക് കൂടുതല്‍ അനായാസമായി യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ടിക്കറ്റുകള്‍ ജനപ്രിയ ആപ്പുകള്‍ വഴി ബുക്ക് ചെയ്യാന്‍ അവസരമൊരുക്കി കൊച്ചി മെട്രൊ. ഇതിന്റെ ഭാഗമായി ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒ.എന്‍.ഡി.സി.) പ്ലാറ്റ്‌ഫോമുമായി സഹകരണം പ്രഖ്യാപിച്ചു. കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ഒ.എന്‍.ഡി.സി പ്ലാറ്റ്‌ഫോമുമായി സഹകരിക്കുന്ന പ്രഖ്യാപനം നടത്തിയത്.
ആദ്യ ഘട്ടത്തില്‍ പേടിഎം, റാപ്പിഡോ, റെഡ്ബസ്, ഫോണ്‍പേ, യാത്രി ആപ്പുകളില്‍ നിന്ന് മെട്രോ ടിക്കറ്റുകള്‍ വാങ്ങാന്‍ സാധിക്കും. യാത്രക്കാര്‍ ക്യൂവില്‍ നില്‍ക്കാതെ അനായാസമായി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. നേരത്തെ വാട്‌സാപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനവും കൊച്ചി മെട്രോ ഒരുക്കിയിരുന്നു.
പേപ്പര്‍ ടിക്കറ്റിന് വിട, എല്ലാം ക്യുആര്‍ കോഡില്‍
ഒ.എന്‍.ഡി.സി പ്ലാറ്റ്‌ഫോമില്‍ ചേര്‍ന്ന ഇന്ത്യയിലെ രണ്ടാമത്തെ മെട്രൊയാണ് കൊച്ചി മെട്രൊ. ഏപ്രില്‍ 4 മുതല്‍ ടിക്കറ്റുകള്‍ ഈ ആപ്പുകള്‍ വഴി ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ടിക്കറ്റുകള്‍ ആപ്പില്‍ കൂടി ബുക്ക് ചെയ്യുമ്പോള്‍ അധിക ചാര്‍ജുകളൊന്നും തന്നെ ഈടാക്കുന്നില്ല.
തിരക്കുള്ള സമയങ്ങളില്‍ മെട്രോയുടെ ടിക്കറ്റ് കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുക്കുന്നത് സമയ നഷ്ടത്തിന് കാരണമായിരുന്നു. പുതിയ സംവിധാനം വരുന്നതോടെ യാത്രക്കാര്‍ക്ക് അനായാസം മെട്രൊയില്‍ യാത്ര ചെയ്യാനുള്ള അവസരമൊരുങ്ങും. പേപ്പര്‍ ടിക്കറ്റുകള്‍ പരമാവധി ഒഴിവാക്കാനും ഇതുവഴി സാധിക്കും.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് ഉപയോഗിച്ചാകും ചെക്കിംഗ് പോയിന്റുകളിലേക്ക് പ്രവേശനം. അടുത്തു തന്നെ ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള പേയ്‌മെന്റ് ആപ്പുകളിലും സംവിധാനം ഒരുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒ.എന്‍.ഡി.സി
ഡിജിറ്റല്‍ രംഗത്ത് കൂടുതല്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വരികയെന്ന നയത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ കീഴിലാണ് ഒ.എന്‍.ഡി.സിക്ക് തുടക്കമിടുന്നത്. 2021 ഡിസംബര്‍ 31നാണ് ഇതിന്റെ ഉദ്ഘാടനം. ഒരു ആപ്ലിക്കേഷനോ പ്ലാറ്റ്‌ഫോമോ അല്ല ഒ.എന്‍.ഡി.സി. ഇത് വിവിധ സേവനങ്ങളെ വിവിധ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കാന്‍ രൂപകല്പന ചെയ്ത സംവിധാനമാണ്.
ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് പ്രൊമോഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (ഡി.പി.ഐ.ഐ.ടി.) ഡയറക്ടര്‍ ഡോ. ബിജോയ് ജോണ്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡി.പി.ഐ.ഐ.ടി.) ജോയിന്റ് സെക്രട്ടറി സഞ്ജീവ് സിംഗ്, ഒ.എന്‍.ഡി.സി ചീഫ് ബിസിനസ് ഓഫീസര്‍ ഷീരേഷ് ജോഷി, ഒ.എന്‍.ഡി.സി വൈസ് പ്രസിഡന്റ് നിതിന്‍ നായര്‍ എന്നിവരും സന്നിഹിതരായിരുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it