

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (KMRL) നൂതനമായ മൾട്ടിമോഡൽ ഇന്റഗ്രേഷൻ പദ്ധതിക്ക് പൊതുഗതാഗത മേഖലയിലെ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര അംഗീകാരങ്ങളിലൊന്നായ യു.ഐ.ടി.പി (UITP) ഇംപാക്ട് അവാർഡ്. ബെൽജിയത്തിലെ ബ്രസൽസിൽ നടന്ന ചടങ്ങിലാണ് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് (UITP) പുരസ്കാരം സമ്മാനിച്ചത്.
മെട്രോ റെയിൽ, കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് ഫീഡർ ബസുകൾ, സൈക്കിൾ ഷെയറിംഗ് സംവിധാനം, ഡിജിറ്റൽ മൊബിലിറ്റി സേവനങ്ങൾ എന്നിവയെ ഒരൊറ്റ ശൃംഖലയിലേക്ക് ഏകോപിപ്പിച്ചതിനാണ് അംഗീകാരം. "Kochi Metro Rail: A Sustainable Multi Modal Integration Project for Better Connectivity" എന്ന പദ്ധതി യാത്രക്കാർക്ക് തടസമില്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ യാത്രാനുഭവം ഉറപ്പാക്കുന്നു. സംയോജിത ടിക്കറ്റിംഗ് സംവിധാനം, ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്‌മെന്റ് (TOD) തുടങ്ങിയവയിലൂടെ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിലും കൊച്ചി മെട്രോ രാജ്യത്തിന് മാതൃകയായി.
ഈ നേട്ടം ലോകോത്തര നിലവാരത്തിലുള്ളതും സുസ്ഥിരവുമായ ഗതാഗത സംവിധാനം ഒരുക്കാനുള്ള കെ.എം.ആർ.എല്ലിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണെന്ന് എം.ഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. കൊച്ചിയുടെ ഈ സുസ്ഥിര ഗതാഗത മാതൃക ആഗോള ശ്രദ്ധ നേടുന്നതിനൊപ്പം രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ഇത്തരം സംയോജിത ഗതാഗത പരിഹാരങ്ങൾ വ്യാപിപ്പിക്കാൻ പുരസ്കാരം കരുത്തേകും. കൊച്ചിക്കായി സംയോജിത ഗതാഗത ശൃംഖല സൃഷ്ടിക്കണമെന്ന കാഴ്ചപ്പാടാണ് കെഎംആർഎല്ലിനുളളതെന്നും ബെഹ്റ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine