

ഇന്ത്യയെയും മിഡില്‍ ഈസ്റ്റിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ എംജിആര്‍ ഐഎഫ്ആര്‍ ഷിപ്പിംഗ് സര്‍വീസ് കൊച്ചി തുറമുഖത്ത് ആരംഭിച്ചു. ഡിപി വേള്‍ഡ് കൊച്ചിയാണ് പുതിയ സര്‍വീസ് അവതരിപ്പിച്ചത്. യുഎഇ, ഒമാന്‍, യമന്‍ എന്നിവിടങ്ങളിലെ പ്രധാന തുറമുഖങ്ങളുമായി ഇന്ത്യയുടെ ചരക്കുനീക്ക ബന്ധം മെച്ചപ്പെടുത്താന്‍ പുതിയ സര്‍വീസ് സഹായിക്കുമെന്നാണ് പ്രതീക്ഷ.
കൊച്ചി തുറമുഖവും മഹാരാഷ്ട്രയിലെ ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖവും ഉള്‍പ്പെടുന്ന സര്‍വീസ് യുഎഇയിലെ ഫുജൈറ തുറമുഖം, ഒമാനിലെ സോഹാര്‍ തുറമുഖം, യമനിലെ ഏദന്‍ തുറമുഖം എന്നിവയുമായാണ് ബന്ധിപ്പിക്കുന്നത്. കൊച്ചിജവഹര്‍ലാല്‍ നെഹ്‌റു തുറമുഖം-ഫുജൈറ-ഏദന്‍ റൂട്ടിലുള്ള സര്‍വീസ് രണ്ടാഴ്ചയിലൊരിക്കല്‍ നടത്തും.
ഇതിന്റെ ഭാഗമായി എംവി മാര്‍സ വിര്‍ഗോ കപ്പല്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി. എംവി മാര്‍സ വിര്‍ഗോയ്ക്ക് പുറമെ എംവി മാര്‍സ സെനിത്ത് എന്ന കപ്പലും സര്‍വീസ് നടത്തും. ഓരോ യാത്രയിലും 500-ലധികം ടിഇയു കൈകാര്യം ചെയ്യാനുള്ള ശേഷി ഇരു കപ്പലുകള്‍ക്കുമുണ്ട്.
കൊച്ചി-നവ ഷേവ-ഫുജൈറ-സോഹാര്‍-ഏദന്‍-കൊച്ചി എന്ന റൂട്ടിലുള്ള പ്രവര്‍ത്തനം ചരക്ക് നീക്കം വേഗത്തിലാക്കാന്‍ ഈ സര്‍വീസ് സഹായിക്കും.
പുതിയ സര്‍വീസ് കൊച്ചി തുറമുഖത്തിലെ കണ്ടെയ്നര്‍ ചരക്കുനീക്കത്തിന് കൂടുതല്‍ കരുത്താകുമെന്നാണ് വിലയിരുത്തല്‍. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ കൊച്ചി തുറമുഖം 3.81 ലക്ഷം TEU കണ്ടെയ്നര്‍ ചരക്ക് കൈകാര്യം ചെയ്തിരുന്നു. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 18.53 ശതമാനമാണ് വളര്‍ച്ച.
ഓഗസ്റ്റില്‍ മാത്രം 97,952 TEU ചരക്കാണ് തുറമുഖം കൈകാര്യം ചെയ്തത്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 51 ശതമാനം വര്‍ധനയാണ്. ഇന്ത്യയുടെ കിഴക്ക്പടിഞ്ഞാറ് ചരക്കുനീക്ക പാതയിലെ കൊച്ചിയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം പുതിയ സര്‍വീസിന് അനുകൂല ഘടകമാണ്. രാജ്യത്തിന്റെ കിഴക്കന്‍, പടിഞ്ഞാറന്‍ തീരങ്ങളിലെ മറ്റ് തുറമുഖങ്ങളിലേക്കുള്ള ചരക്കുനീക്കത്തിനും കൊച്ചി ഒരു പ്രധാന ട്രാന്‍സിറ്റ് കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കും.
പുതിയ റൂട്ടിലെ ഗള്‍ഫ് തുറമുഖങ്ങള്‍ ഹോര്‍മുസ് കടലിടുക്കിന് പുറത്താണെന്നതും ശ്രദ്ധേയമാണ്. ഇതിലൂടെ യുഎഇ, ഒമാന്‍, യമന്‍ എന്നിവയ്ക്ക് പുറമെ വിശാലമായ മിഡില്‍ ഈസ്റ്റ് വിപണികളിലേക്കും ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും മെച്ചപ്പെട്ട കണക്ടിവിറ്റി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine