

കൊച്ചി നഗരത്തിനൊരു പുതിയ അനുഭവമായിരുന്നു. കിടിലന്‍ ഷോപ്പിംഗ് അനുഭവം, സിനിമ കാണാം, നാവില്‍ കപ്പലോടിക്കുന്ന രുചി വൈവിധ്യങ്ങള്‍... ആകെ ആഘോഷമയം. 2013ല്‍ എംജി റോഡില്‍ പ്രവര്‍ത്തനം തുടങ്ങിയ നഗരത്തിലെ പ്രീമിയം മാളായ സെന്റര്‍ സ്‌ക്വയര്‍ മാളിലേക്ക് പ്രായഭേദമന്യേ ആളുകള്‍ ഒഴുകിയെത്തി.
പക്ഷേ ഈ പ്രതാപം അധികനാള്‍ നീണ്ടുനിന്നില്ല. ലൈസന്‍സ് പ്രശ്‌നത്തെ തുടര്‍ന്ന് 2017ല്‍ സെന്റര്‍ സ്‌ക്വയര്‍ മാളിലെ സിനിപോളിസ് താല്‍ക്കാലികമായി അടച്ചുപൂട്ടി. കൊച്ചി മെട്രോ നിര്‍മാണം പുരോഗമിച്ചതോടെ എംജി റോഡിലെ ഗതാഗതം തടസപ്പെട്ടു. കൂനിന്മേല്‍ കുരു പോലെ മാളിലെ ആങ്കര്‍ സ്റ്റോറിന്റെ പ്രവര്‍ത്തനവും കുഴപ്പത്തിലായി.
ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഭാഗമായ സെന്‍ട്രല്‍, ബിഗ് ബസാര്‍ സ്റ്റോറുകളായിരുന്നു മാളിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. മാള്‍ സ്‌പേസില്‍ 40 ശതമാനത്തോളം ഈ സ്റ്റോറുകളുടെ കൈവശമായിരുന്നു. പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് കോവിഡ് വ്യാപനം. അതോടെ പതനം ഏതാണ്ട് പൂര്‍ണമായി. നഗരമധ്യത്തില്‍ നഷ്ടപ്രതാപവും പേറി ആരവങ്ങള്‍ ഒഴിഞ്ഞ് സെന്റര്‍ സ്‌ക്വയര്‍ മാള്‍ നിന്നപ്പോഴും അതിനെ തിരിച്ചുകൊണ്ടുവരാനാകുമെന്ന ശുഭപ്രതീക്ഷയില്‍ തന്നെ ഉറച്ചുനിന്നു, പ്രമോര്‍ട്ടര്‍മാരായ പീവീസ് പ്രോജക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. ബ്രിഡ്ജ് വേ ഗ്രൂപ്പ് കമ്പനിയായ പീവീസ് പ്രൊജക്റ്റ്‌സ് മാളിന്റെ സമ്പൂര്‍ണ ഉടമസ്ഥാവകാശം സ്വന്തമാക്കി. ടേണ്‍ എറൗണ്ടിനുള്ള പദ്ധതികള്‍ക്ക് രൂപംനല്‍കി.
ലൈസന്‍സ് പുതുക്കിക്കിട്ടിയതോടെ 2022ല്‍ സിനിപോളിസ് മാളിലേക്ക് തിരിച്ചെത്തി. അത് വെറുമൊരു വരവായിരുന്നില്ല. കൊച്ചിയിലെ ആദ്യ ഐമാക്‌സ് (IMAX) തിയേറ്റര്‍ തന്നെ സെന്റര്‍ സ്‌ക്വയറില്‍ തുറന്നു. അതോടെ സിനിമാസ്വാദനത്തിന്റെ പുതിയൊരു അനുഭവം തേടി ആളുകള്‍ ഇവിടേക്കെത്തി.
ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ആങ്കര്‍ സ്റ്റോര്‍ പോയിടത്തേക്ക് റിലയന്‍സ് റീറ്റെയ്‌ലിന്റെ സെന്‍ട്രോ, സ്മാര്‍ട്ട് ബസാറുകള്‍ വന്നു. ഇത് പോരാതെ മാളിന്റെ ലൈഫ്‌സ്റ്റൈല്‍ എക്‌സ്പീരിയന്‍സ് വ്യത്യസ്തമാക്കാന്‍ മലബാര്‍ ഗ്രൂപ്പില്‍ നിന്നുള്ള അവരുടെ ലീഷര്‍ & എന്റര്‍ട്ടെയ്ന്‍മെന്റ് വിഭാഗമായ പ്ലയാസയും എത്തി.
രുചിയിലായിരുന്നു മറ്റൊരു വിസ്‌ഫോടനം. ഷെഫ് സുരേഷ് പിള്ളയുടെ ബ്രാന്‍ഡായ യുണൈറ്റഡ് കോക്കനട്ട് കൂടി മാളില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ ഫുഡ് കോര്‍ട്ടിന്റെ ലെവല്‍ മാറി.
ഒരിക്കല്‍ മാളിലെത്തുന്നവരെ വീണ്ടും വീണ്ടും ആകര്‍ഷിക്കാന്‍ പറ്റുന്ന വിധമുള്ള ആകര്‍ഷകമായ റിവാര്‍ഡ് സിസ്റ്റം കൂടി അവതരിപ്പിക്കപ്പെട്ടു. അതോടെ മാളിലെത്തിയവര്‍ കൂടുതലായി ഈ റിവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമാകുകയും വീണ്ടും വരികയും ചെയ്തു. ലൈറ്റ്ഹൗസ് മാള്‍ മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന അടിമുടി പ്രൊഫഷണലായ കമ്പനി മാളിന്റെ ഇത്തരത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ശക്തമായ നേതൃത്വം നല്‍കിവരുന്നുണ്ട്.
മാറ്റങ്ങള്‍ മാളിന് പുതുജീവന്‍ നല്‍കി. മാളിലെത്തുന്നവരുടെ എണ്ണത്തില്‍ 46 ശതമാനം വര്‍ധന വന്നു. 94 ശതമാനം സ്‌പേസിലും ഷോപ്പുകളായി. വാടക വരുമാനത്തില്‍ 17 ശതമാനം വര്‍ധനയുണ്ടായി.
വില്‍പ്പന വര്‍ഷാവര്‍ഷം 50 ശതമാനത്തോളം ഉയര്‍ന്നു. ആഹ്ലാദവും നിറവും പകരുന്ന അന്തരീക്ഷവും ഐമാക്‌സ് അനുഭവവും ഷെഫ് പിള്ളയുടെ അടക്കം രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാനുള്ള അവസരവും അനവധി റീറ്റെയ്ല്‍ ബ്രാന്‍ഡുകളും എല്ലാം ചേര്‍ന്നതോടെ സെന്റര്‍ സ്‌ക്വയര്‍ മാള്‍ ജനമനസില്‍ ഇഷ്ടതാരമായി. നൂതനമായ റിവാര്‍ഡ് പ്രോഗ്രാം കൂടി വന്നതോടെ ഒരിക്കല്‍ വന്നവര്‍ വീണ്ടും കടന്നുവരികയും ചെയ്തു.
ഇന്ന് ഈ മാള്‍ മാനേജ്‌മെന്റും നിക്ഷേപ രംഗത്തുള്ളവരും അത്ഭുതത്തോടെയാണ് സെന്റര്‍ സ്‌ക്വയര്‍ മാളിനെ നോക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ പിടിച്ചുനിന്ന് കരകയറാനുള്ള ആര്‍ജവത്തിന്റെയും അടിമുടി മാറ്റത്തിന്റെയും മികവുറ്റൊരു കേസ്സ്റ്റഡിയായാണ് സെന്റര്‍ സ്‌ക്വയറിനെ ഇന്ന് കണക്കാക്കപ്പെടുന്നത്. നിയമപരമായ പ്രതിബദ്ധങ്ങള്‍ തുടങ്ങി, മഹാമാരിയെ വരെ അതിജീവിച്ച് കൃത്യമായ വിഷനും നൂതനമായ ആശയങ്ങളും അവയുടെ കുറ്റമറ്റ രീതിയിലുള്ള നിര്‍വഹണവുമെല്ലാം ചേര്‍ന്ന് മാള്‍ തിരിച്ചുവന്നു; ഒരു ഒന്നൊന്നര തിരിച്ചുവരവ്.
ഇന്ന് എംജി റോഡിലെ ഏറ്റവും ജനപ്രിയ ഇടമാണ് സെന്റര്‍ സ്‌ക്വയര്‍ മാള്‍. ഐമാക്‌സും യുണൈറ്റഡ് കോക്കനട്ടും മികച്ച ഓഫറുകളും എല്ലാമായി ജനങ്ങളെ മാടിവിളിക്കുന്ന ഇടം.
ഇത്തരമൊരു തിരിച്ചുവരവിന് തിലകക്കുറിയായി ഇക്കണോമിക് റീറ്റെയ്ല്‍ ടേണ്‍എറൗണ്ട് അവാര്‍ഡും 2025ല്‍ മാളിനെ തേടിയെത്തി.
ഓരോ ദിവസവും സെന്റര്‍ സ്‌ക്വയര്‍ മാളിനെ പുതുമകളുടെ കേന്ദ്രമാക്കി നിര്‍ത്താന്‍ മാനേജ്‌മെന്റും സദാ സന്നദ്ധമായി. മാളിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി. ഫുഡ് കോര്‍ട്ട് വിപുലമാക്കി. റെസ്റ്റ് റൂമുകള്‍ക്ക് പുതിയ മുഖം നല്‍കി. എലിവേറ്ററുകള്‍ പുതുക്കി സ്ഥാപിച്ചു. മാളിന്റെ മുഖംതന്നെ മാറ്റി സെന്റര്‍ സ്‌ക്വയര്‍ മാള്‍ 2.0 എന്ന ക്യാംപയിന് തന്നെ തുടക്കമിട്ടു.
ബേസ്‌മെന്റ് ഫ്‌ളോറില്‍ നിന്ന് ഗ്രൗണ്ട് ഫ്‌ളോറിലേക്ക് വരെ എസ്‌കലേറ്ററുകള്‍ വെച്ചു. മാളിലെത്തുന്ന ഓരോ വ്യക്തിക്കും ഓരോ ഫ്‌ളോറിലും ഓരോ ഷോപ്പിലും അനായാസം എത്തിച്ചേരാനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കി. എത്ര തിരക്കിലും മാളിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനുള്ള സംവിധാനങ്ങളും ഒരുക്കി.
(Originally published in Dhanam Magazine October 15, 2025 issue.)
Kochi’s Centre Square Mall makes a stellar comeback with IMAX, retail revival, and award-winning transformation.
Read DhanamOnline in English
Subscribe to Dhanam Magazine