

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖ സ്വകാര്യ ബാങ്കുകളിലും ഗണ്യമായ ഓഹരി പങ്കാളിത്തം നേടാന്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന് റിസര്‍വ് ബാങ്കിന്റെ (RBI) പച്ചക്കൊടി. ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക്, തൃശൂര്‍ ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ പെയ്ഡ്-അപ്പ് ഷെയര്‍ ക്യാപിറ്റലിന്റെ 9.99 ശതമാനം വരെ വീതം ഓഹരികള്‍ ഏറ്റെടുക്കാനാണ് കൊട്ടക് മഹീന്ദ്ര ബാങ്കിന് അനുമതി ലഭിച്ചിരിക്കുന്നത്.
2026 മെയ് 6-നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അനുമതി പത്രം റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചത്. ഇതോടെ രണ്ട് ബാങ്കുകളിലും പ്രധാനപ്പെട്ട ഒരു ന്യൂനപക്ഷ ഓഹരി പങ്കാളിത്തം (Significant Minority Stake) സ്വന്തമാക്കാന്‍ കൊട്ടക് ബാങ്കിന് വഴിതെളിഞ്ഞു.
ബാങ്കിംഗ് മേഖലയിലെ മത്സര സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്ന ഒന്നാണ് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഈ നീക്കം. ദക്ഷിണേന്ത്യന്‍ വിപണിയില്‍, പ്രത്യേകിച്ച് കേരളത്തില്‍ ശക്തമായ വേരോട്ടമുള്ള ഫെഡറല്‍ ബാങ്കിലും സൗത്ത് ഇന്ത്യന്‍ ബാങ്കിലും നിക്ഷേപം നടത്തുന്നതിലൂടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനാണ് കൊട്ടക് ലക്ഷ്യമിടുന്നത്.
രണ്ട് ബാങ്കുകളുടെയും ആകെ വോട്ടിംഗ് അവകാശത്തിന്റെയോ പെയ്ഡ്-അപ്പ് ഷെയര്‍ ക്യാപിറ്റലിന്റെയോ 9.99 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ കൈവശം വെക്കാന്‍ പാടുള്ളതല്ല. ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് (1949), സെബി (SEBI) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഫെമ (FEMA) നിയമങ്ങള്‍ എന്നിവ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കണം ഓഹരി ഏറ്റെടുക്കല്‍. നിശ്ചിത സമയപരിധിക്കുള്ളില്‍ ഓഹരികള്‍ ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
സൗത്ത് ഇന്ത്യന്‍ ബാങ്കും ഫെഡറല്‍ ബാങ്കും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റെഗുലേറ്ററി ഫയലിംഗിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
ഇതുകൂടാതെ എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കിലും ജമ്മു ആന്‍ഡ് കാഷ്മീര്‍ ബാങ്കിലും 9.99 ശതമാനം വീതം ഓഹരികള്‍ ഏറ്റെടുക്കാന്‍ റിസര്‍വ് ബാങ്ക് കോട്ടക് മഹീന്ദ്ര ബാങ്കിന് അനുമതി നല്‍കിയിട്ടുണ്ട്
പ്രമുഖ ബാങ്കിംഗ് ഗ്രൂപ്പുകള്‍ തമ്മിലുള്ള ഇത്തരം തന്ത്രപരമായ സഹകരണം നിക്ഷേപകര്‍ക്കിടയില്‍ വലിയ താല്‍പ്പര്യമുണ്ടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഓഹരി വിപണിയിലും ഈ നീക്കം പ്രതിഫലിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
മാര്‍ച്ച് 2026 ലെ ഷെയര്‍ ഹോള്‍ഡിംഗ് കണക്കുകളനുസരിച്ച് ഫെഡറല്‍ബാങ്കിന്റെ ഭൂരിഭാഗം ഓഹരികളും വിവിധ സാമ്പത്തിക സ്ഥാപനങ്ങളുടെ കൈവശമാണ്.
മ്യൂച്വല്‍ ഫണ്ടുകള്‍ക്കാണ് ബാങ്കില്‍ ഏറ്റവും കൂടുതല്‍ ഓഹരി പങ്കാളിത്തം. 38.11%.
വിദേശ നിക്ഷേപകര്‍ (FII/FPI) 26.05 ശതമാനവും ഇന്‍ഷുറന്‍സ് കമ്പനികള്‍ 8.38 ശതമാനവും കൈവശം വച്ചിട്ടുണ്ട്. എച്ച് ഡി എഫ് സി ലൈഫ് - 2.38%, SBI ലൈഫ് - 2.14% എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
എച്ച്.ഡി.എഫ്.സി മ്യൂച്വല്‍ ഫണ്ട് -6.84% , ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ - 3.84% , ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് 3.24% എന്നീ സ്ഥാപനങ്ങള്‍ക്കും ബാങ്കില്‍ ഓഹരി പങ്കാളിത്തമുണ്ട്.
ബാക്കി ഓഹരികള്‍ സാധാരണ നിക്ഷേപകരുടെയും വ്യക്തികളുടെയും കൈവശമാണ്. വ്യക്തിഗത നിക്ഷേപകരില്‍ എം.എ യുസഫലിയാണ് കൂടുതല്‍ ഓഹരി കൈവശം വച്ചിട്ടുള്ളത്. ബാങ്കിന്റെ 3.14 ശതമാനമാണ് യൂസഫലിക്കുള്ളത്. പ്രമുഖ നിക്ഷേപകയായ രേഖ ജുന്‍ജുന്‍വാലയ്ക്ക് 2.42% ഓഹരിയുണ്ട്.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരികളുടെ 15.22 ശതമാനവും വിദേശ നിക്ഷേപകരുടെ (FPI/FII) കൈവശമാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ 5.14% ശതമാനവും എല്‍.ഐ.സി ഉള്‍പ്പെടെയുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ 5.92 ശതമാനവും ഓഹരി കൈവശം വച്ചിട്ടുണ്ട്. എല്‍.ഐ.സിയുടെ കൈവശം മാത്രം 3.12% ഓഹരികളുണ്ട്. വിവിധ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകള്‍ക്ക് 10 ശതമാനത്തോളം ഓഹരികളുണ്ട്. ബാങ്കിന്റെ പകുതിയിലധികം ഓഹരികളും (55.53%) വ്യക്തിഗത നിക്ഷേപകരുടെയും പൊതുജനങ്ങളുടെയും കൈവശമാണ്.
പ്രമുഖ വ്യവസായിയായ എം.എ യൂസഫലിക്ക് 2.25% ശതമാനം നിക്ഷേപമുണ്ട്.
ഫെഡറല്‍ ബാങ്കുമായി താരതമ്യം ചെയ്യുമ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പൊതുജനങ്ങളുടെയും (Retail Investors) പ്രവാസി നിക്ഷേപകരുടെയും പങ്കാളിത്തം കൂടുതലാണ്. കൊട്ടക് മഹീന്ദ്ര ബാങ്ക് 9.99% ഓഹരികള്‍ വാങ്ങുന്നതോടെ സ്ഥാപന നിക്ഷേപകരുടെ പങ്കാളിത്തം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
RBI has approved Kotak Mahindra Bank to acquire up to 9.99% stake in Federal Bank and South Indian Bank, strengthening its strategic presence in Kerala’s banking sector
Read DhanamOnline in English
Subscribe to Dhanam Magazine