

വടക്കന്‍ കേരളത്തിലെ ഒരു ഗ്രാമത്തില്‍ പുതുതായി നിര്‍മ്മിച്ച പാര്‍ക്കിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നു. പലരും ഇതിനെ യൂറോപ്യന്‍ നഗരങ്ങളുമായും സിംഗപ്പൂരുമായും മറ്റും താരതമ്യപ്പെടുത്തി.
കോഴിക്കോട് ജില്ലയിലെ വടക്കരയ്ക്കടുത്തുള്ള കാരക്കാട്ടിലെ പുതിയ വാഗ്ഭടാനന്ദ പാര്‍ക്കാണ് താരം. ടൂറിസം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെ സോഷ്യല്‍ മീഡിയകളില്‍ പാര്‍ക്കിന്റെ ചിത്രങ്ങള്‍ വൈറലായി. പാതകളും ആധുനിക ഡിസൈനുകളും ഉള്ള പാര്‍ക്കിന്റെ ഡിസൈനിനെ പലരും പ്രശംസിച്ചു.
പാര്‍ക്കില്‍ പ്രതിമകള്‍, ഒരു ഓപ്പണ്‍ സ്‌റ്റേജ്, ബാഡ്മിന്റണ്‍ കോര്‍ട്ട്, ഓപ്പണ്‍ ജിംനേഷ്യം, കുട്ടികളുടെ കളിസ്ഥലം എന്നിവയുണ്ട്. പാതകളും ടോയ്‌ലറ്റുകളും ഭിന്നശേഷിക്കാരെ ഉള്‍ക്കൊള്ളാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. വീല്‍ചെയറുകളിലുള്ളവര്‍ക്ക് പാര്‍ക്കില്‍ പാതകളുണ്ട്. കൂടാതെ കാഴ്ചയില്‍ വൈകല്യമുള്ള ആളുകളെ സഹായിക്കാന്‍ പാതകളില്‍ സ്പര്‍ശിക്കുന്ന ടൈലുകളും ഉണ്ട്.
പുതിയ മാറ്റങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി പുനര്‍വികസനത്തിന് മുമ്പും ശേഷവുമുള്ള ഗ്രാമത്തിന്റെ ചിത്രങ്ങള്‍ മന്ത്രി പങ്കിട്ടു. പ്രദേശവാസികളുടെ സഹകരണത്തോടെയും സജീവ പങ്കാളിത്തത്തോടെയും മാത്രമേ ഇത് സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.
'ഈ പാര്‍ക്കിന്റെ നവീകരണത്തിന് പ്രദേശവാസികളുടെ സജീവ പങ്കാളിത്തമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. രൂപകല്‍പ്പനയുടെ തുടക്കം മുതല്‍ പ്രദേശവാസികളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്,' മലയാളത്തില്‍ മന്ത്രിയിട്ട പോസ്റ്റ് പറഞ്ഞു.
സാമൂഹ്യ പരിഷ്‌കര്‍ത്താവായ വാഗ്ഭടാനന്ദ ഗുരുവിന്റെ ബഹുമാനാര്‍ത്ഥമാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ ദേശീയപാത വരെ നവീകരിച്ച ഒഞ്ചിയം - നാദാപുരം റോഡിന് സമീപമാണ് പാര്‍ക്ക്. 2.80 കോടി രൂപ ചെലവില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) ആണ് ഇത് നിര്‍മ്മിച്ചത്.
പുതുതായി നിര്‍മ്മിച്ച പാര്‍ക്ക് കണ്ട് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ആവേശഭരിതരായി. മാത്രമല്ല ഇത് സന്ദര്‍ശിക്കാന്‍ കാത്തിരിക്കാനാവില്ലെന്നും ചിലര്‍ പറഞ്ഞു. ഇത് കണ്ടിട്ട് സ്വിറ്റ്‌സര്‍ലന്‍ഡ് പോലുണ്ട്, കൃഷ്ണറാവു എന്നയാള്‍ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. മറ്റൊരാള്‍ പറഞ്ഞത് ഇത് സിങ്കപ്പൂര്‍ പോലെ ഇരിക്കുന്നുവെന്നാണ്.
പാട്രിക് എന്നയാള്‍ ട്വിറ്ററില്‍ പറഞ്ഞിരിക്കുന്നത് കേരളം സന്ദര്‍ശിക്കാന്‍ മറ്റൊരു കാരണം കൂടിയായി എന്നാണ് .
Read DhanamOnline in English
Subscribe to Dhanam Magazine