സോളാര്‍ പ്രതിസന്ധിയില്‍ കേരളം, നഷ്ടം ₹500 കോടി, വൈദ്യുതി നിരക്ക് 19 പൈസ കൂട്ടേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി

പുരപ്പുറ സോളാര്‍ പദ്ധതികളിലെ അപാകതകള്‍ മൂലം വലിയ സാമ്പത്തിക നഷ്ടം നേരിടുന്ന കെ.എസ്.ഇ.ബി നിരക്ക് കൂട്ടാന്‍ നീക്കം തുടങ്ങി
Rooftop solar
Image : Canva
Published on

സൗരോര്‍ജ്ജ വൈദ്യുതി വന്‍ ബാധ്യതയാണെന്ന് വ്യക്തമാക്കി കെ.എസ്.ഇ.ബി. ബാറ്ററി സ്‌റ്റോറേജില്ലാതെ നിലവിലെ രീതിയില്‍ പുരപ്പുറ സോളാര്‍ സ്ഥാപിക്കുന്നത് തുടര്‍ന്നാല്‍ യൂണിറ്റ് 19 പൈസ കൂട്ടേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബിയുടെ മുന്നറയിപ്പ്. 2034 ആകുമ്പോള്‍ ഇത് യൂണിറ്റിന് 39 പൈസയായി ഉയരും.

സംസ്ഥാനത്ത് പുനരുപയോഗ ഊര്‍ജ ചട്ട ഭേദഗതി ബില്‍ പരിഗണിക്കാനിരിക്കെയാണ് (റിന്യൂവബിൾ എനർജി റെഗുലേഷൻ 2025) സൗരോര്‍ജ്ജ വൈദ്യുതി വന്‍ ബാധ്യതയാണെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ കെ.എസ്.ഇ.ബി അവതരിപ്പിച്ചത്. ഇന്നലെ ഡയറക്ടര്‍ ബോര്‍ഡ് അനുമതിയോടെ വാര്‍ത്താക്കുറിപ്പും പുറത്തിറക്കി.

നിലവില്‍ 1.30 കോടി വൈദ്യുതി ഉപയോക്താക്കളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ രണ്ടരലക്ഷത്തില്‍പരം പേര്‍ മാത്രമാണ് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. അതായത് വെറും രണ്ട് ശതമാനം പേര്‍ ഉണ്ടാക്കുന്ന നഷ്ടം ബാക്കി 98 ശതമാനം ഉപയോക്താക്കളില്‍ നിന്ന് ഈടാക്കേണ്ടി വരുന്നുവെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. ഇത് തടയാനാണ് പുനരുപയോഗ ഊര്‍ജ ചട്ട ഭേദഗതിക്കുള്ള ശ്രമം തുടരുന്നത്.

വൈദ്യുതി നല്‍കുന്നത് നഷ്ടത്തില്‍

പുരപ്പുറ സോളാര്‍ സംവിധാനത്തിലെ അപാകതകള്‍ മൂലം കെ.എസ്.ബിയ്ക്കുണ്ടായത് നഷ്ടം 500 കോടി രൂപയാണെന്നാണ് കണക്കുകള്‍ പറയുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ആവശ്യം വരുന്നത് രാത്രി ആറ് മണിക്കും 11 മണിക്കും ഇടയിലാണ്. നിലവിലെ നിയമപ്രകാരം സോളാര്‍ പ്ലാന്റില്‍ നിന്ന് പകല്‍ സമയത്ത് ഗ്രിഡിലേക്ക് നല്‍കുന്ന വൈദ്യുതിക്ക് തുല്യമായ വൈദ്യുതി വൈകുന്നേരങ്ങളില്‍ കെ.എസ്.ഇ.ബി സോളാര്‍ ഉത്പാദകര്‍ക്ക് തിരികെ നല്‍കണം.

ഈ സമയത്ത് വൈദ്യുതിയുടെ ലഭ്യത കുറവും വില കൂടുതലുമാണ്. കൂടുതല്‍ തുകയ്ക്ക് വാങ്ങുന്ന വൈദ്യുതിയാണ് ഈ സമയത്ത് സോളാര്‍ ഉപയോക്താക്കള്‍ക്ക് നല്‍കേണ്ടി വരുന്നത്. അത് ബോര്‍ഡിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.

2024-25ല്‍ 500 കോടി രൂപയിലധികമായിരുന്നു നഷ്ടം. ഇത് പരിഹരിക്കാനായി യൂണിറ്റിന് 19 പൈസ നിലവിലെ ഉപയോക്താക്കളില്‍ നിന്ന് ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. ബാറ്ററി സ്‌റ്റോറേജ് ഇല്ലാതെ മൂന്ന് കിലോ വാട്ടിന് മുകളിലുള്ള പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് തുടര്‍ന്നാല്‍ വരും വര്‍ഷങ്ങളില്‍ ഇത് വീണ്ടും വര്‍ധിക്കുമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.

പുരപ്പുറ സൗരോര്‍ജ്ജ നിലയങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വലിയൊരു ഭാഗവും പകല്‍ സമയത്ത് ഉപയോഗിക്കപ്പെടുന്നില്ല . നിലവിലെ കണക്കനുസരിച്ച്, സൗരോര്‍ജ്ജ ഉത്പാദനത്തിന്റെ 36% മാത്രമാണ് പകല്‍ സമയത്ത് ഉത്പാദകര്‍ ഉപയോഗിക്കുന്നത്. ഉപയോഗശേഷം ഉത്പാദകര്‍ ഗ്രിഡിലേക്ക് നല്‍കിയ 64 ശതമാനത്തില്‍ ഏകദേശം 45 ശതമാനം വൈദ്യുതി 'ബാങ്കിംഗ്' സംവിധാനത്തിലൂടെ സൗരോര്‍ജ്ജം ലഭ്യമല്ലാത്ത സമയങ്ങളില്‍ ഉത്പാദകര്‍തന്നെ ഉപയോഗിക്കുന്നു. ബാക്കിയുള്ള 19 ശതമാനം വൈദ്യുതിക്ക് ശരാശരി വൈദ്യുതി വാങ്ങല്‍ വില (APPC) പ്രൊസ്യൂമര്‍മാര്‍ക്ക് (സോളാര്‍ ഉത്പാദകര്‍) നല്‍കി അവരില്‍ നിന്ന് കെഎസ്ഇബി വാങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കൂടാതെ പകൽസമയ ഉപയോഗം വളരെ കുറഞ്ഞിരിക്കുന്നതിനാല്‍, അധികമായി ഉൽപ്പാദിപ്പിച്ച് ഗ്രിഡിലേക്കെത്തുന്ന വൈദ്യുതി കാരണം ഗ്രിഡിൽ ഉയർന്ന വോൾട്ടേജ് ഉണ്ടാകാനും ഗാർഹിക ഉപകരണങ്ങൾ കേടാവാനുമുള്ള സാധ്യതയും വളരെ കൂടുതലാണ്. വൈദ്യുത ശൃംഖലയുടെ സുരക്ഷിതത്വത്തിന് സോളാർ പ്ലാന്റുകൾ നിശ്ചിതസമയം ഓഫ് ചെയ്യേണ്ടുന്ന സാഹചര്യം പോലും ഭാവിയിൽ ഉണ്ടാകുകയും ചെയ്യുമെന്ന് കെ.എസ്.ഇ.ബി പറയുന്നു.

KSEB warns of a ₹500 crore loss due to rooftop solar power issues, leading to a 19-paise/unit tariff hike.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com