ജീവനക്കാരുടെ എണ്ണം കുറയ്ക്കണം; കെഎസ്ഇബിയെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി

ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കാനൊരുങ്ങി കെഎസ്ഇബി (KSEB) . ടെക്‌നോളജി വികസിച്ചതോടെ അപ്രസക്തമായ തസ്തികകള്‍ ആവും പ്രധാനമായും ഒഴിവാക്കുക. 2022-23 കാലയളവിലെ വിരമിക്കല്‍ കണക്കാക്കി എത്ര തസ്തികകള്‍ ഒഴിവാക്കാമെന്നാണ് പരിശോധിക്കുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ഫിനാന്‍സ് ഡയറക്ടര്‍ അധ്യക്ഷനായ ഡയറക്ടര്‍മാരുടെ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അടുത്ത മാസം സമിതി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുമെന്നണ് വിവരം. ബോര്‍ഡിന്റെ കണക്ക് അനുസരിച്ച് വരുമാനത്തിന്റെ 27 ശതമാനവും കെഎസ്ഇബി ചെലവഴിക്കുന്നത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ്. ദേശീയ ശരാശരിയുടെ ഇരട്ടിയോളമാണിത്. ഊര്‍ജ്ജ മേഖലയിലെ കമ്പനികള്‍ ശാശരി 15 ശതമാനം മാത്രമാണ് ജീവനക്കാരുടെ ചെലവുകള്‍ക്കായി വിനിയോഗിക്കുന്നത്.

ശമ്പളച്ചെലവ് കുറച്ചില്ലെങ്കില്‍ 2024-25ഓടെ കെഎസ്ഇബി വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. പെന്‍ഷന്‍ മുടങ്ങുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ജല അതോറിറ്റി ബോര്‍ഡിന് നല്‍കാനുള്ള കുടുശ്ശികയും കുമിഞ്ഞുകൂടുകയാണ്. വൈദ്യുതി ബില്ലിനത്തില്‍ ജല അതോറിറ്റി 996 കോടി രൂപയാണ് ബോര്‍ഡിന് നല്‍കാനുള്ളത്. 31,128 ജീവനക്കാരോളമാണ് കെഎസ്ഇബിയിലുള്ളത്. പ്രതിവര്‍ഷം 1500ഓളം പേരാണ് വിരമിക്കുന്നത്. ആറായിരത്തോളം ജീവനക്കാര്‍ വൈദ്യുതി ബോര്‍ഡില്‍ അധികമാണെന്ന് റെഗുലേറ്ററി കമ്മീഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു.

Related Articles

Next Story

Videos

Share it