

കേരളത്തിലെ ഇലക്ട്രിക് വാഹന (EV) ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമേകി കെഎസ്ഇബിയുടെ വന്‍പദ്ധതി. സംസ്ഥാനത്തുടനീളം 277 പുതിയ കേന്ദ്രങ്ങളിലായി 315 ഹൈ-സ്പീഡ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ 'പിഎം ഇ-ഡ്രൈവ്' (PM E-DRIVE) പദ്ധതിക്ക് കീഴിലാണ് ഈ നീക്കം. പദ്ധതി ചെലവിന്റെ പകുതിയോളം വരുന്ന 60 കോടി രൂപയുടെ സര്‍ക്കാര്‍ സബ്സിഡിക്കാണ് കെഎസ്ഇബി അപേക്ഷ നല്‍കിയിരിക്കുന്നത്.
ഘനവ്യവസായ മന്ത്രാലയം ഒന്നാം ഘട്ടത്തിനായി അനുവദിച്ച 63.12 കോടി രൂപയുടെ ഗ്രാന്റ് ഉപയോഗിച്ച് 209 കേന്ദ്രങ്ങളിലായി 335 ചാര്‍ജറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഈ രണ്ടാം ഘട്ട വിപുലീകരണം.
സര്‍ക്കാര്‍ ഭൂമിയെ മാത്രം ആശ്രയിക്കുന്ന മുന്‍ രീതികളില്‍ നിന്ന് വ്യത്യസ്തമായി, പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ 95 ശതമാനവും (315-ല്‍ 299 എണ്ണം) സ്വകാര്യ വ്യക്തികളുടെ ഭൂമിയിലാണ് സ്ഥാപിക്കുന്നത്. താല്‍പര്യപത്രം വഴി സ്വകാര്യ ഭൂവുടമകളെയും ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാരെയും ഉള്‍പ്പെടുത്തിയാണ് കെഎസ്ഇബി ഈ തന്ത്രപ്രധാന നീക്കം നടത്തുന്നത്. സര്‍ക്കാര്‍ ഭൂമിയുടെ പരിമിതികള്‍ ഇല്ലാതെ അതിവേഗം ചാര്‍ജിംഗ് ശൃംഖല വ്യാപിപ്പിക്കാന്‍ ഇത് സഹായിക്കും. പ്രധാന ഹൈവേകള്‍ കേന്ദ്രീകരിച്ചായിരിക്കും ഈ ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യങ്ങള്‍ വരിക.
പുതിയ സ്റ്റേഷനുകളില്‍ ഭൂരിഭാഗവും ഉയര്‍ന്ന ശേഷിയുള്ള ഹെവി ഡ്യൂട്ടി ചാര്‍ജറുകളാണ്. ഇതില്‍ 245 എണ്ണം 120 കിലോവാട്ട്, 43 എണ്ണം 240 കിലോവാട്ട് സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജറുകള്‍, 27 എണ്ണം 60 കിലോവാട്ട് ചാര്‍ജറുകള്‍ എന്നിവയാണ് സ്ഥാപിക്കുക. ഇതോടെ പഴയ സ്റ്റേഷനുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ സമയം കൊണ്ട് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും.
കൂടാതെ, നിലവിലുള്ള പഴയ സ്റ്റേഷനുകള്‍ പുതിയ ഇവി മോഡലുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഉയര്‍ന്ന ശേഷിയുള്ള ചാര്‍ജറുകളാക്കി അപ്ഗ്രേഡ് ചെയ്യാനും കെഎസ്ഇബി പദ്ധതിയിടുന്നുണ്ട്. ഒന്നാം ഘട്ടത്തിലെ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ നിര്‍മാണം അടുത്ത വര്‍ഷം മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജില്ല തിരിച്ചുള്ള പുതിയ ചാര്‍ജിങ് സ്റ്റേഷനുകളുടെ എണ്ണം ഇങ്ങനെ: എറണാകുളം - 39, തിരുവനന്തപുരം - 32, തൃശൂര്‍ - 28, മലപ്പുറം - 27, പാലക്കാട് - 26, കോഴിക്കോട് - 22, കോട്ടയം - 19, ഇടുക്കി - 14, കൊല്ലം - 14, ആലപ്പുഴ - 13, കണ്ണൂര്‍ - 13, കാസര്‍കോട് - 11, പത്തനംതിട്ട - 10, വയനാട് - 9.
Read DhanamOnline in English
Subscribe to Dhanam Magazine