Begin typing your search above and press return to search.
ചിട്ടിയില്‍ ചേരാം, മാസത്തവണയും അടയ്ക്കാം; കെ.എസ്.എഫ്.ഇ മൊബൈല്‍ ആപ്പ് എത്തി
ചിട്ടി ഉള്‍പ്പെടെയുള്ള കെ.എസ്.എഫ്.ഇ ഇടപാടുകള്‍ ഇനി എളുപ്പം. ഇടപാടുകാര്‍ക്കായി 'കെ.എസ്.എഫ്.ഇ പവര്‍' എന്ന മൊബൈല്‍ ആപ്പ് അവതരിപ്പിച്ചു. മാസത്തവണകള്‍ അടയ്ക്കാനും ചിട്ടി വിളിക്കാന്‍ ശാഖാ മാനേജരെ ചുമതലപ്പെടുത്തുന്ന അനുമതി പത്രം (പ്രോക്‌സി) നല്‍കാനും അക്കൗണ്ട് പരിശോധിക്കാനുമൊക്കെ ഇനി ആപ്പ് വഴി സാധിക്കും. ഏറെക്കാലമായുള്ള ഇടപാടുകാരുടെ ആവശ്യമാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്.
ചിട്ടി ഉടമകള്‍ക്ക് യൂസര്‍ നെയിമും പാസ്‌വേഡും നല്‍കി ആപ്പില്‍ ലോഗിന്‍ ചെയ്യാം. ചിട്ടി വിളിച്ചെടുക്കാനുള്ള ലേലത്തില്‍ പങ്കെടുക്കാനും പുതിയ ചിട്ടിയില്‍ ചേരാനുമുള്ള സൗകര്യങ്ങള്‍ ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. ആപ്പില്‍ നല്‍കിയിട്ടുള്ള ഇ.എം.ഐ കാല്‍കുലേറ്റര്‍ ഉപയോഗിച്ച് മാസത്തവണ കണക്കാക്കാം. ഇതുവരെ നടത്തിയ ഇടപാടുകള്‍ വിവരങ്ങള്‍ പരിശോധിക്കാനും ആപ്പ് വഴി സാധിക്കും.
നിലവില്‍ 76,000 കോടി രൂപയുടെ ബിസിനസാണ് കെ.എസ്.എഫ്.ഇക്കുള്ളത്. ഇത് ഒരു ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ത്താന്‍ സാധിക്കുമെന്നും കെ.എസ്.എഫ്.ഇയുടെ മൂലധനം വര്‍ധിപ്പിക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ആപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
സര്‍ക്കാരിന് ഗ്യാരണ്ടി കമ്മീഷനായി കെ.എസ്.എഫ്.ഇ നല്‍കുന്ന 56.74 കോടി രൂപയുടെ ചെക്ക് മന്ത്രി ഏറ്റു വാങ്ങി. കൂടാതെ പുതിയ ഡയമണ്ട് ചിട്ടിയുടെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു.
സമ്മാനങ്ങളും
കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടി 2.0ല്‍ അംഗമാകുന്ന മുപ്പതുപേര്‍ വരുന്ന ഓരോ ഗ്രൂപ്പിലും ഒരാള്‍ക്ക് 3,000 രൂപയുടെ ഗിഫ്റ്റ് ചെക്ക് ഉറപ്പാക്കുന്ന വിധത്തില്‍ വ്യാപകമായ സമ്മാന പദ്ധതിയുണ്ട്. ബംപര്‍ സമ്മാനമായി ഒരാള്‍ക്ക് 15 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും രണ്ടാം സമ്മാനമായി 34 പേര്‍ക്ക് 2.5 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും ലഭിക്കും. ആകെ 4 കോടിയോളം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
Next Story
Videos