ബയോ കണക്റ്റ്' കോണ്‍ക്ലേവ് നാളെ തുടങ്ങും

കോവളം ലീല ഹോട്ടലിൽ നടക്കുന്ന ദ്വിദിന സമ്മേളനത്തിൽ ലൈഫ് സയന്‍സ് മേഖലയിലെ വിദഗ്ധരുമായി സംവദിക്കാൻ അവസരം
Bio Connect Kerala
Published on

സംസ്ഥാനത്തെ ലൈഫ് സയന്‍സ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെ.എസ്.ഐ.ഡി.സി) 'സംഘടിപ്പിക്കുന്ന ബയോ കണക്റ്റ് കേരള 2023' കോണ്‍ക്ലേവിന് നാളെ (മെയ് 25ന്) തിരുവനന്തപുരത്ത് തുടക്കമാവും. കോവളം ലീല ഹോട്ടലില്‍ നടക്കുന്ന ദ്വിദിന കോണ്‍ക്ലേവ് രാവിലെ 10ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.

വ്യവസായ രംഗത്തെ പ്രമുഖര്‍, സംരംഭകര്‍, അഡ്മിനിസ്ട്രേറ്റര്‍മാര്‍, ഗവേഷകര്‍, യുവ പ്രൊഫഷണലുകള്‍ എന്നിവര്‍ പരിപാടിയില്‍ സംവദിക്കും. നൈപുണ്യ വികസനം, ഡിസ്റപ്റ്റീവ് ടെക്നോളജി സെഷനുകള്‍, വ്യവസായ -അക്കാദമിക സഹകരണങ്ങള്‍ എന്നിവ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും. വ്യവസായ രംഗത്തെ പുതിയ മാറ്റങ്ങള്‍ മനസിലാക്കുന്നതിനുള്ള ഒരവസരമാണ് കോണ്‍ക്ലേവില്‍ ഒരുങ്ങുന്നത്.

വലിയ ലക്ഷ്യങ്ങൾ

ലൈഫ് സയന്‍സ് പാര്‍ക്കിനെ മുന്‍നിര്‍ത്തി വ്യവസായികളില്‍ നിന്ന് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റി്‌നും ഉത്പാദന മേഖലയില്‍ സ്വകാര്യ നിക്ഷേപം ആര്‍ജിക്കുകയുമാണ് ലക്ഷ്യം.കേരളത്തിലേക്ക് മികച്ച നിക്ഷേപകരെ ആകര്‍ഷിക്കുക, പങ്കാളിത്ത അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വ്യവസായ ബന്ധം വര്‍ധിപ്പിക്കുക, കേരള വ്യവസായിക നയത്തിന് കീഴിലുള്ള ഇന്‍സെന്റീവുകള്‍ പ്രയോജനപ്പെടുത്തുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍, സംരംഭങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുക, വ്യവസായ -അക്കാദമിക് ഇന്റര്‍ഫേസ് സൃഷ്ടിക്കുക, ഉല്‍പ്പന്ന വികസനത്തിനും സ്‌കെയില്‍- അപ്പിനുമുള്ള നിക്ഷേപ അവസരങ്ങള്‍, വ്യവസായം, അക്കാദമിക നെറ്റ് വര്‍ക്കിങ് വളര്‍ത്തുക എന്നിവയും കോണ്‍ക്ലേവിന്റെ ലക്ഷ്യങ്ങളാണ്.

വിദഗ്ദരുമായി സംവദിക്കാം

സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളുടെയും ആശയങ്ങളുടെയും പ്രദര്‍ശനം, ക്ലാസുകള്‍, പാനല്‍ ചര്‍ച്ച, വിവിധ സെഷനുകള്‍, സ്റ്റാര്‍ട്ട് അപ്പുകളുടെ പിച്ചിങ്, നയരൂപീകരണ വിദഗ്ധരുമായി സംഗമം, ബിസിനസ് പ്രൊപ്പോസലുകളെക്കുറിച്ച് ലൈഫ് സയന്‍സ് മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം എന്നിവ കോണ്‍ക്ലേവില്‍ ലഭിക്കും.

ലൈഫ് സയന്‍സ് ആന്‍ഡ് ബയോ ടെക്‌നോളജി രംഗത്തെ രാജ്യത്തെ പ്രമുഖര്‍ കോണ്‍ക്ലേവില്‍ സംസാരിക്കും.

300ൽ പരം ഡെലിഗേറ്റുകള്‍

ബയോ ടെക്‌നോളജി, ലൈഫ് സയന്‍സ്, മെഡിക്കല്‍ ഡിവൈസസ്, റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍, വ്യവസായികള്‍ എന്നിവരുടേതുള്‍പ്പെടെ 45 സ്റ്റാളുകളാണ് കോണ്‍ക്ലേവില്‍ ഒരുക്കുന്നത്. ഈ മേഖലയിലെ മുന്‍നിര കമ്പനികള്‍, വിദഗ്ധര്‍, വിദ്യാര്‍ഥികള്‍, ഗവേഷകര്‍, റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ ഉള്‍പ്പടെ 300 ഡെലിഗേറ്റുകള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.

ലൈഫ് സയന്‍സ് -ബയോ ടെക്‌നോളജി രംഗത്തെ കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും കോണ്‍ക്ലേവില്‍ പങ്കെടുക്കാം. 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com