ചെലവ് കുറവ്, സമയവും ലാഭം; സംരംഭകര്‍ക്ക് നേട്ടമാക്കാം കെ.എസ്.ആര്‍.ടി.സിയുടെ കൊറിയര്‍ സര്‍വീസ്
ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ.എസ്.ആര്‍.ടി.സി) നേരിട്ട് നടപ്പിലാക്കുന്ന കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് വഴി കുറഞ്ഞ ചെലവില്‍ സംരംഭകര്‍ക്കും പാര്‍സലുകളയക്കാം. കോര്‍പ്പറേഷനു കീഴിലെ 45 ഡിപ്പോകളിലാണ് ഇതിനായി സൗകര്യമൊരുക്കിയിരിക്കുന്നത്. മറ്റു കൊറിയര്‍ സര്‍വീസുകളെ അപേക്ഷിച്ച് 30 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ 16 മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും പാര്‍സലുകള്‍ എത്തുമെന്നതാണ് പദ്ധതിയുടെ പ്രത്യേകതയെന്ന് കെ.എസ്.ആര്‍.ടി.സി കൊമേഴ്‌സ്യല്‍ വിഭാഗം അധികൃതര്‍ പറയുന്നു.
ഒരു കിലോ ഗ്രാം മുതല്‍ 120 കിലോഗ്രാം വരെ ഭാരമുള്ള സാധനങ്ങള്‍ പാര്‍സലായി അയക്കാം. ഇതിനായി ഡിപ്പോകളിലുള്ള കൗണ്ടറില്‍ പാര്‍സല്‍/കൊറിയറുകള്‍ നല്‍കി പണമടച്ചാല്‍ മതി. കൂടുതല്‍ കൊറിയറുകള്‍ അയക്കണമെങ്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ മതിയാകും. നിലവില്‍ കൊറിയര്‍ സര്‍വീസിന് ആവശ്യക്കാര്‍ കൂടിവരുന്നതിനാല്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ രണ്ട് വാന്‍ സര്‍വീസുകള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് കോര്‍പ്പറേഷന്‍.
ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വളരെ പ്രൊഫഷണലും സുസജ്ജവുമായ സംവിധാനമാണ് കെ.എസ്.ആര്‍.ടി.സി കൊമേഴ്‌സ്യല്‍ വിഭാഗത്തിന്റെ കീഴില്‍ സജ്ജീകരിച്ചിരിക്കുന്നത്. കൊറിയര്‍ സര്‍വീസിന് ആവശ്യക്കാര്‍ കൂടിയാല്‍ കൂടുതല്‍ വാന്‍ സര്‍വീസുകള്‍ ഉള്‍പ്പെടുത്തുമെന്നും ഇവര്‍ പറയുന്നു.
വരുമാനം മൂന്ന് കോടി കടന്നു
കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് 2023 ജൂണ്‍ 15ന് ആരംഭിച്ചതിന് ശേഷം ഇതുവരെ മൂന്ന് കോടിയിലധികം രൂപയാണ് കോര്‍പ്പറേഷന് വരുമാനമായി ലഭിച്ചത്. കേരളത്തിലെ 45 ഡിപ്പോകളിലും കേരളത്തിനു പുറത്ത് നാഗര്‍കോവിലും കോയമ്പത്തൂരുമാണ് ഇപ്പോള്‍ ഓഫീസുകളുള്ളത്. സംസ്ഥാനത്തിന് പുറത്ത് കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.
ഭാവിയില്‍ ഫ്രാഞ്ചൈസിയും
നിലവില്‍ ഡിപ്പോകളിലാണ് കൊറിയറുകള്‍ എത്തുന്നത്. ഇത് നേരിട്ട് ആവശ്യക്കാരുടെ സ്ഥലങ്ങളിലേക്കെത്തിക്കാനുള്ള ഡോര്‍ ടു ഡോര്‍ ഡെലിവറി നടപ്പാക്കാന്‍ ഫ്രാഞ്ചൈസി സംവിധാനം കൊണ്ടുവരാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.
രണ്ടു വര്‍ഷംകൊണ്ട് 30 കോടി പരസ്യവരുമാനം
സംരംഭകര്‍ക്ക് ബ്രാന്‍ഡുകളുടെ പരസ്യം നല്‍കാന്‍ ഇനി നേരിട്ട് കെ.എസ്.ആര്‍.ടി.സിയെ സമീപിക്കാം. ലോ ഫ്‌ളോര്‍ ഉള്‍പ്പെടെയുള്ള ബസുകളില്‍ മിതമായ നിരക്കില്‍ പരസ്യം നല്‍കാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. മുമ്പ് ഇത് സ്വകാര്യ ഏജന്‍സികളാണ് കൈകാര്യം ചെയ്തിരുന്നതെങ്കില്‍ കാര്യക്ഷമത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കൊമേഴ്സ്യല്‍ വിഭാഗം നേരിട്ട് കൈകാര്യം ചെയ്യുന്നത്. ഇതുവഴി ഒരുമാസം മുതല്‍ മൂന്നു മാസം വരെ കരാറില്‍ ബസില്‍ പരസ്യം നല്‍കാം. ഒരു മാസത്തേക്ക് 10,500 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. കൂടുതല്‍ ബസുകളിലും കൂടുതല്‍ കാലയളവിലേക്കും പരസ്യം ചെയ്യുന്നവര്‍ക്ക് നിരക്കില്‍ ഡിസ്‌കൗണ്ടും ലഭിക്കും. ബസിനകത്തും പരസ്യം നല്‍കാനവുന്നതാണ്.
കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് 30 കോടിയോളം രൂപ ബസിന്റെ പരസ്യ വരുമാനമായി സമാഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി കൊമേഴ്സ്യല്‍ ഡിവിഷന് സാധിച്ചിട്ടുണ്ട്. കൂടാതെ കേരള സര്‍ക്കാരിന്റെ ഹില്ലി അക്വാ കുപ്പിവെള്ളം കെ.എസ്.ആര്‍.ടി.സി ബസുകളിലൂടെ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.