

സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ബസുകള്‍ സ്വീകരിക്കുന്നതിനായി പുതിയ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിനും പഴക്കമെത്തിയ വാഹനങ്ങള്‍ക്ക് പകരം പുതിയവ നിരത്തിലിറക്കുന്നതിനുമായാണ് വിവിധ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും കോര്‍പറേഷന്‍ സ്‌പോണ്‍സര്‍ഷിപ്പ് തേടുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കമ്പനികള്‍, ട്രസ്റ്റുകള്‍, സാമൂഹിക സംഘടനകള്‍, ക്ലബ്ബുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പുറമെ കമ്പനികളുടെ സി.എസ്.ആര്‍ (CSR) ഫണ്ടുകള്‍ ഉപയോഗിച്ചും കെഎസ്ആര്‍ടിസിക്ക് ബസുകള്‍ സംഭാവന നല്‍കാം. 9 മീറ്റര്‍ മുതല്‍ 15 മീറ്റര്‍ വരെ നീളമുള്ള എ.സി പ്രീമിയം ബസുകള്‍, എ.സി സീറ്റര്‍, എ.സി സ്ലീപ്പര്‍, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ തുടങ്ങിയ വാഹനങ്ങളാണ് പദ്ധതി വഴി സ്വീകരിക്കുന്നത്.
താല്പര്യമുള്ളവര്‍ക്ക് വാഹനങ്ങള്‍ നേരിട്ട് വാങ്ങി നല്‍കുകയോ അല്ലെങ്കില്‍ അതിനുള്ള തുക കോര്‍പറേഷന് കൈമാറുകയോ ചെയ്യാം. സാമ്പത്തിക സഹായമായാണ് നല്‍കുന്നതെങ്കില്‍ ടെന്‍ഡര്‍ നടപടികളിലൂടെ കെഎസ്ആര്‍ടിസി തന്നെ വാഹനം വാങ്ങും.
സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭ്യമാകുന്ന ബസുകള്‍ കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്യുന്നത്. രജിസ്‌ട്രേഷന് ശേഷം ഇവ കോര്‍പറേഷന്റെ സ്ഥിരം ആസ്തിയായി മാറും. വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ഇന്‍ഷുറന്‍സ്, ടിക്കറ്റ് വരുമാനം, ജീവനക്കാരുടെ നിയമനം എന്നിവയിലെല്ലാം പൂര്‍ണ അധികാരം കെഎസ്ആര്‍ടിസിക്കായിരിക്കും.
സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ ആവശ്യപ്പെടുന്ന റൂട്ടുകള്‍ നിലവിലെ സര്‍വീസുകള്‍ക്ക് പകരമാണെങ്കില്‍ അതിനനുസരിച്ച് ക്രമീകരണം ഏര്‍പ്പെടുത്തും. പുതിയ സര്‍വീസാണ് ആവശ്യപ്പെടുന്നതെങ്കില്‍ ഇന്ധനച്ചെലവും അടിസ്ഥാന സൗകര്യങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ലഭ്യമാക്കിയാല്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. ഇതിനായി പ്രത്യേക ധാരണാപത്രം ഒപ്പുവെക്കാം. അതേസമയം സാമ്പത്തിക സാഹചര്യവും ജനങ്ങളുടെ ആവശ്യവും പരിഗണിച്ച് സമയക്രമത്തിലും റൂട്ടിലും മാറ്റംവരുത്താനുള്ള അധികാരം കോര്‍പറേഷനില്‍ തന്നെ നിക്ഷിപ്തമാണ്.
ബസ് സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് 10 വര്‍ഷത്തേക്ക് വാഹനത്തില്‍ പരസ്യം നല്‍കാനുള്ള സൗകര്യം കെഎസ്ആര്‍ടിസി നല്‍കും. കൃത്യമായ നിബന്ധനകള്‍ പാലിച്ച് വാഹനത്തിന്റെ മുന്‍വശവും ഗ്ലാസുകളും ഒഴിവാക്കി പുറംഭാഗത്ത് 60 ശതമാനം വരെ പരസ്യം പ്രദര്‍ശിപ്പിക്കാം. ഉള്ളില്‍ 30 ശതമാനം സ്ഥലത്തും പരസ്യത്തിന് അനുമതിയുണ്ട്. കൂടാതെ സ്ഥാപനത്തിന്റെ പേര് ഉള്‍പ്പെടുത്തി 'സ്‌പോണ്‍സേര്‍ഡ് ബൈ' എന്നും വാഹനത്തില്‍ എഴുതാം.
എന്നാല്‍ മതപരമോ രാഷ്ട്രീയമോ നിയമവിരുദ്ധമോ ആയ പരസ്യങ്ങള്‍ അനുവദിക്കില്ല. പരസ്യ മാതൃകകള്‍ കോര്‍പറേഷന്‍ മുന്‍കൂട്ടി അംഗീകരിക്കണം. കെഎസ്ആര്‍ടിസിയിലെ മറ്റ് ബസുകളുടേതിന് സമാനമായ നിറം തന്നെയാകും ഇവയ്ക്കും നല്‍കുക.
പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയുടെ വിവിധ റീജിയണല്‍ മാര്‍ക്കറ്റിങ് പ്രതിനിധികളുമായി ബന്ധപ്പെടാവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine