കെ.എസ്.ആര്‍.ടി.സി 'എ.സി' വിപ്ലവത്തിന്; സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ 10 രൂപയ്ക്ക് വൈഫൈ!!

കടുത്ത ചൂടില്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്ര ചെയ്ത് ക്ഷീണിക്കുന്ന അവസ്ഥ ഇനി ഓര്‍മയായേക്കും. എ.സിയും വൈഫൈയും ഉള്‍പ്പെടെ അത്യാധുനിക സംവിധാനങ്ങളൊരുക്കി സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ നിരത്തിലിറക്കാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ആര്‍.ടി.സി. ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ മേല്‍നോട്ടത്തിലാണ് വലിയ വിഭാഗം യാത്രക്കാര്‍ക്ക് സന്തോഷം പകരുന്ന പരിഷ്‌കാരം ഒരുങ്ങുന്നത്.
ലോ ഫ്‌ളോര്‍ ബസുകളിലും അന്തര്‍ സംസ്ഥാന റൂട്ടുകളിലുമായിരുന്നു നേരത്തെ എ.സി ബസുകള്‍ ഉണ്ടായിരുന്നത്. ടിക്കറ്റ് നിരക്ക് കൂടുതലായതിനാല്‍ സാധാരണക്കാരായ യാത്രക്കാര്‍ക്ക് കാര്യമായ ഗുണം ലഭിച്ചിരുന്നില്ല. എന്നാല്‍, പുതിയ പരിഷ്‌കാരം ലക്ഷ്യമിടുന്നത് ലോ ബജറ്റ് യാത്രക്കാരെ കൂടിയാണ്. തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ ആദ്യ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം എ.സി സര്‍വീസ് നടത്താനാണ് തീരുമാനം.
സ്റ്റോപ്പില്ലാത്തിടത്ത് നിര്‍ത്താന്‍ 10 രൂപ
പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന സര്‍വീസ് മേയ് മുതലായിരിക്കും ആരംഭിക്കുക. 42 പേര്‍ക്കിരിക്കാവുന്ന ബസുകളാണ് ഇതിനായി വാങ്ങുക. പുഷ്ബാക് സീറ്റ്, വൈഫൈ എന്നിവയും പ്രത്യേകതകളാണ്. വൈഫൈ ഉപയോഗിക്കുന്നതിന് 10 രൂപ അധികം വാങ്ങും. ഇത് ബുക്കിംഗ് സമയത്തു തന്നെ ഈടാക്കും. നിന്ന് യാത്ര ചെയ്യാനുള്ള അനുവാദവും ഇത്തരം എ.സി ബസുകളില്‍ ഉണ്ടാകില്ല.
പ്രധാന ഡിപ്പോകളില്‍ മാത്രമാകും സ്‌റ്റോപ്പുള്ളത്. എന്നാല്‍ 10 രൂപ അധികം നല്‍കുന്നവര്‍ക്ക് സ്‌റ്റോപ്പ് ഇല്ലാത്ത സ്ഥലങ്ങളില്‍ നിന്ന് കയറാന്‍ സാധിക്കും. യാത്രക്കാര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ നല്‍കുന്ന ബസില്‍ എ.സി പ്രവര്‍ത്തിച്ചില്ലെങ്കില്‍ സൈഡ് ഗ്ലാസുകള്‍ മാറ്റാനുള്ള സൗകര്യവും ഉണ്ടാകുമെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു.
ലോ ഫ്‌ളോര്‍ ബസുകള്‍ വാടകയ്ക്ക്
ഇപ്പോള്‍ സര്‍വീസ് നടത്തുന്ന സൂപ്പര്‍ ഫാസ്റ്റ് ബസുകളേക്കാള്‍ ചെറിയൊരു വര്‍ധന മാത്രമാകും പുതിയ എ.സി സൂപ്പര്‍ഫാസ്റ്റ് ബസുകളിലുണ്ടാകുക. നിലവിലുള്ള ലോ ഫ്‌ളോര്‍ എ.സി ബസുകളേക്കാള്‍ ചാര്‍ജില്‍ വലിയ കുറവുമുണ്ടാകും. ലോ ഫ്‌ളോര്‍ എ.സി ബസുകളിലെ നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാന്‍ സാധിക്കാത്തതാണെന്ന പരാതി നേരത്തെ തന്നെ ഉണ്ടായിരുന്നു. പുതിയ സര്‍വീസ് വരുമ്പോള്‍ യാത്രക്കാരുടെ കീശ കാലിയാകുകയുമില്ല.
പുതിയ എ.സി സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ വരുമ്പോള്‍ നിലവിലുള്ള ലോ ഫ്‌ളോര്‍ എ.സി സര്‍വീസുകള്‍ നഗരങ്ങളില്‍ മാത്രമായി ചുരുക്കും. പുതിയ റൂട്ടുകളും വേണ്ടിവന്നാല്‍ ലോ ഫ്‌ളോറിനായി ക്രമീകരിക്കും. ചില ലോ ഫ്‌ളോര്‍ ബസുകള്‍ താല്പര്യം അറിയിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കാനും പദ്ധതിയുണ്ട്.
48 ബസുകള്‍ക്ക് ടാറ്റയ്ക്കും ലെയ്‌ലന്‍ഡിനും കരാര്‍
38 ലക്ഷം രൂപയില്‍ താഴെ വരുന്ന 40 ബസുകളാകും ആദ്യ ഘട്ടത്തില്‍ വാങ്ങുക. ഇതിനായി ടാറ്റാ, ലെയ്‌ലന്‍ഡ് കമ്പനികള്‍ക്ക് കരാര്‍ നല്‍കി കഴിഞ്ഞു. 40 ദിവസത്തിനകം ആദ്യ ബാച്ചിലുള്ള ബസുകള്‍ സംസ്ഥാനത്ത് എത്തുമെന്ന് മന്ത്രി ഗണേഷ്‌കുമാര്‍ വ്യക്തമാക്കി. മൊത്തം 220 ബസുകള്‍ വാങ്ങാനാണ് തീരുമാനം. ആദ്യ ഘട്ടത്തിലെ സര്‍വീസുകള്‍ വിശകലനം ചെയ്തിട്ടാകും രണ്ടാംഘട്ട ഓര്‍ഡര്‍ നല്‍കുക.
കടുത്ത ചൂട് സംസ്ഥാനത്തെ ബസ് വ്യവസായത്തെയും ബാധിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി ബസുകളില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ട്. ചൂടു മൂലം യാത്രക്കാരുടെ എണ്ണം കുറഞ്ഞത് കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന വരുമാനത്തെയും ബാധിച്ചിരുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it