

കെ.എസ്.ആര്‍.ടി.സി നിരത്തിലിറക്കുന്ന സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എ.സി ബസ് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. ഇന്ന് സെക്രട്ടറിയേറ്റ് അനക്‌സ് ഒന്നിന് മുന്നില്‍ നിന്ന് തമ്പാനൂര്‍ വരെ ഗതാഗതമന്ത്രി ഗണേഷ്‌കുമാര്‍ ട്രയല്‍ റണ്‍ നടത്തി.
തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് പുതിയ സർവീസ്. 40 സീറ്റുകളുള്ള ബസില്‍ പിന്നിലെ അഞ്ച് സീറ്റുകള്‍ ഒഴികെയെല്ലാം പുഷ്ബാക്ക് സീറ്റുകളാണ്. ഓരോ സീറ്റിനും സീറ്റ് ബെല്‍റ്റും ഫൂട് റെസ്റ്റും ചാര്‍ജിംഗ് പോര്‍ട്ടുമുണ്ട്. ഏതെങ്കിലും കാരണവശാല്‍ എ.സി പ്രവര്‍ത്തിച്ചില്ലെങ്കില്‍ വശങ്ങളിലെ ഗ്ലാസുകള്‍ നീക്കാനാകും.
21 സ്റ്റോപ്പുകള്‍
മിനിമം നിരക്ക് 60 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. സൂപ്പര്‍ ഫാസ്റ്റ് ബസുകളേക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. 22 രൂപയാണ് സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ മിനിമം നിരക്ക്. പ്രധാനപ്പെട്ട ബസ് സ്റ്റാന്‍ഡുകളില്‍ കൂടി സര്‍വീസ് നടത്തുന്ന ഈ ഷെഡ്യൂളിന് 21 സ്റ്റോപ്പുകളാണുള്ളത്. 10 രൂപ അധികം നല്‍കി ബുക്ക് ചെയ്യുന്നവര്‍ക്ക് സ്റ്റോപ്പില്ലാത്തിടത്തു നിന്ന് കയറാം. കയറുന്ന സ്ഥലത്തിന്റെ ഗൂഗ്ള്‍ മാപ്പ് ലൊക്കേഷന്‍ ബുക്കിംഗ് സമയത്ത് തന്നെ നല്‍കണം.
പാപ്പനംകോഡ്, തിരുവനന്തപുരം സെന്‍ട്രല്‍, പി.എം.ജി, പട്ടം, കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍ സ്റ്റാന്‍ഡ്, ചടയമംഗലം ബസ് സ്റ്റാന്‍ഡ്, വാളകം, കൊട്ടാരക്കര ബസ് സ്റ്റാന്‍ഡ്, അടൂര്‍, പണ്ടാലം, ചെങ്ങന്നൂര്‍ ബസ് സ്റ്റാന്‍ഡ്, തിരുവല്ല, ചങ്ങാനാശ്ശേരി, കോട്ടയം ബസ് സ്റ്റാന്‍ഡ്, ഏറ്റുമാനൂര്‍, കടുത്തുരുത്തി, തൃപ്പൂണിത്തുറ, വൈറ്റില ഹബ്, എറണാകുളം ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.
സമയക്രമം ഇങ്ങനെ
തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 5.30ന് ആരംഭിക്കുന്ന സര്‍വീസ് കോട്ടയം വഴി 11.05ന് എറണാകുളത്ത് എത്തിച്ചേരും. തിരിച്ച് രാത്രി രണ്ട് മണിക്ക് തുടങ്ങുന്ന ബസ് 7.35ന് തമ്പാനൂര്‍ എത്തും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള നിരക്ക് 350 രൂപയാണ്. സെസും ആഡംബര നികുതിയും കൂടാതെയാണിത്.
നിലവില്‍ സര്‍വീസ് നടത്തുന്ന വോള്‍വോ ലോ ഫ്‌ളോര്‍ എ.സി ബസുകള്‍ക്ക് പകരമായാണ് പ്രീമിയം എ.സി ബസുകള്‍ ഓടിക്കുക. വോള്‍വോ എ.സി ബസുകള്‍ നഗര സര്‍വീസിനു മാത്രമായി മാറ്റും. ആദ്യഘട്ടത്തില്‍ 48 ബസുകളാണ് ടാറ്റ, അശോക് ലെയ്‌ലാന്‍ഡ് കമ്പനികളില്‍ നിന്ന് വാങ്ങുക.
Read DhanamOnline in English
Subscribe to Dhanam Magazine