വഴി മുട്ടിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കുന്നു, ഇന്ന് അര്‍ധരാത്രി മുതല്‍
ഇന്ന് (തിങ്കളാഴ്ച) അര്‍ധരാത്രി 12 മുതല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സമരത്തിലേക്ക്. ഐ.എന്‍.ടി.യു.സി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടി.ഡി.എഫ്) നേതൃത്വത്തിലാണ് 24 മണിക്കൂര്‍ പണിമുടക്ക്.
ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, 31 ശതമാനം ഡി.എ കുടിശിക അനുവദിക്കുക, ദേശസാല്‍കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക തുടങ്ങി കെ.എസ്.ആര്‍.ടിസി ജീവനക്കാരെ മൊത്തത്തില്‍ ബാധിക്കുന്ന 12 വിഷയങ്ങള്‍ ഉന്നയിച്ചാണ് സമരം.
കര്‍ശനമായി നേരിടും
പണിമുടക്ക് ഒഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സി സി.എം.ഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ പണിമുടക്കില്‍ നിന്ന് പിന്മാറില്ലെന്ന് ടി.ഡി.എഫ് അറിയിച്ചു.
പണിമുടക്കിനെ കര്‍ശനമായി നേരിടാനാണ് മാനേജ്‌മെന്റിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. പണിമുടക്ക് ദിവസം ഓഫീസര്‍മാര്‍ ജോലിയിലുണ്ടാകണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. സിവില്‍ സര്‍ജന്റെ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ അവധി അനുവദിക്കരുതെന്നും താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സര്‍വീസുകള്‍ നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ മാസവും 5ന് മുന്‍പ് നല്‍കുമെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും പ്രഖ്യാപിച്ചെങ്കിലും മാസം പകുതിയോടയാണ് ഇപ്പോഴും ശമ്പളം കിട്ടുന്നത്. ഇതാണ് സമരത്തിന്റെ പ്രധാന കാരണം.
പുതിയ ബസുകളില്ല, റൂട്ടുകള്‍ സ്വിഫ്റ്റിന് തീറെഴുതി
പ്രതിവര്‍ഷം ആയിരം ബസുകള്‍ നിരത്തിലിറക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ കഴിഞ്ഞ എട്ടര വര്‍ഷത്തിനിടെ വാങ്ങിയത് 101 ബസുകള്‍ മാത്രമാണ്. കാലാവധി കഴിഞ്ഞ ബസുകള്‍ പകരം ബസുകളും ലഭ്യമാക്കിയില്ലെന്നും യൂണിയന്‍ ആരോപിക്കുന്നു.
2016ല്‍ 6,000 ബസുകളും 5,300 ഷെഡ്യൂളുകളും ഉണ്ടായിരുന്നത് ഇപ്പോള്‍ 3,500 ബസുകളും 3,200 ഷെഡ്യൂളുകളുമായി ചുരുങ്ങി. ദീര്‍ഘ ദൂര ബസുകളായിരുന്നു കെ.എസ്.ആ.ര്‍.ടിസിയുടെ പ്രധാന വരുമാന മാര്‍ഗം. അത് സ്വിഫ്റ്റ് എന്ന സ്വതന്ത്ര ഗതാഗത കമ്പനിയ്ക്ക് മാത്രമായി തീറെഴുതി. കൂടാതെ കെ.എസ്.ആര്‍.ടി.സിയുടെ പണം ഉപയോഗിച്ച് സ്വിഫ്റ്റിനു വേണ്ടി ബസുകള്‍ വാങ്ങുകയാണെന്നും യൂണിയനുകള്‍ ആരോപിക്കുന്നു.
ജീവനക്കാരുടെ എണ്ണം 42,000ത്തില്‍ നിന്ന് എട്ടര വര്‍ഷത്തിനുള്ളില്‍ 22,000ത്തില്‍ എത്തി. പി.എസ്.സി വഴി കെ.എസ്.ആര്‍.ടി.സിയില്‍ ഒരു പുതിയ ജീവനക്കാരനെ പോലും ഇക്കാലത്തിനിടയില്‍ നിയമിച്ചില്ല എന്നും ആരോപണങ്ങളുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine

