തിരുവനന്തപുരത്ത് 113 വൈദ്യുത ബസുകൾ വരുന്നു
ഹരിത നഗര പദ്ധതിക്ക് തുടക്കമിട്ട് തലസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിയുടെ 113 ഇലക്ട്രിക് ബസുകള്‍ കൂടി ഓടും. 104 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ബസുകള്‍ വാങ്ങുന്നത്. ഇതിനായി സ്മാര്‍ട് സിറ്റിയുടെ 'മാര്‍ഗദര്‍ശി' ആപ്പ് പുറത്തിറക്കി. ബസ് ട്രാക്കിങ്, അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയ കാര്യങ്ങള്‍ മൊബൈല്‍ ഫോണില്‍ അറിയാനാവും. പരിസ്ഥിതി മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി 60 ഇ- ബസുകളുടെ കൈമാറ്റവും ഫ്‌ളാഗ് ഓഫും 26ന് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
നഗരത്തിൽ ഹരിത വാഹനങ്ങള്‍ മാത്രം
ഡീസൽ ബസുകള്‍ ക്രമാനുഗതമായി മാറ്റി, ഹരിത വാഹനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമാണ് പദ്ധതി. നിലവിൽ 50 ബസുകളാണ് കെ എസ് ആർടിസി സിറ്റി സർവീസിലുള്ളത്. 113 ബസുകള്‍ കൂടി വരുന്നതോടെ നഗരത്തിലെ എല്ലാ പ്രദേശങ്ങളിലേക്കുമുള്ള യാത്ര പൂർണമായി ഹരിതവാഹനങ്ങളിൽ തന്നെയാകും. തിരുവനന്തപുരം നഗരത്തിലെ ജനങ്ങളുടെ ജീവിത നിലവാരവും സുരക്ഷിതത്വവും ആധുനിക സംവിധാനങ്ങളോടെ മെച്ചപ്പെടുത്തുന്നതിനുള്ള സ്മാർട്ട് സിറ്റി പദ്ധതിയുടെ വിവിധ വികസന പരിപാടികളിലൊന്നിനാണ് ശനിയാഴ്ച തുടക്കമാവുന്നത്. പരിസ്ഥിതിയോട് ഇണങ്ങിയ ആധുനിക പൊതു ഗതാഗത സംവിധാനം 'സ്മാർട്ടായി' ഉപയോഗിക്കാനാവുന്ന നഗരമായി തിരുവനന്തപുരം മാറുകയാണ്.
തിരുവനന്തപുരം-കാസർകോട് റൂട്ടിൽ ഹൈബ്രിഡ് ഹൈടെക് ബസുകൾ
പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് ഹൈബ്രിഡ് ഹൈടെക് ബസുകൾ തിരുവനന്തപുരം-കാസർകോട് റൂട്ടിൽ സർവീസ് തുടങ്ങും . വിജയം കണ്ടാൽ സംസ്ഥാനം മുഴുവൻ ഹൈബ്രിഡ് സർവീസ് വ്യാപിപ്പിക്കും. 27 സീറ്റുകളും 17 ബർത്തുകളുമാണ് ബസിലുള്ളത്. 60 ബസുകളുടെ റൂട്ടുകൾ പൊതുജനാഭിപ്രായം കൂടി പരിഗണിച്ചു ആഗസ്റ്റ് 26ന് അന്തിമമായി തീരുമാനിക്കും. സിറ്റി സർക്കുലർ ബസുകളും പോയിന്റ് ടു പോയിന്റ് ബസുകളും ഇതിലുൾപ്പെടും.