അവധിക്കാലം കൈയിലെടുക്കാന്‍ കെ.എസ്.ആര്‍.ടി.സി; ബജറ്റ് ടൂര്‍ പാക്കേജുകള്‍ ഉഷാര്‍

കാടുകയറാം, കടല്‍ കാഴ്ചയും കാണാം, കൈയിലൊതൊങ്ങും ബജറ്റ് ടൂര്‍ പാക്കേജുകള്‍
അവധിക്കാലം കൈയിലെടുക്കാന്‍ കെ.എസ്.ആര്‍.ടി.സി; ബജറ്റ് ടൂര്‍ പാക്കേജുകള്‍ ഉഷാര്‍
Published on

വേനലവധിക്കാലമെത്തിയതോടെ കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം പാക്കേജുകള്‍ക്ക് മികച്ച പ്രതികരണം. സഞ്ചാരികളുടെ മനം കവര്‍ന്ന ഗവി ടൂര്‍ പാക്കേജ് കാലാവസ്ഥാ പ്രശ്നങ്ങള്‍ മൂലം നിറുത്തിവയ്ക്കേണ്ടി വന്നെങ്കിലും പുതിയ റൂട്ടുകള്‍ ക്രമീകരിച്ച് സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് കെ.എസ്.ആര്‍.ടി.സി. മൂന്നാര്‍, അതിരപ്പിള്ളി, വയനാട് എന്നിങ്ങനെ ചൂടുകാലത്ത് മനം കുളിര്‍പ്പിക്കാന്‍ നിരവധി സ്ഥലങ്ങളിലേക്ക് പാക്കേജുകള്‍ നല്‍കുന്നുണ്ട്.

മലക്കപ്പാറയിലേക്ക് ഒഴുക്ക്

നിലവില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത് അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിലാണെന്ന് ബജറ്റ് ടൂറിസം സെല്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സുനില്‍ കുമാര്‍ പറഞ്ഞു. മലക്കപ്പാറ, ചാര്‍പ്പ വെള്ളച്ചാട്ടം, പെരിങ്ങല്‍കുത്ത് ഡാം, റിസര്‍വോയര്‍, ആനക്കയം പാലം, വാല്‍വ് ഹൗസ്, പെന്‍സ്റ്റോക്ക് നെല്ലിക്കുന്ന്, ഷോളയാര്‍ ഡാം എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് ഈ പാക്കേജ് ഒരുക്കിയിരിക്കുന്നത്.

♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം

അഞ്ചുരുളി-രാമക്കല്‍മേട്, വയനാട്, വാഴന്ത്വോള്‍-പൊന്മുടി, കുംഭാവുരുട്ടി, വാഗമണ്‍, ഇലവീഴാ പൂഞ്ചിറ, കന്യാകുമാരി എന്നിങ്ങനെ നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും മണ്ണാറശാല, ഗുരുവായൂര്‍ തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കും കെ.എസ്.ആര്‍.ടിസിയുടെ വിവിധ ഡിപ്പോകളില്‍ നിന്ന് പാക്കേജുകളുണ്ട്. കൊല്ലത്തെ മണ്‍റോ തുരുത്ത്, സാമ്പ്രാണിക്കുടി എന്നിവയുള്‍പ്പെടെയുള്ള ദ്വീപുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാക്കേജുകളും കെ.എസ്.ആര്‍.ടി.സി ഒരുക്കുന്നുണ്ട്.

കെ.എസ്.ആര്‍.ടി.സിയുടെ ഏറ്റവും മികച്ച ടൂര്‍ പാക്കേജുകളിലൊന്ന് പത്തനംതിട്ട ജില്ലയിലെ ഗവിയിലേക്കുള്ളതായിരുന്നു. എന്നാല്‍ മോശം കാലാവസ്ഥയും വന്യ ജീവിശല്യവും മൂലം താത്കാലികമായി അങ്ങോട്ടുള്ള പ്രവേശനം വനം വകുപ്പ് നിരോധിച്ചിരിക്കുകയാണ്. ഏപ്രില്‍ 22ഓടു കൂടി ഗവിയിലേക്കുള്ള യാത്ര പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുനില്‍ കുമാര്‍ പറഞ്ഞു

മൂന്നാം വര്‍ഷത്തിലേക്ക്

വരുമാനം ലക്ഷ്യമിട്ട് കെ.എസ്.ആര്‍.ടി.സി 2021 നവംബറില്‍ ആരംഭിച്ചതാണ് ബജറ്റ് ടൂറിസം സെല്‍. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് 29 കോടി രൂപയുടെ വരുമാനം നേടികൊടുക്കാന്‍ ബജറ്റ് ടൂറിസം വിഭാഗത്തിന് സാധിച്ചു. 2023 ഒക്ടോബര്‍ വരെയുള്ള കാലയളവിലെ വരുമാനത്തിന്റെ കണക്കാണിത്.

ഓര്‍ഡിനറി, ഫാസ്റ്റ്, ഡീലക്‌സ് എന്നിങ്ങനെ ബജറ്റിനനുസരിച്ച് ടൂര്‍ പാക്കേജുകള്‍ തിരഞ്ഞെടുക്കാമെന്നതാണ് ഗുണം. 450 രൂപ മുതലുള്ള പാക്കേജുകളുണ്ട്. ഭക്ഷണം, താമസം എന്നിവയുള്‍പ്പെടെയുള്ള പാക്കേജുകളും നല്‍കുന്നുണ്ട്. മൂന്നാറിലും ബസില്‍ തന്നെ സ്റ്റേ ചെയ്യാനുള്ള സൗകര്യങ്ങളും കെ.എസ്.ആര്‍.ടി.സി ഒരുക്കുന്നുണ്ട്.

കടല്‍ കായല്‍ യാത്രകളും

കായല്‍ക്കാഴ്ചകള്‍ കാണാന്‍ കെ.എസ്.ആര്‍.ടി അവതരിപ്പിച്ചിട്ടുള്ള പാക്കേജാണ് സീ കുട്ടനാടും സീ അഷ്ടമുടിയും. ജലഗതാഗത വകുപ്പുമായി ചേര്‍ന്ന് രേഖ എന്ന ബോട്ടില്‍ കുട്ടനാടിന്റെ കാഴ്ചകള്‍ കാണാന്‍ ഇതിലവസരമുണ്ട്. കൂടാതെ ആഡംബരകപ്പലില്‍ കടലിന്റെ ആഴപ്പരപ്പില്‍ യാത്ര ചെയ്യാന്‍ നെഫർറ്റിറ്റിയും സാഗരറാണിയുമുണ്ട്. അഞ്ച് മണിക്കൂര്‍ കടല്‍ യാത്രകളാണ് നെഫർറ്റിറ്റി ഒരുക്കുന്നത്. സാഗരറാണിയില്‍ രണ്ടു മണിക്കൂര്‍ യാത്രകളാണ്.

യാത്രക്കാരില്‍ കൂടുതലും മുതിര്‍ന്ന പൗരന്മാര്‍

സ്ത്രീകള്‍ക്ക് മാത്രമായുള്ള പാക്കേജുകള്‍ കെ.എസ്.ആര്‍.ടി.സി അവതരിപ്പിക്കുന്നുണ്ട്. റിട്ടയര്‍മെന്റ് ലൈഫ് ആസ്വദിക്കാന്‍ കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്നവരുമേറെ. മറ്റാരുടെയും സഹായമില്ലാതെ സുരക്ഷിതമായി യാത്രചെയ്യാമെന്നതാണ് കെ.എസ്.ആര്‍.ടിസിയുടെ പാക്കേജുകളിലേക്ക് ആകര്‍ഷിക്കുന്നത്. 50 വയസിനുമേല്‍ പ്രായമുള്ള നിരവധി ആളുകള്‍ യാത്രക്കാരായെത്താറുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com