കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയ വായ്പ വെള്ളത്തിലായി; കെ.ടി.ഡി.എഫ്.സിയുടെ ലൈസന്‍സ് തുലാസില്‍

സഹകരണ ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കടമെടുത്ത് കെ.എസ്.ആര്‍.ടി.സിക്ക് വായ്പ നല്‍കിയ കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ (കെ.ടി.ഡി.എഫ്.സി) ഭാവി തുലാസില്‍. വായ്പകള്‍ അതത് സ്ഥാപനങ്ങള്‍ക്ക് ഉടന്‍ തിരികെ നല്‍കിയില്ലെങ്കില്‍ കെ.ടി.ഡി.എഫ്.സിയുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് റിസര്‍വ് ബാങ്ക് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നല്‍കിയെന്നാണ് സൂചന.

കൊല്‍ക്കത്തയിലെ ശ്രീരാമകൃഷ്ണ മിഷനില്‍ നിന്ന് സ്വീകരിച്ച 130 കോടി രൂപ നിക്ഷേപം കാലാവധി കഴിഞ്ഞ് ഒരു മാസമായിട്ടും തിരിച്ചു നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് ആര്‍.ബി.ഐ നടപടി. സര്‍ക്കാര്‍ ഗ്യാരന്റിയോടെയാണ് കെ.ടി.ഡി.എഫ്.സി നിക്ഷേപം സ്വീകരിച്ചത്. അതിനാല്‍ നിക്ഷേപം തിരിച്ചു നല്‍കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നാണ് റിസര്‍വ് ബാങ്ക് നിരീക്ഷിക്കുന്നത്.

കാലാവധി പൂര്‍ത്തിയായ 490 കോടി രൂപയുടെ നിക്ഷേപമാണ് കെ.ടി.ഡി.എഫ്.സി നിക്ഷേപകർക്ക് തിരികെ നല്‍കാനുള്ളത്. പലപ്പോഴായി കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയിട്ടുള്ള പണം കിട്ടാതായതോടെയാണ്‌ കെ.ടി.ഡി.എഫ്.സി പ്രതിസന്ധിയിലായത് . നിക്ഷേപം മടക്കികിട്ടിയില്ലെന്ന് ആരോപിച്ച് മറ്റ് പല നിക്ഷേപകരും രംഗത്ത് വന്നിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഈടൊന്നുമില്ലാതെയാണ് കെ.ടി.ഡി.എഫ്.സി 90 ശതമാനം വായ്പയും കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ ഈ പണം നല്‍കണമെന്ന് കെ.ടി.ഡി.എഫ്.സി ആവശ്യപ്പെട്ടിരുന്നെങ്കിലും ധനമന്ത്രാലയം അനങ്ങിയിട്ടില്ല.

കേരള ബാങ്കിന്റെ പണവും വെള്ളത്തില്‍

ലൈസന്‍സ് റദ്ദാക്കാനുള്ള റിസര്‍വ് ബാങ്ക് നീക്കം കെ.ടി.ഡി.എഫ്.സിക്ക് വന്‍ തുക വായ്പ നല്‍കിയിട്ടുള്ള കേരള ബാങ്കിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകള്‍. കാലാവധി കഴിഞ്ഞ 900 കോടി രൂപയോളം നിക്ഷേപമാണ് കോര്‍പ്പറേഷന്‍ കേരള ബാങ്കിന് മടക്കി നല്‍കാനുള്ളത്.

മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ നിര്‍ദേശപ്രകാരം കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി കേരള ബാങ്ക് കെ.ടി.ഡി.എഫ്.സിക്ക് 356 കോടി രൂപ ഈടില്ലാതെ വായ്പ നല്‍കിയിരുന്നു. കെ.എസ്.ആര്‍.ടി.സി പണം തിരിച്ചടയ്ക്കാതായതോടെ ആ കടം നിഷ്‌ക്രിയ ആസ്തിയായി മാറി. മുതലും പലിശയും പിഴപ്പലിശയും ചേര്‍ത്ത് 900 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സി നല്‍കേണ്ടതെന്നാണ് കെ.ടി.ഡി.എഫ്.സി പറയുന്നത്.

പ്രവർത്തനത്തെ ബാധിക്കില്ല

കെ.ടി.ഡി.എഫ്.സിയുടെ ലൈസന്‍സ് റദ്ദാക്കുന്നത് കേരള ബാങ്കിനെ ബാധിക്കില്ലെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. കേരള ബാങ്ക് രൂപീകരണത്തിന് മുന്‍പാണ് പാലക്കാട് ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് 150 കോടി രൂപയും എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് 250 കോടി രൂപയും ചേര്‍ത്ത് 350 കോടി രൂപ കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി കെ.ടി.ഡി.എഫ്.സി വായ്പയെടുക്കുന്നത്. മൂന്നു വര്‍ഷത്തിനു മുന്‍പ് കേരള ബാങ്ക് നിലവില്‍ വന്നപ്പോള്‍ പഴയ കടം ഏറ്റടുക്കേണ്ടി വന്നു. അത് നിഷ്‌ക്രിയ ആസ്തിയായി കണക്കാക്കി പ്രൊവിഷന്‍ വയ്ക്കുന്നുണ്ട്. ലാഭത്തില്‍ ഇത് കുറവുവരുത്തുന്നുണ്ടെങ്കിലും ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് പ്രതിസന്ധിയാകുന്നില്ലെന്ന് അദ്ദേഹം പറയുന്നു. 450 കോടി രൂപയ്ക്കടുത്ത്‌ മാത്രമാണ് കെ.എസ്.ആര്‍.ടി.സി നല്‍കാനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാങ്ക് ഇത്തരത്തില്‍ പല സ്ഥാപനങ്ങള്‍ക്കും വായ്പ നല്‍കിയിട്ടുണ്ട്. സപ്ലൈകോയില്‍ നിന്ന് കേരള ബാങ്കിന് 700 കോടി രൂപയോളം ലഭിക്കാനുണ്ട്. തിരിച്ചടവില്‍ വീഴ്ചവരുമ്പോള്‍ കേരള ബാങ്ക് തകര്‍ന്നെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും 16,000 ത്തോളം ജീവനക്കാരെ കൂടി ബാധിക്കുന്ന പ്രശ്‌നമാണിതെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിയുടെ വായ്പ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി ആന്റണി രാജുവുമായി കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. വേഗത്തില്‍ തീര്‍പ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

വിശ്വാസ്യത ശക്തിപ്പെടുത്തണം

കെ.ടി.ഡി.എഫ്.സിയുടെ കടം സര്‍ക്കാര്‍ ഏറ്റടെുത്ത് റിസര്‍വ് ബാങ്ക് ലൈസന്‍സ് റദ്ദാക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്ന് സാമ്പത്തിക വിദഗ്ധനും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേനഷനിലെ മുന്‍ ഫാക്കല്‍റ്റി അംഗവുമായ ഡോ. ജോസ് സെബാസ്റ്റ്യൻ പറഞ്ഞു. സര്‍ക്കാര്‍ ഗ്യാരന്റിയുടെ പുറത്ത് നല്‍കിയ വായ്പകള്‍ വീട്ടേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. അല്ലാത്തപക്ഷം സര്‍ക്കാരിന്റെ വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നത്. ഇത് സര്‍ക്കാര്‍ ജാമ്യം നിന്നിട്ടുള്ള മറ്റ് പല വായ്പകളയും ബാധിക്കും.

സഹകരണ ബാങ്കുകളുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത് വിശ്വാസ്യതയുടെ പ്രശ്‌നമാണ്. വിശ്വാസ്യത നഷ്ടപ്പെട്ടാല്‍ നിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കുന്ന സാഹചര്യമുണ്ടാകും. ഒരു ചെയിന്‍ റിയാക്ഷന്‍ പോലെയായിരിക്കുമത്. എത്ര മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിനും ഇത്തരമൊരു സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാനാകില്ല. അതിനാല്‍ അത്യാവശ്യമായി പണം ആവശ്യമുള്ളവര്‍ക്ക് പിന്‍വലിക്കാന്‍ അവസരം നല്‍കുകയും അല്ലാത്തവര്‍ക്ക് നിക്ഷേപം സുരക്ഷിതമായിരിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കി സഹകരണ ബാങ്കുകളിലെ നിക്ഷേപകരെ ശക്തിപ്പെടുത്തണമെന്നും ജോസ് സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടുന്നു.

സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കിയിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ തലപൊക്കിതുടങ്ങുന്നത്. പല സര്‍വീസ് സഹകരണ സംഘങ്ങള്‍ക്കെതിരെയും പണം തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നു തുടങ്ങുന്നുണ്ട്.

Related Articles

Next Story

Videos

Share it