
കുടുംബശ്രീയുടെ കീഴിലെ കര്‍ഷക സംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന പഴം, പച്ചക്കറികള്‍ ഇനിമുതല്‍ ബ്ലോക്ക് തലങ്ങളില്‍ ആരംഭിക്കുന്ന 'നേച്ചേഴ്‌സ് ഫ്രഷ്' എന്ന പുതുപുത്തന്‍ കാര്‍ഷിക ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റഴിക്കും.
നേച്ചേഴ്‌സ് ഫ്രഷ് ഔട്ട്‌ലെറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം വര്‍ക്കലയില്‍ മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. എല്ലാ പഞ്ചായത്തുകളിലേക്കും നേച്ചേഴ്‌സ് ഫ്രഷ് വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ എല്ലാ ബ്ലോക്കുകളിലുമായി 100 നേച്ചേഴ്‌സ് ഫ്രഷ് ഔട്ട്‌ലെറ്റുകളാണ് തുറക്കുക. തുടര്‍ന്നാകും പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുക.
ഇനി ഔട്ട്‌ലെറ്റുകളിലൂടെ
നിലവില്‍ നാട്ടുചന്തകള്‍, വിപണനമേളകള്‍ എന്നിവ വഴിയായിരുന്നു കുടുംബശ്രീയുടെ വിഷരഹിത പഴം, പച്ചക്കറികള്‍ വിറ്റിരുന്നത്. നേച്ചേഴ്‌സ് ഫ്രഷ് ആരംഭിക്കുന്നതോടെ, വില്‍പന ഈ ഔട്ട്‌ലെറ്റുകള്‍ വഴിയായിരിക്കും.
സംസ്ഥാനത്ത് കുടുംബശ്രീയുടെ 81,304 കര്‍ഷക സംഘങ്ങളിലായി (JLG) 3.78 ലക്ഷം സ്ത്രീകള്‍ ചേര്‍ന്ന് 12,819 ഹെക്ടറില്‍ കൃഷി നടത്തുന്നുണ്ട്. ഇവരുടെ കാര്‍ഷികോത്പന്നങ്ങളും സംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന മറ്റുത്പന്നങ്ങളും ഈ ഔട്ട്‌ലെറ്റ് വഴി വില്‍ക്കാനാകും. ഇത് മികച്ച വിപണന സാധ്യത ലഭ്യമാക്കുമെന്നാണ് പ്രതീക്ഷകള്‍.
Read DhanamOnline in English
Subscribe to Dhanam Magazine