മീല്‍സ് റെഡി! ഓഫീസുകളിലെത്തും ഇനി കുടുംബശ്രീയുടെ ഉച്ചയൂണ്

ഉച്ചഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന ഓഫീസ് ജോലിക്കാരെ ഉന്നമിട്ട് കുടുംബശ്രീയുടെ ഉച്ചയൂണ് വരുന്നു. കുടുംബശ്രീ ലഞ്ച്-ബെല്‍ ഭക്ഷ്യ വിതരണ പദ്ധതി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.

തുടക്കത്തില്‍ സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ് ഭവന്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നത്. കുടുംബശ്രീയുടെ പോക്കറ്റ്മാര്‍ട്ട് മൊബൈല്‍ ആപ്പ് വഴി രാവിലെ 7 മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കും. ചോറ്, സാമ്പാര്‍, അച്ചാര്‍, കൂട്ടുകറി, പുളിശ്ശേരി എന്നിവ ഉള്‍പ്പെടുന്ന ബജറ്റ് ലഞ്ച് 60 രൂപയ്ക്കും നോണ്‍ വെജ് വിഭവങ്ങള്‍ കൂടി ഉള്‍പ്പെട്ട പ്രീമിയം ലഞ്ച് 99 രൂപയ്ക്കും ലഭിക്കും.
ഉപഭോക്താവിന്റെ ഓഫീസ് പ്രവൃത്തി ദിവസങ്ങള്‍ അനുസരിച്ച് ഒരു മാസത്തെ ഉച്ചഭക്ഷണം മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.
ശ്രീകാര്യത്താണ് ഭക്ഷണം തയ്യാറാക്കുന്നത്. ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ ഒഴിവാക്കി സ്റ്റീല്‍ പാത്രങ്ങളിലാണ് ഊണ് വിതരണം ചെയ്യുക. ഉച്ചയ്ക്ക് രണ്ടിന് ശേഷംശേഷം പാത്രങ്ങള്‍ തിരികെ എടുക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തും. ഈ പാത്രങ്ങള്‍ മൂന്നുഘട്ടമായി ഹൈജീന്‍ വാഷ് ചെയ്തതിനു ശേഷമായിരിക്കും പിന്നീട് ഉപയോഗിക്കുക. സ്ഥിരമായി ഭക്ഷണം വാങ്ങുന്ന ആള്‍ക്ക് ഒരേ ലഞ്ച് ബോക്‌സ് തന്നെ നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കും.
പ്രവര്‍ത്തന സ്ഥിരത കൈവരിക്കുന്ന മുറയ്ക്ക് ഊണിനൊപ്പം ചിക്കന്‍, ബീഫ്, ഓംലെറ്റ് എന്നിവ വിതരണം ചെയ്യാന്‍ ലക്ഷ്യമിടുന്നു. കൂടാതെ ഉച്ചഭക്ഷണത്തിനായി കഷണങ്ങളാക്കിയ പഴങ്ങള്‍ വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. പാചകം, പാക്കിംഗ്‌, വിതരണം എന്നിവ നടത്തുന്നവര്‍ക്ക് വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളതെങ്കിലും ക്രമേണ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it