80% വരെ ഡിസ്കൗണ്ടിൽ ഭക്ഷണം: കോഴിക്കോട് യുവാവിന്റെ വേറിട്ട ‘കയ്ക്കാ’ സ്റ്റാർട്ടപ്പ്

റെസ്റ്റോറന്റുകൾ, കഫേകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവ തങ്ങളുടെ പക്കലുള്ള ബാക്കി വരുന്നതും എന്നാൽ കഴിക്കാൻ അനുയോജ്യവുമായ ഭക്ഷണം 'മാജിക് പാക്കുകളായി' കയ്ക്കാ ആപ്പില്‍ ലിസ്റ്റ് ചെയ്യും
Kyka food app
Image courtesy: Canva
Published on

ഹോട്ടലുകള്‍, ബേക്കറികള്‍, പാന്‍ട്രി ഷോപ്പുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ് അധികം വരുന്ന ഭക്ഷണങ്ങള്‍ എന്തുചെയ്യും എന്നുളളത്. ഭക്ഷണാവശിഷ്ടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വേറിട്ടൊരു സ്റ്റാര്‍ട്ടപ്പാണ് 'കയ്ക്കാ' (Kyka). 25 കാരനായ കോഴിക്കോട് സ്വദേശി മുഹമ്മദ് നിഹാലാണ് ഈ സംരംഭത്തിന് പിറകില്‍. 'ഭക്ഷണം കയ്ക്കാ' (കഴിക്കുക) എന്ന മലബാറി പ്രയോഗത്തിൽ നിന്നാണ് ഈ പേര് രൂപപ്പെട്ടത്.

ആദ്യഘട്ടത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ചാണ് സംരംഭം പ്രവര്‍ത്തിക്കുക, നഗരത്തിലെ 40 മുതൽ 60 വരെ റെസ്റ്റോറന്റുകളുമായും കഫേകളുമായും കയ്ക്കാ നിലവില്‍ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. മൂന്ന് മാസത്തെ പൈലറ്റ് റണ്ണിന് ശേഷം കേരളത്തിലുടനീളം ഈ സേവനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോക്താക്കള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

ആശയത്തിന് പിന്നിൽ

ഇറ്റലിയിൽ എംബിഎ പഠിക്കുന്ന കാലത്താണ് ഈ ആശയം മുഹമ്മദ് നിഹാലിന്റെ ശ്രദ്ധയിൽപ്പെടുന്നത്. അവിടെയുള്ള റെസ്റ്റോറന്റുകളും കഫേകളും ദിവസാവസാനം വിൽക്കാതെ ബാക്കിവരുന്ന ഗുണമേന്മയുള്ള ഭക്ഷണം കുറഞ്ഞ വിലയ്ക്ക് നൽകുകയാണ് ചെയ്യുന്നത്. കോഴിക്കോട് നടത്തിയ പഠനത്തിൽ ഏകദേശം 28 ശതമാനത്തോളം നല്ല ഭക്ഷണം ദിവസവും പാഴായിപ്പോകുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഈ പ്രശ്നത്തിന് പരിഹാരമായി കയ്ക്കാ എന്ന മൊബൈൽ ആപ്പ് വികസിപ്പിച്ചതെന്ന് മുഹമ്മദ് നിഹാല്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു. ഇതിനായി ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന തന്റെ പിതാവിൽ നിന്നുള്ള വിവരങ്ങളും നിഹാലിന് സഹായകരമായി.

പ്രവർത്തനരീതിയും 'മാജിക് പാക്കുകളും'

കയ്ക്കാ ആപ്പിലൂടെ റെസ്റ്റോറന്റുകൾ, കഫേകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവ തങ്ങളുടെ പക്കലുള്ള ബാക്കി വരുന്നതും എന്നാൽ കഴിക്കാൻ അനുയോജ്യവുമായ ഭക്ഷണം 'മാജിക് പാക്കുകൾ' (Magic Packs) ആയി ലിസ്റ്റ് ചെയ്യുന്നു. ഈ പാക്കുകൾക്ക് യഥാർത്ഥ വിലയുടെ 60 മുതൽ 80 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. ഉദാഹരണത്തിന് 100 രൂപയുടെ ഭക്ഷണം വെറും 20 അല്ലെങ്കിൽ 40 രൂപയ്ക്ക് ഉപഭോക്താവിന് ലഭിക്കും.

ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് ഒരു 'സർപ്രൈസ് ബോക്സ്' ആണ് എന്നതാണ്. ആപ്പിൽ ഭക്ഷണത്തിന്റെ കാറ്റഗറിയും (ഉദാഹരണത്തിന് കേക്ക് അല്ലെങ്കിൽ റൈസ് ഐറ്റംസ്) പിക്കപ്പ് സമയവും മാത്രമേ ഉപയോക്താവിന് കാണാൻ കഴിയൂ. അതിനുള്ളിൽ കൃത്യമായി ഏത് വിഭവമാണെന്ന് മുൻകൂട്ടി അറിയില്ലെങ്കിലും, ബോക്സിനുളളിലെ ഭക്ഷണ സാധനത്തിന്റെ മൂല്യം നല്‍കുന്ന വിലക്ക് അനുയോജ്യമായിരിക്കും. വിദ്യാര്‍ത്ഥികള്‍ അടക്കമുളള കൗമാരക്കാരെ കൂടുതലായി ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നതിലാണ് സേവനത്തില്‍ സര്‍പ്രൈസ് ഘടകം നല്‍കുന്നത്.

തുടര്‍ പഠനത്തിനായി വീട് വിട്ട് താമസിക്കുന്ന വിദ്യാർത്ഥികൾ, രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികൾ, യാത്രക്കാർ തുടങ്ങിയവര്‍ ആദ്യ ഘട്ടത്തില്‍ ഈ സേവനം കൂടുതലായി പ്രയോജനപ്പെടുത്തുമെന്ന് കരുതുന്നു. രാത്രി വൈകിയും താങ്ങാനാവുന്ന വിലയ്ക്ക് ഭക്ഷണം കണ്ടെത്താൻ പലപ്പോഴും പാടുപെടുന്ന വിഭാഗമാണ് ഇത്. റെസ്റ്റോറന്റുകൾ ക്ലോസ് ചെയ്യുന്നതിന് ഒരു മണിക്കൂർ മുൻപാണ് സാധാരണയായി ഈ ഭക്ഷണം കളക്ട് ചെയ്യാനുള്ള സമയം നൽകുന്നത്. പിക്കപ്പ് രീതിയിൽ മാത്രം പ്രവർത്തിക്കുന്നതിനാൽ ഡെലിവറി ചാർജുകളോ അധിക ജീവനക്കാരോ ഇതിന് ആവശ്യമില്ല.

24 മണിക്കൂറും ആപ്പ് ലഭ്യമായിരിക്കും. എന്നാല്‍ ഭക്ഷണം ഡിസ്കൗണ്ടില്‍ ലഭിക്കുന്ന സമയം റെസ്റ്റോറന്റുകള്‍ക്ക് നിശ്ചയിക്കാമെന്നും നിഹാല്‍ പറഞ്ഞു. പ്രഭാത ഭക്ഷണങ്ങള്‍ ഉച്ചക്ക് 12 മുതല്‍ ഒരു മണി വരെയും ഉച്ചഭക്ഷണം ഉച്ചക്ക് 3 മുതല്‍ 4 വരെയും രാത്രി ഭക്ഷണം 8 മുതല്‍ 12 വരെയും ലഭ്യമാകുന്ന തരത്തില്‍ ആപ്പില്‍ ഹോട്ടലുകള്‍ക്ക് സമയക്രമം നിശ്ചയിക്കാന്‍ സാധിക്കും.

ട്രിപ്പിൾ ഇംപാക്ട് മോഡൽ

ഈ സ്റ്റാർട്ടപ്പ് ഒരു 'ട്രിപ്പിൾ ഇംപാക്ട് മോഡൽ' (Triple Impact Model) വഴിയാണ് പ്രവർത്തിക്കുന്നത്.

പാർട്ണേഴ്സിന് (റെസ്റ്റോറന്റുകൾ): ചേരുന്നതിനുളള ഫീസോ പ്രതിമാസ സബ്‌സ്‌ക്രിപ്ഷനോ ഇല്ലാതെ തന്നെ ഈ പ്ലാറ്റ്‌ഫോമിൽ ചേരാം. ഇത് വഴി ഭക്ഷണം പാഴാകുന്നത് ഒഴിവാക്കാം, ഒപ്പം പ്രൊഡക്ഷൻ കോസ്റ്റ് തിരിച്ചുപിടിക്കാനും പുതിയ ഉപഭോക്താക്കളെ ലഭിക്കാനും സാധിക്കുന്നു. ഇതില്‍ 40 ശതമാനം ഉപഭോക്താക്കളും പിന്നീട് ഫുൾ പേയിംഗ് കസ്റ്റമേഴ്സായി തിരിച്ചെത്തുന്നു എന്നത് ബ്രാൻഡ് ഇമേജ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ഉപഭോക്താക്കൾക്ക്: വിദ്യാർത്ഥികൾ, രാത്രി ജോലി ചെയ്യുന്നവർ തുടങ്ങിയവർക്ക് കുറഞ്ഞ ചെലവിൽ മികച്ച ഭക്ഷണം ലഭിക്കുന്നു.

പരിസ്ഥിതിക്ക്: ഭക്ഷണം കുഴിച്ചുമൂടുന്നത് മൂലമുണ്ടാകുന്ന മീഥെയ്ൻ, കാർബൺ ഡയോക്സൈഡ് തുടങ്ങിയ വാതകങ്ങളുടെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

പണം വാങ്ങാൻ താല്പര്യമില്ലാത്ത റെസ്റ്റോറന്റുകളെ എന്‍.ജി.ഒകളുമായി (NGO) ബന്ധിപ്പിച്ച് ഭക്ഷണം ദാനം ചെയ്യാനുള്ള സൗകര്യവും ഭാവിയിൽ ആപ്പിൽ ഉൾപ്പെടുത്തും. മാലിന്യമായി സാധാരണയായി കളയുന്ന ഭക്ഷണ സാധനങ്ങള്‍ മറ്റുളളവര്‍ക്ക് കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്ന ഈ സംരംഭം ഒരു സാമൂഹിക ഉത്തരവാദിത്തം കൂടിയാണ് നിര്‍വഹിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com