Begin typing your search above and press return to search.
ബേപ്പൂരിനെ തഴഞ്ഞ് ലക്ഷദ്വീപ് ഭരണകൂടം; മംഗളൂരുവിലേക്ക് കൂടുതല്‍ കപ്പല്‍ സര്‍വീസ്
കേരളത്തെ തഴഞ്ഞ് മംഗളൂരുവിലേക്ക് യാത്രാക്കപ്പല്‍ സര്‍വീസ് ആരംഭിച്ച് ലക്ഷദ്വീപ് ഭരണകൂടം. ബേപ്പൂര്‍ തുറമുഖത്ത് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലൈന്ന് ചൂണ്ടിക്കാട്ടിയാണ് ഇവിടെ നിന്നുള്ള കപ്പല്‍ സര്‍വീസ് പുനരാരംഭിക്കേണ്ടെന്ന് ലക്ഷദ്വീപ് സര്‍ക്കാര്‍ തീരുമാനിച്ചത്.
എന്നാൽ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സ്ഥാപിത താത്പര്യങ്ങളുടെ ഭാഗമായാണ് ബേപ്പൂര്‍ തുറമുഖത്തോട് കാണിക്കുന്ന അവഗണനയെന്ന് വ്യാപാരി അസോസിയേഷനുകള്‍ ആരോപിക്കുന്നു. ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങളില്‍ നിന്ന് ചരക്ക് ഗതാഗതം മംഗളൂരു തുറമുഖത്തേക്ക് തിരിച്ചുവിടാനും ലക്ഷദ്വീപ് സര്‍ക്കാര്‍ നേരത്തെ ശ്രമം നടത്തിയിരുന്നു. കേരളത്തില്‍ നിന്ന് കടുത്ത എതിര്‍പ്പിന് ഇടയാക്കിയ തീരുമാനമായിരുന്നു ഇത്.
പുനരാരംഭിക്കണമെന്ന് ആവശ്യം ശക്തം
ഏറെ വര്‍ഷങ്ങളായി ആഴ്ചയില്‍ രണ്ടെന്നവിധമുണ്ടായിരുന്ന കപ്പല്‍ സര്‍വീസാണ് 4 വര്‍ഷം മുമ്പ് നിറുത്തിയത്. ലക്ഷദ്വീപുകാര്‍ക്കും കോഴിക്കോടിന്റെ വ്യാപാര മേഖലയ്ക്കും ഇത് നല്‍കിയത് വലിയ നഷ്ടമാണ്. മലബാറുമായി അടുത്തുകിടക്കുന്നതുകൊണ്ട് തന്നെ ദ്വീപ് നിവാസികള്‍ക്ക് ബേപ്പൂരിനോടാണ് അടുപ്പം കൂടുതല്‍. മാത്രമല്ല മലപ്പുറത്തിന്റെയും കോഴിക്കോടിന്റെയും സംസ്‌കാരവുമായി ഇഴചേര്‍ന്ന് നില്‍ക്കുകയാണ് ദ്വീപ് നിവാസികളെന്നും വ്യാപാരികള്‍ പറയുന്നു.
ഹൈ സ്പീഡ് കപ്പലുകളായ വലിയപാനി, ചെറിയപാനി, പരളി എന്നിവയാണ് യാത്രാ സര്‍വീസിനായി ഉപയോഗിച്ചിരുന്നത്. ഇവ അടുത്തിടെയാണ് അറ്റകുറ്റപ്പണി നടത്തി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലക്ഷദ്വീപിന് കൈമാറിയത്. എന്നാല്‍ ലക്ഷദ്വീപ് ഭരണകൂടം സര്‍വീസ് ആരംഭിക്കാന്‍ അനുമതി നല്‍കിയില്ല.
സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യവുമായി ലക്ഷദ്വീപ് ഭരണകൂടത്തിന് നിവേദനം നല്‍കിയെങ്കിലും തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ആവശ്യം നിഷേധിക്കുകയായിരുന്നുവെന്ന് അസോസിയേഷനുകള്‍ പറയുന്നു.
നിലവില്‍ ലക്ഷദ്വീപ് ഉപയോഗിക്കുന്ന എം.വി അറേബ്യന്‍ സീ, എം.വി ലക്ഷദ്വീപ് സീ എന്നിവ തീരത്തേക്ക് അടുപ്പിക്കണമെങ്കിൽ കുറഞ്ഞത് 3.5 മീറ്റർ ആഴം വേണം. എന്നാൽ ബേപ്പൂര്‍ തുറമുഖത്തിന്റെ ആഴം 3.4 മീറ്റർ മാത്രമാണ്. അതിനാല്‍ കപ്പല്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് ലക്ഷദ്വീപ് പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കോഴിക്കോട് ചേംബര്‍ ഓഫ് കൊമേഴ്‌സിന് അയച്ച കത്തില്‍ പറയുന്നു.
അതേസമയം, പുതിയ വാര്‍ഫിന് 3.5 മീറ്റര്‍ ആഴമുണ്ടെന്ന് കാണിച്ച് ബേപൂര്‍ പോര്‍ട്ട് അധികൃതര്‍ ലക്ഷദ്വീപ് അധികാരികള്‍ക്ക് ഇ-മെയില്‍ അയച്ചെങ്കിലും തിരിച്ച് പ്രതികരണം ഉണ്ടായിട്ടില്ല.
ചികിത്സ, വിദ്യാഭ്യാസം, വ്യാപാരം തുടങ്ങിയ പല കാര്യങ്ങള്‍ക്കും ലക്ഷദ്വീപ് നിവാസികള്‍ കൂടുതലായി ആശ്രയിക്കുന്നത് കേരളത്തെയാണ്. പ്രത്യേകിച്ചും കോഴിക്കോടിനെയാണ്. ബേപ്പൂര്‍ സര്‍വീസ് നിറുത്തിയതു മുതല്‍ പലതിനും കൊച്ചിയിലേക്കും മംഗളൂരൂവിലേക്കും പോകാന്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്നും ലക്ഷദ്വീപ് നിവാസികള്‍ പറയുന്നു.
മംഗളൂരുവിലേക്ക് അതിവേഗ കപ്പല്‍
കഴിഞ്ഞ വ്യാഴ്ചയാണ് ലക്ഷദ്വീപിലെ കടമത്ത്, കില്‍ത്തന്‍ ദ്വീപുകളെ മംഗളൂരുവുമായി ബന്ധിപ്പിച്ചുകൊണ്ട് അതിവേഗ കപ്പൽ സര്‍വീസ് ആരംഭിച്ചത്. ഏഴ് മണിക്കൂറില്‍ താഴെ സമയം കൊണ്ട് ലക്ഷദ്വീപിലെത്താം. പൈലറ്റും ചീഫ് എന്‍ജിനീയറും ഉള്‍പ്പെടെ എട്ട് ജീവനക്കാരാണ് കപ്പലില്‍ ഉണ്ടാവുക. ഒറ്റയാത്രയ്ക്ക് 650 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യയോട് ഉടക്കി നില്‍ക്കുന്ന മാലദ്വീപിന് ബദലായി ലക്ഷദ്വീപിനെ ഉയര്‍ത്തികൊണ്ടുവരാന്‍ സര്‍ക്കാര്‍ ക്യംപെയിനുകളും മറ്റും നടത്തിയത് ആഗോളതലത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
Next Story
Videos