ഭൂമി തരംമാറ്റത്തിനായി കാത്തിരിക്കുന്നത് 2.26 ലക്ഷം അപേക്ഷകള്‍, എറണാകുളം മുന്നില്‍

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരമുള്ള ഭൂമിയുടെ തരംമാറ്റലിന് സംസ്ഥാനത്തെ താലൂക്ക് ഓഫീസുകളില്‍ നല്‍കിയ 2.26 ലക്ഷം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു. ഭൂമിയുടെ തരം മാറ്റലിന് സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കുന്നുവെന്ന് പറയുമ്പോഴും 14 ജില്ലകളിലായി 2,26,037 അപേക്ഷകളാണ് തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത്. ഇതില്‍ ലൈഫ് മിഷന്‍ വീട് നിര്‍മ്മാണത്തിന് അനുമതി കാക്കുന്നവരുമുണ്ട്.

താലൂക്കുകളില്‍ ലഭിക്കുന്ന അപേക്ഷകളില്‍ സബ്ഡിവിഷന്‍ പരിശോധന ആവശ്യമില്ലാത്ത കേസുകള്‍ 48 മണിക്കൂറിനകം റവന്യൂ രേഖകളില്‍ തരം മാറ്റല്‍ വരുത്തി നല്‍കാമെന്നാണ് നിര്‍ദേശം. എന്നാല്‍ അപേക്ഷകളില്‍ സബ്ഡിവിഷന്‍ ആവശ്യമുള്ള കേസുകളെന്ന് പറഞ്ഞ് അപേക്ഷകള്‍ മാറ്റി നിര്‍ത്തപ്പെടുകയാണെന്നാണ് അപേക്ഷകര്‍ പറയുന്നത്. കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ സര്‍വ്വേ നടത്തേണ്ടതിനാലാണ് കാല താമസമെന്ന് വകുപ്പ് ഉദ്യോഗസ്ഥ
ര്‍ പറയുന്നു.

എറണാകുളത്ത് 46,409 അപേക്ഷകള്‍

എറണാകുളം ജില്ലയിലാണ് കൂടുതല്‍ അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ളത്. കുറവ് ഇടുക്കി ജില്ലയിലും. എറണാകുളത്ത് 46,409 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. തൃശൂര്‍- 27,360, ആലപ്പുഴ -26,143, കോഴിക്കോട്- 25,363, മലപ്പുറം- 20,700, കൊല്ലം- 17,421, പാലക്കാട് -16,524, തിരുവന്തപുരം -14,610 എന്നിങ്ങനെ അപേക്ഷകൾ കെട്ടിക്കിടക്കുന്നു. അപേക്ഷകള്‍ താരതമ്യേന കുറവുള്ളത് ആറ് ജില്ലകളിലാണ്. ഇടുക്കി- 2448, കാസർഗോഡ് - 3,862, പത്തനംതിട്ട - 3,994, വയനാട് - 4,680, കോട്ടയം- 6,837, കണ്ണൂര്‍- 9,686 എന്നിങ്ങനെ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ട്.
അതിനിടെ അനധികൃതമായി നെല്‍വയല്‍ നികത്തിയെതനെ തുടര്‍ന്ന് 7,064 പേര്‍ക്കെതിരേയാണ് വിവിധ ജില്ലകളിലായി നടപടി എടുത്തത്. കൂടുതലും മലപ്പുറം, ആലപ്പുഴ ജില്ലകളിലാണ്. ഇതില്‍ 124 കേസുകളില്‍ വയല്‍ പൂര്‍വ്വ സ്ഥിതിയിലാക്കി.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it