

സാധാരണക്കാര്‍ക്കും സ്വര്‍ണ വായ്പകള്‍ പ്രാപ്യമാക്കാന്‍ ഉതകുന്ന നീക്കവുമായി സംസ്ഥാനത്തെ സ്വര്‍ണാഭരണ വ്യാപാരികള്‍. ഹാള്‍മാര്‍ക്ക് മുദ്രയുള്ള 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ വായ്പകള്‍ക്ക് ഈടായി സ്വീകരിക്കുന്നതിന് ധനകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍ വേണമെന്ന് ഓള്‍ കേരള ഗോള്‍ഡ് & സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) ആവശ്യപ്പെട്ടു.
നിയമപരമായി ഹാള്‍മാര്‍ക്ക് ചെയ്തിട്ടുള്ളതും കുറഞ്ഞ പരിശുദ്ധിയുള്ളതുമായ ആഭരണങ്ങള്‍ക്ക് കൊളാറ്ററല്‍ മൂല്യം നിഷേധിക്കുന്ന നിലവിലെ രീതി വ്യാപാരത്തിനും പൊതുതാല്‍പ്പര്യത്തിനും ഹാനികരമാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കെ സുരേന്ദ്രന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.
നിയമപരമായി, ബി.ഐ.എസ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് ഈ ആഭരണങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ഹാള്‍മാര്‍ക്ക് ചെയ്യുകയും ചെയ്യുന്നത്. എന്നിട്ടും ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങള്‍ വായ്പകള്‍ക്ക് ഈടായി സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന ആശങ്കാജനകമായ ഒരു പ്രവണത ഈ മേഖലയില്‍ ദൃശ്യമാകുന്നുണ്ട്. കാലഹരണപ്പെട്ട ആഭ്യന്തര ബാങ്കിംഗ് നയങ്ങളോ നിയന്ത്രണ അധികാരികളില്‍ നിന്നുള്ള ഏകീകൃത മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അഭാവമോ ആണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ഇടത്തരം, താഴ്ന്ന വരുമാന വിഭാഗങ്ങളില്‍പ്പെട്ടവര്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകുന്ന കുറഞ്ഞ കാരറ്റുള്ള ആഭരണങ്ങള്‍ വാങ്ങുന്നത് വര്‍ദ്ധിച്ചുവരുന്നുണ്ട്. എന്നാല്‍ വായ്പകള്‍ക്ക് ഈടായി ഈ കാരറ്റുകളിലുള്ള ആഭരണങ്ങള്‍ സ്വീകരിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ വിസമ്മതിക്കുന്നത് ആഭരണ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.
എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും നിര്‍ബന്ധിത ഹാള്‍മാര്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ (HUID) പൂര്‍ണമായും നടപ്പിലാക്കിയ ആദ്യ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. 100 ശതമാനം പരിശുദ്ധി ഉറപ്പാക്കുന്നതിനൊപ്പം വില്‍പ്പനയുടെ തോതും വെളിപ്പെടുത്താന്‍ ഇത് സഹായിക്കുന്നു.
കാരറ്റേജ് (9K, 14K, 18K, അല്ലെങ്കില്‍ 22K) പരിഗണിക്കാതെ എല്ലാ ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളും മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വായ്പയ്ക്ക് ഈടായി പരിഗണിക്കാന്‍ യോഗ്യമാണെന്ന് ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും ഉചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.
ഇതിനായി ബാങ്കുകള്‍ അവരുടെ ആന്തരിക സ്വര്‍ണ വായ്പ നയ രേഖകള്‍ പപരിഷ്‌കരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഔപചാരിക നിര്‍ദ്ദേശം പുറപ്പെടുവിക്കണം. ബ്രാഞ്ച് തലത്തില്‍ വായ്പകള്‍ നിരസിക്കപ്പെടുന്നത് അവബോധത്തിന്റെ അഭാവമാണെന്നും ബിഐഎസുമായും വ്യവസായ സ്ഥാപനങ്ങളുമായും സഹകരിച്ച് ബാങ്ക് അപ്രൈസര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു പരിശീലന, അവബോധ പരിപാടി ആരംഭിക്കുന്നതിന് മന്ത്രാലയത്തിന്റെ പിന്തുണ വേണമെന്നും സംഘടന ആവശ്യപ്പെടുന്നു.
ആഗോളതലത്തില്‍ സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം കണക്കിലെടുത്ത്, നിയമപരമായി ഹാള്‍മാര്‍ക്ക് ചെയ്ത കുറഞ്ഞ കാരറ്റ് ആഭരണങ്ങളുടെ പ്രചാരം പ്രോത്സാഹിപ്പിക്കുന്നത് ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ സ്വര്‍ണം വാങ്ങാനും അതുവഴി കൂടുതല്‍ സാമ്പത്തിക ഉള്‍ചേര്‍ക്കലിനും സഹായകമാകുമെന്ന് നിവേദനത്തില്‍ പറയുന്നു.
നിലവില്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9,150 രൂപമുടക്കേണ്ടി വരുമ്പോള്‍ 18 കാരറ്റിന് 7,510 രൂപയും 14 കാരറ്റിന് 5,855 രൂപയും ഒമ്പത് കാരറ്റിന് 3,775 രൂപയുമാണ് വില.
അടങ്ങിയിരിക്കുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധിയ്ക്ക് അനുസരിച്ചാണ് കാരറ്റ് നിശ്ചിക്കുന്നത്. ഏറ്റവും പരിശുദ്ധിയുള്ള സ്വര്‍ണമാണ് 24 കാരറ്റ്. ഇവ ആഭരണങ്ങളായി ദീര്‍ഘകാലം ഉപയോഗിക്കാന്‍ അനുയോജ്യമല്ല. ശുദ്ധ സ്വര്‍ണത്തിന് കനം കുറവായിരുക്കും. 24 കാരറ്റ് കഴിഞ്ഞാല്‍ ഏറ്റവും പരിശുദ്ധിയുള്ളത് 22 കാരറ്റ് സ്വര്‍ണത്തിനാണ്. ജുവലറികളില്‍ കൂടുതല്‍ വില്‍പ്പന നടക്കുന്നത് 22 കാരറ്റ് സ്വര്‍ണമാണ്. ഇതില്‍ 91.7 ശതമാനം ശുദ്ധ സ്വര്‍ണമാണ് ഉപയോഗിക്കുന്നത്. ബാക്കി വെള്ളി, സിങ്ക്, നിക്കല്‍ എന്നിവയായിരിക്കും. ഇത് കൂടുതല്‍ കട്ടി നല്‍കുന്നതിനാല്‍ ആഭരണത്തിന് കൂടുതലായി ഉപയോഗിക്കുന്നു. എന്നാല്‍ ഡയമണ്ടുകളും കല്ലുകളും പതിപ്പിക്കുന്നതിന് ഇതില്‍ പരിമിതിയുണ്ട്. അതുകൊണ്ട് 18 കാരറ്റാണ് ഇതിനു ഉപയോഗിക്കുന്നത്. 75 ശതമാനം ശുദ്ധ സ്വര്‍ണമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.
സ്വര്‍ണത്തിന്റെ അളവ് 58.3 ശതമാനം മാത്രമുള്ളതാണ് 14 കാരറ്റ്. ദീര്‍ഘകാലം ഈടു നില്‍ക്കുന്നതുകൊണ്ട് ആഭരണമായി പരിഗണിക്കാവുന്നതാണ്.
ഏറ്റവും കുറഞ്ഞ പരിശുദ്ധി ഉള്ളതാണ് 9 കാരറ്റ്. ഇതില്‍ 37.5 ശതമാനമേ സ്വര്‍ണമുണ്ടാകൂ. ബാക്കി ചെമ്പ്, വെള്ളി ഉള്‍പ്പെടെയുള്ള മറ്റ് ലോഹങ്ങളായിരിക്കും.
പരിശുദ്ധിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും ഇവയിലെല്ലാം സ്വര്‍ണം തന്നെയാണ് ഉള്ളത്. അതിനു തുല്യമായി വിലയും ഇതിന് നല്‍കേണ്ടതുണ്ട്. അതുകൊണ്ട് പണയം വച്ചാലും വിറ്റാലും അടങ്ങിയിട്ടുള്ള സ്വര്‍ണത്തിന് ആനുപാതികമായ മൂല്യം ഇവയ്ക്കുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine