

മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള എഡ്യുടെക് കമ്പനിയായ ബൈജൂസിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് ഇനി ഫുട്‌ബോള്‍ താരം ലയണല്‍ മെസി ഉണ്ടാവില്ല. മെസിയുമായുള്ള മൂന്ന് വര്‍ഷത്തെ കരാര്‍ ബൈജൂസ് അവസാനിപ്പിയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
2022 നവംബറിലാണ് 'എല്ലാവര്‍ക്കും വിദ്യാഭ്യാസം' എന്ന കാമ്പെയിനിനായി മെസിയുമായി മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പു വച്ചത്. പ്രതിവര്‍ഷം 50-70 ലക്ഷം ഡോളറിനായിരുന്നു (ഏകദേശം 4,000-5,000 കോടി രൂപ) കരാര്‍. ബൈജൂസിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി മെസി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിപ്പുമിട്ടിരുന്നു.
നിലവില്‍ ഒരു വര്‍ഷത്തെ പണം മെസിക്ക് നല്‍കിയിട്ടുണ്ട്. ഇനിയുള്ള കരാര്‍ തുടരുമോ അതോ ഇടയ്ക്ക് വച്ച് അവസാനിപ്പിക്കുമോ എന്നതിനെ കുറിച്ച് കമ്പനി തീരുമാനമെടുത്തേക്കാം. സിനിമാ താരം ഷാരൂഖ് ഖാനുമായുള്ള കരാറും കഴിഞ്ഞ വര്‍ഷം കമ്പനി വേണ്ടെന്ന് വച്ചിരുന്നു. ഷാരൂഖ് ഖാന് കരാര്‍ മുമ്പോട്ടു കൊണ്ടുപോകാന്‍ താത്പര്യമില്ലാത്തതിനാല്‍ സംയുക്തമായി കരാര്‍ അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.
വിടാതെ പ്രതിസന്ധികള്‍
മെസി ബ്രാന്‍ഡ് അംബാസിഡറായി ഒരു മാസം പിന്നിടും മുമ്പെ ബൈജൂസില്‍ നിന്ന് 25,000 ഓളം ജീവനക്കാരെ പിരിച്ചുവിട്ടത് വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. നിലവില്‍ കഠിനമായ സാമ്പത്തിക പ്രതിസന്ധിയാണ് ബൈജൂസ് നേരിടുന്നത്. വായ്പാദാതാക്കള്‍ക്ക് പണം മുടങ്ങിയതും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകാത്തതും മുതല്‍ കണക്കുകളിലെ വീഴ്ചകള്‍ക്ക് വരെ പഴികേട്ടുകൊണ്ടിരിക്കുകയാണ് ബൈജൂസിന്റെ മാനേജ്‌മെന്റ്.
കമ്പനിയുടെ ബോര്‍ഡില്‍ നിന്ന് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ മാറി നില്‍ക്കണമെന്ന ആവശ്യവുമായി ഒരു കൂട്ടം നിക്ഷേപകര്‍ രംഗത്ത് എത്തിയിട്ടുമുണ്ട്. എന്നാല്‍ കമ്പനിയെ അട്ടിമറിക്കാന്‍ ശ്രമം നടത്തുന്ന ചില സ്ഥാപിത താത്പര്യക്കാര്‍ക്കെതിരെ പോരാട്ടം നടത്തി വരികയാണ് കമ്പനിയെന്ന് ബൈജു രവീന്ദ്രന്‍ അടുത്തിടെ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine